ശ്രീ നാരായണഗുരു സാധിച്ച മതേതരഭാവനയുടെ പാറയ്ക്കുമുകളിലാണ് ആധുനികകേരളം ഉദിച്ചുയര്‍ന്നത്

മരണം മരണമെന്നെപ്പോഴു
മോര്‍മ്മിപ്പിക്കും
മതമാമനുഷ്യന്റെ
ശബ്ദത്തില്‍ നടുങ്ങിപ്പോയ്!

        –വയലാര്‍

ശ്രീനാരായണഗുരുവിനെ മുന്‍നിര്‍ത്തി മതേതരത്വത്തിനെതിരെ ഹിന്ദുപരിവാരം നടത്തിവരുന്ന ഒളിയുദ്ധമാണ് വര്‍ത്തമാനകേരളം നേരിടുന്ന ഭീഷണികളില്‍ പ്രധാനം. രണ്ടു വഴികളിലാണ് ഇത് പ്രവൃത്തിക്കുന്നത്. ഒന്ന്: ഗുരുവിനെ ഹിന്ദുസന്യാസിയാക്കി ബ്രാഹ്മണീകരിക്കുന്ന പരിവാരസംഘത്തിന്റെ രാഷ്ട്രീയവഴി. രണ്ട്: ജാതിയുടെ ആചാര്യനും പരിഷ്കര്‍ത്താവുമാക്കുന്ന ജാതിരാഷ്ട്രീയത്തിന്റെ വഴി. വിലപേശലിന്റെ കമ്പോളവഴിയാണിത്.

രണ്ടും ഫലത്തില്‍ കേരളത്തെ ജാതിക്കൂട്ടങ്ങളുടെ വാരിക്കുഴികളാക്കി ചിതറിച്ച് ലാഭം കൊയ്തുകൊണ്ടേയിരിക്കുന്നു. ഇവ മൌലികമായി, മനുഷ്യവിരുദ്ധവും ആ അര്‍ഥത്തില്‍ ദേശവിരുദ്ധവുമായ കുറ്റകൃത്യമാണ്. ഈ ജൈവയുദ്ധം തടയുകയെന്നത് വര്‍ത്തമാനത്തിന്റെ രാഷ്ട്രീയഉത്തരവാദിത്തമാണ്. ഓര്‍മകളെ വീണ്ടെടുക്കുക അങ്ങനെ, സാംസ്കാരികപ്രവര്‍ത്തനമായിത്തീരുന്നു. നാരായണഗുരുവിന്റെ ഓര്‍മ, അതുകൊണ്ട് ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനമാണ്.

മതേതരത്വത്തില്‍ അവിശ്വാസം ജനിപ്പിച്ച്, അസംബന്ധമാക്കി സാമാന്യബോധത്തില്‍ ഉറപ്പിച്ച് തകര്‍ത്തുകൊണ്ടുമാത്രമേ ഹിന്ദുത്വപരിവാരത്തിന് ഇന്ത്യന്‍മനസ്സിനെ സാമാന്യേനയും കേരളമനസ്സിനെ സവിശേഷമായും കീഴടക്കാനാവൂ എന്ന് ഇന്ത്യന്‍ഫാസിസം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇതിനുള്ള ചിട്ടയായ ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവര്‍. സംസ്കാരത്തില്‍ കൈവയ്ക്കുകയാണ് ഇതിന്റെ ആദ്യപടി. സംസ്കാരത്തെ മെരുക്കിയാല്‍ ലോകത്തെ കീഴടക്കാമെന്ന് അവര്‍ക്കറിയാം.

ദേശീയതയിലും അതിനാധാരമായ രൂപകങ്ങളിലും ഇടപെടുകയാണ് ഇതിന്റെ യഥാര്‍ഥവഴി. ബലപ്രയോഗവും ഭീഷണികളും മാത്രമല്ല വൃത്തിവല്‍ക്കരണവും സൌന്ദര്യവല്‍ക്കരണവും വ്യാമോഹങ്ങളുടെ ഉല്‍പ്പാദനവും അത് സ്വന്തം രീതിശാസ്ത്രവഴികളായി തെരഞ്ഞെടുത്തിരിക്കുന്നു. വിമര്‍ശനാത്മകതയെ അപഹസിച്ച് നിറംകെടുത്തുന്നതും ശാസ്ത്രബോധത്തെ വ്യാജശാസ്ത്രംകൊണ്ട് പകരംവയ്ക്കുന്നതും ചരിത്രത്തെ മിത്തുകള്‍കൊണ്ട് മായ്ചെഴുതുന്നതും അതുകൊണ്ടാണ്. ഇന്ത്യയില്‍ ഇന്നുപയോഗിക്കുന്നതെല്ലാം പാശ്ചാത്യമാണെന്നും പാശ്ചാത്യമായത് അസംബന്ധങ്ങളാണെന്നും അത് ഉച്ചത്തില്‍ നിരന്തരം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നതും അതുകൊണ്ടാണ്. ഫാസിസം പ്രവര്‍ത്തിക്കുന്ന അനേകം സൂക്ഷ്മവഴികളില്‍ ഒന്നാണിത്.

എല്ലാ ഓര്‍മകളെയും അത് മായ്ചുകളയാന്‍ ശ്രമിക്കുന്നു. ഓര്‍മകളുണ്ടാകരുത് എന്നത് ഫാസിസത്തിന്റെ ഇറ്റലിയിലെ വഴിയും മുദ്രാവാക്യവുമായിരുന്നു. ഗ്രാംഷിയെ വിചാരണചെയ്യുമ്പോള്‍ മുസ്സോളിനിയുടെ വക്കീല്‍ വാദിച്ചത് ഈ തലച്ചോര്‍ ഇനി 20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കരുത് എന്നാണ്. ഇന്ത്യയില്‍ ഹിന്ദുപരിവാരത്തിന്റെ തന്ത്രവും മറ്റൊന്നല്ല. പശു മാതാവും ദൈവവുമാണെന്ന് നീതിപീഠങ്ങളില്‍നിന്ന് വെളിപാടുകളുണ്ടാകുന്നു. അംബേദ്കര്‍ ഇന്ത്യയുടെ സ്വത്താണെന്ന് അത് നുണപറയുന്നു. നാരായണഗുരുവും അയ്യന്‍കാളിയും ചരിത്രപുരുഷന്മാരാണെന്നും ജാതിമര്‍ദനങ്ങളുടെ നിഷ്ഠുരഭൂതകാലത്തെ (വര്‍ത്തമാനത്തെയും) മറച്ചുപിടിച്ചുകൊണ്ട് അവര്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

ഇത് ഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് സമീപകാലം തെളിയിക്കുന്നത്. ഗുരുവിന്റെയും അയ്യന്‍കാളിയുടെയും ഓര്‍മപ്പിറന്നാളുകളില്‍ ആശീര്‍വാദകരായി പരിവാരം എത്തുന്നത് അങ്ങനെയാണ്. നാരായണഗുരുവും അംബേദ്കറും അയ്യന്‍കാളിയും മതേതരത്വത്തിന്റെ ഭാരതീയവും കേരളീയവുമായ സവിശേഷാര്‍ഥത്തിലുള്ള പ്രയോക്താക്കളായിരുന്നുവെന്നത് ചരിത്രം. അപ്പോള്‍ മതേതരത്വംതന്നെയും പാശ്ചാത്യമാണെന്നത് വിഴുങ്ങാനും അവര്‍ സമയോചിതം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഈ മതേതരത്വത്തെ മലിനമാക്കിയാല്‍ അവിടേക്ക് കടന്നുകയറാം എന്നാണ് ഫാസിസത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് ഇന്ത്യന്‍മതേതരത്വത്തെ അതിന്റെതന്നെ ഐക്കണുകളുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഫാസിസം എപ്പോഴും തന്‍കാര്യലാഭമോഹികളായ അനുചരവര്‍ഗത്തെ ഉല്‍പ്പാദിപ്പിച്ച് കൂടെകൂട്ടാറുമുണ്ട്. ഇറ്റലിയിലും ജര്‍മനിയിലും നാം അത് കണ്ടതാണ്. കേരളീയ കീഴാള നവോത്ഥാനത്തിന്റെ മൂലധനത്തുടര്‍ച്ചയവകാശപ്പെടുന്ന ചില മത/ജാതിസംഘടനകള്‍ ഈ സാമീപ്യത്തില്‍ രോമാഞ്ചമണിയുന്നതങ്ങനെയാണ്. രാഷ്ട്രീയഭിക്ഷാംദേഹികള്‍! ഇവരെല്ലാം ശത്രുസംഹാരത്തിനിറങ്ങിയിരിക്കുന്നത് ഭീരുത്വംകൊണ്ടാണെന്ന് തെറ്റായി ആശ്വസിക്കുന്നതാണ് നമ്മുടെ മുഖ്യധാരാ (ഇക്കിളി) മാധ്യമങ്ങളുടെ രീതി. ശത്രുസംഹാരം, ഭീതിയുടെ ഫലമല്ല; അവതാരലക്ഷ്യമാണ്.

ധര്‍മസംസ്ഥാപനമെന്ന് ഗീത. ന്യൂനീകരിച്ചില്ലാതാക്കാവുന്നതല്ല ഫാസിസത്തിന്റെ പ്രവൃത്തിമണ്ഡലം. ഭീരുത്വമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന യുദ്ധതന്ത്രമാണ്് ഫാസിസത്തിന്റെ വിജയം എന്ന ചരിത്രം ഓര്‍മയില്‍ വയ്ക്കുക.


ഭയവും വ്യാമോഹവും

മോഹങ്ങളും ഭയവും വിതയ്ക്കുക, ചരിത്രത്തില്‍, ഫാസിസ്റ്റ് സങ്കേതമാണ്. രണ്ടിലൂടെയും ദാസ്യം എന്ന ആദര്‍ശമൂല്യം ഉടലാര്‍ന്നുവരുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് ഫാസിസം പ്രവര്‍ത്തിക്കുന്ന വഴികളില്‍ ഒന്ന് ഇതാണ്. ഭയപ്പെടുത്തി മരണത്തെ മുന്നിലെത്തിക്കുന്നു. അങ്ങനെ മരണഭയത്തില്‍ അനുസരണയും വിധേയത്വവും ശീലിക്കുന്നു. സംശയങ്ങളില്ലാത്ത ദസ്യുക്കളുടെ തലമുറ വളര്‍ന്നുവരുന്നു. പ്രതിഷേധിക്കുന്നവരെ മരണഭയം വിതച്ച് സ്തബ്ധരാക്കാമെന്ന് അവര്‍ കരുതുന്നു. വെമുലയും കലബുര്‍ഗിയും പെരുമാള്‍ മുരുകനും ഒടുവില്‍ ഗൌരിയും അങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.


മതേതരചിന്തകന്‍

ജാതിഭേദം മതദ്വേഷം/ ഏതുമില്ലാതെ സര്‍വരും/ സോദരത്വേന വാഴുന്ന/ മാതൃകാസ്ഥാനമാണിത്.
ഗുരു ദീര്‍ഘഭാവനം ചെയ്ത, ജാത്യാതീതവും മതേതരവുമായി മനുഷ്യര്‍ സഹഭാവനയോടെ ജീവിക്കുന്ന ഈ മാതൃകാസ്ഥാനം, സൂക്ഷ്മാര്‍ഥത്തില്‍ പൊതുമണ്ഡലംതന്നെയാണ്. മതേതരം എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട, ആധുനികപൌരസമൂഹത്തിന്റെ അടിത്തറ അവിടെ ഉരുവപ്പെട്ടു. ഇവിടേക്ക് കേരളജനതയെ ആധ്യാത്മികവും മൂലധനാത്മകവുമായി പരുവപ്പെടുത്തുകയായിരുന്നു ഗുരു.

ഗുരു ഈ പൂര്‍വാര്‍ധത്തില്‍ ധ്വനിപ്പിച്ച ജാതിശരീരങ്ങളുടെ പറ്റം പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളമാണ്. തമ്മില്‍ കാണാന്‍പോലും അനുവാദമില്ലാത്ത, എണ്ണിയാല്‍ത്തീരാത്ത ജാതികള്‍; ഇവയ്ക്കുള്ളില്‍ അസംഖ്യം ഉപജാതികള്‍. ഇങ്ങനെ പരസ്പരം തൊട്ടുതീണ്ടാനാകാത്ത അറകള്‍ ചേര്‍ന്ന ദുര്‍ഗന്ധമേഖലയായി ഒരു കേരളം. ഇതായിരുന്നു ബ്രാഹ്മണര്‍ക്ക് പരശുരാമന്‍ ദാനം നല്‍കിയ കേരളം.

വര്‍ണാധികാരത്തിന്റെ ആ വേദമഴു വളര്‍ത്തിയ ജാതിക്കൂട്ടങ്ങളുടെ വിശുദ്ധഭ്രാന്തിനെ അതേ വജ്രായുധംകൊണ്ട് പുതിയ നാരായണന്‍ അടക്കി. പഴയ നാരായണന്റെ മഴുവിനുമീതെ പുതിയ നാരായണന്‍, നെയ്യാറില്‍നിന്നെടുത്ത കാട്ടുകല്ല് സംഹാരായുധമാക്കി പ്രയോഗിച്ചു. മുള്ളുകൊണ്ട് മുള്ളെടുക്കുന്ന നാട്ടുവിദ്യ. കാട്ടുകല്ലുകൊണ്ട് പുതിയ ജനതയെ മെനഞ്ഞെടുത്ത മനുഷ്യേച്ഛ.


മതവിമര്‍ശം

എല്ലാ വിമര്‍ശങ്ങളുടെയും തുടക്കം മതവിമര്‍ശത്തില്‍നിന്നാണെന്ന് മാര്‍ക്സ് സൂചിപ്പിക്കുന്നുണ്ട്. അരുവിപ്പുറം പ്രതിഷ്ഠ ഇന്ത്യന്‍ജീവിതത്തെ സഹസ്രാബ്ദങ്ങള്‍ നിശ്ചലമാക്കിയ ബ്രാഹ്മണമതത്തിനെതിരായ വിമര്‍ശമായിരുന്നു. അചാല്യവും സനാതനവുമായ ആ പഴയലോകത്തെ, പിന്നീട് ആവര്‍ത്തിക്കാനാകാത്തവിധം ഭസ്മീകരിച്ചുകളഞ്ഞു. മരണത്തെ മുന്നില്‍ നിരത്തി മനുഷ്യനെ ഭയപ്പെടുത്തി മെരുക്കുന്നതാണ് മതങ്ങളുടെ ചരിത്രം.

അവിടെ ജീവിതത്തെക്കുറിച്ച് ഉറച്ച് സംസാരിച്ചുകൊണ്ട് ഈ മതത്തെ ഗുരു നിശ്ചലമാക്കി. അങ്ങനെയാണ് കേരളത്തില്‍ മനുഷ്യന്‍ ഉണ്ടായിത്തീര്‍ന്നത്. ആ യുഗനിര്‍മാണത്തിന്റെ പേരാണ് അരുവിപ്പുറം പ്രതിഷ്ഠ. ആപാദചൂഡം ജാതികേന്ദ്രിതവ്യവസ്ഥയില്‍ ദൈവങ്ങള്‍ ബ്രാഹ്മണരല്ലാതെ മറ്റൊന്നാവുക വയ്യല്ലോ.

നാടുവാഴിത്തത്തിന്റെ അടിത്തറയാണത്. അതുകൊണ്ട് ഈ ബാഹ്മണദൈവത്തെ തകര്‍ത്തുകൊണ്ടേ പുതുസമൂഹനിര്‍മാണം സാധിക്കൂ. അങ്ങനെ ഈശ്വരനെ പ്രശ്നവല്‍ക്കരിക്കുന്നു. ജന്മംകൊണ്ട് ഈഴവനായ നാരായണഗുരു ശിവനെ പ്രതിഷ്ഠിച്ചപ്പോള്‍ ഈ ബ്രാഹ്മണവ്യവഹാരങ്ങളുടെ അടിക്കല്ലിളകി. ഈശ്വരപ്രതിഷ്ഠ നടത്താന്‍ മൂലമന്ത്രങ്ങള്‍ അറിയണം. മന്ത്രാധികാരിയാകട്ടെ ബ്രാഹ്മണന്‍മാത്രവും. ശിവപ്രതിഷ്ഠവഴി നാരായണഗുരു ഈ അധികാരവ്യവഹാരങ്ങളെ ആഴത്തില്‍ പുനഃസംവിധാനം ചെയ്തു.

ഒന്നാമത്, അതുവരെ പൊതുബോധത്തിലെ ദൈവം ബ്രാഹ്മണനായിരുന്നുവെന്ന് തെളിയിച്ചു. രണ്ടാമത്, ദൈവത്തിന് ബ്രാഹ്മണനാകാമെങ്കില്‍ ഈഴവനുമാകാം എന്ന ബദല്‍ലോകബോധം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇത് മൌലികമായി, സനാതനികളെന്ന ജാതിക്കൂട്ടത്തെ (സാമാന്യബോധത്തെ) സ്വയംവിമര്‍ശത്തിന് നിര്‍ബന്ധിച്ചു. ജാതിവ്യവസ്ഥയുടെ തായ്വേരിലാണ് ശിവപ്രതിഷ്ഠ മഴുവായി ആഴ്ന്നിറങ്ങിയതെന്നര്‍ഥം.

ദൈവത്തിന്റെ ജനായത്തവല്‍ക്കരണം. ദൈവവും ലോകവും തങ്ങളുടേതുകൂടിയാണെന്ന് കീഴാളജനതയും (തങ്ങള്‍ കൈയടക്കിവച്ചതായിരുന്നുവെന്ന് സനാതനികളും) തിരിച്ചറിഞ്ഞ ആ നിമിഷം, ഈ ജനതയുടെ ആത്മബോധം നൂറ്റാണ്ടുകളുടെ കെട്ടുകള്‍ പൊട്ടിച്ച് കുതിച്ചൊഴുകി. എല്ലാവര്‍ക്കുമിടമുള്ള പുതുലോകം പിറന്നു.

ജാതിക്കെതിരെ 
ആത്മബോധം
ഇതിന്റെ ഫലശ്രുതിയെന്ത്? അത് ജാതികേരളത്തിന്റെ അടിത്തറ ഒന്നാകെ ഇളക്കിമറിച്ചു, പൊളിച്ചുനീക്കി, പുതിയ സാമൂഹ്യബന്ധങ്ങള്‍ നിര്‍മിച്ചു. ബി രാജീവന്‍ പറയുന്നു: മനുഷ്യന്‍ എന്നതുതന്നെ ഒരു ജാതിയാണെന്ന് സമര്‍ഥിച്ചുകൊണ്ട് ഭിന്നജാതിവിഭജനത്തിനുള്ള അടിസ്ഥാനത്തെ ശ്രീനാരായണന്‍ തകര്‍ത്തുകളഞ്ഞു. കേരളത്തില്‍ അതിരൂക്ഷമായി നിലനിന്ന ജാതി-ഉപജാതിവ്യവസ്ഥയുടെ താത്വികാടിസ്ഥാനത്തെ ഇങ്ങനെ ശ്രീനാരായണഗുരു തകര്‍ത്തുകളഞ്ഞ സംഭവത്തില്‍നിന്നാണ് ആധുനികകേരളത്തില്‍ സമൂഹം എന്ന ഒരു നൂതനവ്യവഹാരം ആവിര്‍ഭവിക്കുന്നത്.

മതത്തിന്റെ ബാഹ്യഘടനയെന്നാലെന്താണ്? ആചാരാദികേന്ദ്രിതസമുദായം എന്ന് ഗുരു. ആഭ്യന്തരഭാഗമാണല്ലോ പ്രധാനം. അത് അഭി-പ്രായം അഥവാ ആത്മആവിഷ്കാരമാണ്. അങ്ങനെ സ്വയം നിര്‍മിക്കുന്ന, ആത്മശില്‍പ്പിയായ ഈ സാമൂഹ്യമനുഷ്യന്‍- മാര്‍ക്സ് ഭാവനചെയ്ത മനുഷ്യന്‍- പാശ്ചാത്യമനുഷ്യന്‍ തന്നെയാണ്. നിത്യമുക്തവും നിര്‍മുക്തവുമായ പൌരസ്ത്യആത്മാവല്ല. ബി രാജീവന്‍ സൂക്ഷ്മീകരിക്കുമ്പോലെ, മതത്തെ വ്യക്തിയുടെ വിശ്വാസത്തിന്റെ ആത്മനിഷ്ഠതയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ജാതിഭേദത്തെ മനുഷ്യജാതിശരീരം എന്ന യാഥാര്‍ഥ്യംകൊണ്ട് തള്ളിക്കളയുകയും ചെയ്തപ്പോള്‍ മനുഷ്യരുടെ സംഘടിതാസ്തിത്വത്തിന്റെ പഴയ ബാഹ്യരൂപങ്ങളെ ഒന്നാകെ തിരസ്കരിക്കുകയാണ് നാരായണഗുരു ചെയ്തത്.
രക്തത്തുടര്‍ച്ചയിലല്ല, സംസ്കാരഘടനയിലാണ് ഒരു ജനതയുടെ തന്മ എന്ന ബോധം ഗുരു അങ്ങനെ രൂപപ്പെടുത്തി ഉറപ്പിച്ചത്. ജാതി, മതം എന്നീ സ്ഥാപനങ്ങള്‍ നിശ്ശേഷം തകര്‍ത്ത് സമുദായം എന്ന ധാര്‍മികജീവിതമേഖല പകരംവച്ചു. ഈ അടിത്തറയില്‍ ആധുനികകേരളസമൂഹം ഉയര്‍ന്നുവന്നു. ഗുരു അതുകൊണ്ട് മലയാളത്തിലെ ആദ്യത്തെ മതേതരചിന്തകനും സാമൂഹ്യശില്‍പ്പിയുമാണ്. ഗുരു സാധിച്ച മതേതരഭാവനയുടെ പാറയ്ക്കുമുകളിലാണ് ആധുനികകേരളം ഉദിച്ചുയര്‍ന്നത്.

ഗുരുഭാവനയുടെ തുടര്‍ച്ചയില്‍ ദേശീയപ്രസ്ഥാനങ്ങളും ഇടതുപക്ഷരാഷ്ട്രീയവും ഒത്തുചേര്‍ന്ന് ബലിഷ്ഠമാക്കിയ ഈ മതേതരഭാവന ഏത് കാറ്റിലും പൊലിയാതെ കാക്കുക ഇടതുപക്ഷധര്‍മമാണ്. ഇനി നമ്മിലൊരാള്‍ മറ്റൊരാളിന്റെ നിദ്രയ്ക്ക്/ കണ്ണിമ പൂട്ടാതെ കാവല്‍ നിന്നീടണം/ ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക


(മലയാളം സര്‍വകലാശാല സംസ്കാര- പൈതൃക പഠനം അസി. പ്രൊഫസറാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News