കൊച്ചിയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചു; മൂന്നു സ്ത്രീകള്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഡ്രൈവറുടെ പരാതിയില്‍ സ്ത്രീകളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ ഷഫീക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മര്‍ദനം മദ്യലഹരിയിലെന്ന് പരാതി

ഉച്ചയ്ക്ക് 12 മണിയോടെ വൈറ്റില ജംഗ്ഷനില്‍ വെച്ചാണ് സംഭവം. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തു. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്.

മറ്റൊരു യാത്രക്കാരനുമായി ടാക്‌സി വൈറ്റില ജംഗ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകള്‍ ഡ്രൈവര്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അത് കഴിയില്ലെന്ന് ഡ്രൈവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമായി. പിന്നീട് കരിങ്കല്‍ കഷ്ണമുപയോഗിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഡ്രൈവര്‍ ഷഫീക്ക് പറഞ്ഞു.

സ്ത്രീകള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കുമ്പളം സ്വദേശിയായ ഷഫീക്കിന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് 3 പേരെയും കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News