അര്‍ണബിനെ പൊളിച്ചടക്കി മാധ്യമ ലോകം; മുക്കിയ നുണ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍

സംഘപരിവാര്‍ അജണ്ടയ്ക്കായി സ്റ്റുഡിയോ ഫ്‌ലോര്‍ ഉപയോഗിക്കുന്ന വിവാദ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് മാധ്യമപ്രവര്‍ത്തകരുടെയും സമൂഹ മാധ്യമങ്ങളുടെയും കൂട്ട പൊങ്കാല. 2002ല്‍ എന്‍ഡി ടിവിയില്‍ ജോലി ചെയ്യുമ്പോള്‍ ജീവന്‍ പണയപ്പെടുത്തി ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തുവെന്ന അര്‍ണബിന്റെ അവകാശവാദങ്ങളാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

ഈസ് അര്‍ണാബ് ഗോ സ്വാമി എ ബിഗ് ലയര്‍

ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീടിനടുത്തുവെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു അര്‍ണബിന്റെ അവകാശവാദം. രണ്ട് കൊല്ലം മുമ്പ് അസമില്‍ ചെയ്ത ഒരു പ്രസംഗത്തിലാണ് അര്‍ണബ് ഈ തള്ളല്‍ നടത്തിയത്.

ഹിന്ദു തീവ്രവാദി സംഘം കാര്‍ തകര്‍ത്തുവെന്നും മാധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും ജാതി പറയാന്‍ നിര്‍ബന്ധിതരായെന്നും അര്‍ണബ് പ്രസംഗത്തില്‍ തട്ടിവിട്ടു. തങ്ങളുടെ കൂട്ടത്തില്‍ ന്യൂനപക്ഷക്കാര്‍ ഇല്ലാതിരുന്നത് രക്ഷയായെന്നും അര്‍ണബ് പറഞ്ഞുവെച്ചു.

കലാപ സ്ഥലം കണ്ടിട്ടില്ലാത്ത അര്‍ണബിന്റെ അവകാശവാദങ്ങള്‍ കേള്‍ക്കൂ

ഗോസ്വാമിയെ ‘ഫെകു’ എന്ന് വിളിച്ച് ആ വീഡിയോ ഷെയര്‍ ചെയ്ത് അന്ന് സഹപ്രവര്‍ത്തകനായിരുന്ന രജ്ദീപ് സര്‍ദേശായി പറയുന്നു അര്‍ണാബ് അഹമ്മദാബാദിലെ കലാപം റിപ്പോര്‍ട്ട് ചെയ്തിട്ടെയില്ലെന്ന്. അര്‍ണബ് പറഞ്ഞ ആക്രമണ കഥ സത്യമാണ്.

പക്ഷേ അത് സംഭവിച്ചത് അര്‍ണബിനല്ല, തനിക്കും സംഘത്തിനുമായിരുന്നുവെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു. 2014ല്‍ താനെഴുതിയ പുസ്തകത്തില്‍ ഈ അനുഭവം വിവരിച്ചിട്ടുണ്ടെന്നും സര്‍ദേശായി പറയുന്നു.

കള്ളി വെളിച്ചതായതോടെ അര്‍ണബ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കില്ലേയെന്നും രാജ്ദീപ് ചോദിക്കുന്നു. അര്‍ണബിന്റെ തള്ളലോര്‍ത്ത് തനിക്ക് മാധ്യമപ്രവര്‍ത്തനത്തിനോട് തന്നെ സഹതാപം തോന്നുന്നുവെന്നും രാജ്ദീപ് കുറിച്ചു.

വിവാദങ്ങളെ തുടര്‍ന്ന് യുട്യൂബില്‍ നിന്ന് അര്‍ണബ് തന്റെ പ്രസംഗം നീക്കം ചെയ്തു. പക്ഷേ ടൈംസ് നൗ എഡിറ്റര്‍ ഇനിയും കാണാത്തവര്‍ക്കായി എന്ന പേരില്‍ അര്‍ണബിന്റെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു. രാജ്ദീപിന്റെ വാദത്തെ പിന്താങ്ങി നിരവധി മുതിര്‍ന്ന ചാനല്‍ പ്രവര്‍ത്തകരും അന്നത്തെ ക്യാമറാമാന്‍മാരും രംഗത്തു വന്നത് വിവാദം കൊഴുപ്പിച്ചിട്ടുണ്ട്.

അന്ന് ഗുജറാത്തില്‍ ഒപ്പമുണ്ടായിരുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തും കൂടുതല്‍ വിവരങ്ങള്‍ പങ്കു വച്ചും രംഗത്തെത്തിയിട്ടുള്ളത്.

ഇതോടൊപ്പം ട്വിറ്ററില്‍ #ArnabDidIt എന്ന ഹാഷ്ടാഗും നിലവില്‍ വന്നു. അര്‍ണബ് സ്വാതന്ത്ര്യസമര സേനാനിയാണെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സമയത്ത് അവിടെയെത്തിയ അര്‍ണബ് 35,647 പേരെ രക്ഷപ്പെടുത്തിയെന്നും ഈ ഹാഷ്ടാഗിലെ പോസ്റ്റുകളില്‍ പറഞ്ഞുവെയ്ക്കുന്നു.

പാക്അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞ അല്‍ ഖ്വയ്ദ മേധാവി ഒസാമ ബിന്‍ ലാദനെ ഒളിത്താവളത്തില്‍ ഒറ്റയ്‌ക്കെത്തി കൊലപ്പെടുത്തിയശേഷം വൈറ്റ് ഹൗസിന്റെ വാര്‍റൂമിലേക്ക് ഒബാമയെ വിളിച്ചത് അര്‍ണാബാണെന്നും ഹാഷ് ടാഗിലെ പരിഹാസ പോസ്റ്റുകള്‍ പറയുന്നു.

ദ നേഷന്‍ വാണ്ട്‌സ് ടു നോ എന്നത് അര്‍ണബ് ടൈംസ് നൗ ആങ്കറായിരുന്ന കാലത്ത് ഉപയോഗിച്ച ടാഗ് ലൈനായിരുന്നു. ദ നേഷന്‍ വാണ്ട്‌സ് ടു നോ, ഈസ് അര്‍ണാബ് ഗോ സ്വാമി എ ബിഗ് ലയര്‍ എന്നതാണ് ഇന്നത്തെ ചോദ്യം.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel