വിശ്വാസപൂര്‍വ്വം മന്‍സൂറിനെ ഐഎഫ്എഫ്കെയില്‍ നിന്നൊ‍ഴിവാക്കിയതിനെതിരെ പി ടി കുഞ്ഞുമുഹമ്മദ്

തൃശൂര്‍: വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രം കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ നിന്ന് ഒ‍ഴിവാക്കിയതിനെതിരെ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്.

ചലച്ചിത്ര അക്കാദമി അതിന്‍റെ രൂപീകരണ ലക്ഷ്യത്തില്‍ നിന്ന് വ‍ഴിമാറുകയാണെന്നും വലതുപക്ഷ ആശയങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പരാതി നല്‍കും

ചിത്രം ഒ‍ഴിവാക്കിയതിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രിക്കും, ചലച്ചിത്ര അക്കാദമി ചെയര്‍മാനും അണിയറ പ്രവര്‍ത്തകര് പരാതി നല്‍കും

മൂന്നാം ലോക രാഷ്ട്രങ്ങളിലെ സിനിമയും രാഷ്ട്രീയവും സംസ്കാരവും ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തില്‍ നിന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വ്യതിചലിക്കുകയാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ് ആരോപിച്ചു.

വലതുപക്ഷ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ലോകമെമ്പാടും ചലച്ചിത്രോത്സവങ്ങളില്‍ എത്തുന്നത്. ഈ രീതിയില്‍ നിന്ന് വിഭിന്നമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളെ അക്കാദമി അവഗണിക്കുകയാണ്.

ഇക്കുറി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റ് ഇത് സാധൂകരിക്കുന്നതാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യകരമായ ഇടപെടല്‍ ഉണ്ടായെന്നാണ് ആരോപണം.

ഇന്ത്യയുടെ വര്‍ത്തമാന ജീവിതാവസ്ഥയെ ചിത്രീകരിച്ച വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തെ ത‍ഴയുന്നതിലൂടെ സാംസ്കാരിക ദേശീയതയ്ക്ക് ചലച്ചിത്ര അക്കാദമി അടിയറവ് പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്കാരിക വകുപ്പ് മന്ത്രിക്കും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ചിത്രത്തിന്‍റെ നിര്‍മാതാവ് കെ.വി മോഹനന്‍ പരാതി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here