സമര സഖ്യം കെട്ടിപ്പടുക്കുമ്പോള്‍

മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്‌ളവത്തിന്റെ ശതാബ്ദിവേളയിലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്- ഇടതുപാര്‍ടികളുടെ സംഗമം കൊച്ചിയില്‍ നടക്കുന്നത്. 23നും 24നും.

അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ളവയില്‍നിന്ന് പ്രതിനിധികള്‍ എത്തുന്നു. പാകിസ്ഥാനില്‍നിന്നുള്ള സഖാക്കളുടെ വിസാപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അവസാന നിമിഷവും പ്രതീക്ഷിക്കുന്നത്.

നേപ്പാള്‍, ശ്രീലങ്ക, ബംഗ്‌ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്ന് രണ്ടുവീതം പാര്‍ടികളുടെ പ്രതിനിധിസംഘങ്ങള്‍ എത്തിക്കഴിഞ്ഞു.

ലോക ജനസംഖ്യയുടെ നാലിലൊന്ന് ജീവിക്കുന്നത് ദക്ഷിണേഷ്യയിലാണ്. അവരില്‍ മഹാഭൂരിപക്ഷവും ദാരിദ്യ്രത്തിലും തൊഴിലില്ലായ്മയിലും നിരക്ഷരതയിലും രോഗത്തിലും നിസ്സഹായതയിലും നരകിക്കുകയാണ്,

ജീവിക്കുകയല്ല. അതേസമയം, ഇവിടങ്ങളിലെല്ലാം അതിസമ്പന്നര്‍ കൂടുതല്‍ തടിച്ചുകൊഴുക്കുന്നു. ഇതിന് അവസാനംകുറിക്കാന്‍ പൊരുതുന്ന പാര്‍ടികളാണ് ഒത്തുകൂടുന്നത്.

ആ വേദിയില്‍ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. ‘സാമ്രാജ്യത്വവും ദേശീയ പരമാധികാരവും വര്‍ഗീയതയും മതവിഭാഗീയതയും ദക്ഷിണേഷ്യയില്‍’ എന്നതാണ് മുഖ്യ ചര്‍ച്ചാവിഷയം.

ലോകത്തിന്റെ എന്നപോലെ ഈ മേഖലയുടെയും പ്രധാന പ്രശ്‌നങ്ങളുടെയെല്ലാം പിറകിലുള്ളത് കോളനിവാഴ്ചയുടെയും സാമ്രാജ്യത്വചൂഷണത്തിന്റെയും ഇപ്പോള്‍ പ്രച്ഛന്നമായ സാമ്രാജ്യത്വ ആധിപത്യത്തിന്റെയും ഇടപെടലുകളുടെയും ഫലമായുള്ള പ്രശ്‌നങ്ങളാണെന്നത് പ്രസിദ്ധം.

ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശും നേപ്പാളും ശ്രീലങ്കയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നങ്ങളും ചൈനയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളും കോളനിയാധിപത്യകാലത്ത് വരച്ച അതിര്‍ത്തിരേഖകളുടെയോ രാഷ്ട്രവിഭജനങ്ങളുടെയോ സൃഷ്ടിയാണ്.

വര്‍ഗീയ ഭിന്നിപ്പിക്കലുകളും ഇപ്പോള്‍ പിന്തുടരാന്‍ ആജ്ഞാപിക്കുന്ന ചൂഷണാനുകൂല സാമ്പത്തികനയങ്ങളും ഇതോടൊപ്പം പ്രത്യക്ഷ ആഘാതമുണ്ടാക്കുന്നു.

1905ലെ ബംഗാള്‍ വിഭജനവും 1947ലെ ഇന്ത്യ- പാക് വിഭജനവും തുടര്‍ന്ന് നടന്ന വര്‍ഗീയ കൂട്ടക്കുരുതിയും മനുഷ്യലക്ഷങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ 1940കളിലെ ബംഗാള്‍ക്ഷാമം തുടങ്ങിയവയും മേല്‍പ്പറഞ്ഞതിന് ഉദാഹരണം.

സാമ്രാജ്യാധിപത്യകാലത്തെ നിഷ്ഠുരമായ വിധ്വംസകനയങ്ങളുടെ നീക്കിബാക്കിയാണ് വലിയൊരു പരിധിവരെ ഇന്ന് അവശേഷിക്കുന്ന എല്ലാ തര്‍ക്കപ്രശ്‌നങ്ങളും ജനജീവിതദുരിതങ്ങളും.

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സാമ്രാജ്യത്വത്തിന് വളരെ ‘ലാഭകരമാണ്’. കാരണം, ഇത്തരം തര്‍ക്കങ്ങളില്‍നിന്ന് രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ സാമ്രാജ്യത്വത്തിന് അവസരം ലഭിക്കും.

അതുമാത്രമല്ല ലാഭം. യുദ്ധസന്നദ്ധരായി അതിര്‍ത്തിയിലും ആകാശത്തും സമുദ്രത്തിലും എപ്പോഴും ശത്രു ചിന്തയോടെ കരുതിയിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് ആയുധംവിറ്റ് വന്‍ സാമ്പത്തികലാഭമുണ്ടാക്കാനും സാമ്രാജ്യത്വത്തിന് കഴിയും.

തൊട്ടടുത്തുള്ള ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി ഇതിന് വ്യക്തമായ തെളിവാണ്. അമേരിക്കയുടെ പിന്തുണയോടെ സൌദി അറേബ്യയും സഖ്യകക്ഷികളും ഖത്തറിനുമേല്‍ ശക്തമായ ഉപരോധം പ്രഖ്യാപിച്ചു.

വിമാന സര്‍വീസ്ബന്ധ വിച്ഛേദം ഇതില്‍പ്പെടും. അത് പ്രാബല്യത്തില്‍ തുടരുമ്പോള്‍ അതാ വരുന്നു ഒരു വാര്‍ത്ത. 1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ അമേരിക്ക ഖത്തറിന് വില്‍ക്കാന്‍ കരാര്‍ ഒപ്പുവച്ചു എന്നതായിരുന്നു അത്.

സൌദി അറേബ്യക്കും കൂട്ടാളികള്‍ക്കും ആയിരക്കണക്കിന് കോടി ഡോളറിന്റെ മാരകായുധങ്ങള്‍ അമേരിക്ക വിറ്റുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കച്ചവടമെന്ന് മറക്കരുത്.

പതിനായിരത്തിലധികം അമേരിക്കന്‍ഭടന്മാരെ തീറ്റിപ്പോറ്റുന്ന സൈനികതാവളം ഖത്തറിലുണ്ട് എന്നത് മറ്റൊരു സത്യം. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വരാജ്യങ്ങളില്‍ അനുഭവപ്പെടുന്ന വ്യാവസായികമാന്ദ്യം ഒരുപരിധിവരെ പരിഹരിക്കുന്നത് ഇത്തരത്തില്‍ യുദ്ധോപകരണ വ്യവസായം മെച്ചപ്പെടുത്തിയാണ്.

ഇന്ത്യക്കും പാകിസ്ഥാനും ആയുധമെത്തിച്ച് വില്‍ക്കുന്ന അമേരിക്കന്‍ നയത്തില്‍ ഈ മരണവ്യാപാരനയമാണ് പ്രതിഫലിക്കുന്നത്. ദരിദ്രജനകോടികള്‍ക്ക് ജീവിതം നല്‍കാന്‍ ഉപകരിക്കേണ്ട ശതകോടികളാണ് സാമ്രാജ്യത്വ ആയുധക്കച്ചവടക്കാരുടെ കീശനിറയ്ക്കുന്നത്.

ഭരണവര്‍ഗീയ പാര്‍ടികള്‍ക്ക് ഇതിന്റെ നല്ല കമീഷനും കിട്ടുന്നു. രാഷ്ട്രീയത്തിന്റെ വാണിജ്യവല്‍ക്കരണവും ഇങ്ങനെ ശക്തിപ്പെടുന്നു.

സാമ്രാജ്യത്വ കുറിപ്പടിപ്രകാരം നടപ്പാക്കുന്ന സാമ്പത്തികനയങ്ങളാണ് കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്കും വഴിവയ്ക്കുന്നതെന്ന കാര്യവും വിസ്മരിക്കാന്‍ കഴിയില്ല.

ഇതിനെതിരെ വിപുലമായ തൊഴിലാളി- കര്‍ഷക സഖ്യവും അതിന്റെ അടിസ്ഥാനത്തിലുള്ള ഉശിരന്‍ സമരങ്ങളും ശക്തിപ്പെടുന്നതിനെ ഭരണകൂട മര്‍ദനസംവിധാനം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്.

ഇതുമാത്രമല്ല അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഇടതുപക്ഷവിരുദ്ധ പ്രചാരണവും ചൂഷകവര്‍ഗങ്ങള്‍ വ്യാപകമായി നടത്തുന്നു.

വര്‍ഗീയതയും മതതീവ്രവാദവും ബഹുജനങ്ങളുടെ യോജിച്ച അവകാശസമരങ്ങള്‍ വളര്‍ന്നുവരുന്നതിന് വിഘാതമുണ്ടാക്കുമെന്നത് പ്രസിദ്ധം.

ഇവയെ വളര്‍ത്തിയെടുക്കുന്നതില്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രപരമായ പങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടതാണ്.

ഹിന്ദുരാഷ്ട്രവാദത്തിന്റെ സൈദ്ധാന്തികനായ സവര്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ച് മാപ്പപേക്ഷ എഴുതിയതില്‍ ഈ സഹകരണമനോഭാവം കാണാവുന്നതാണ്.

ഇപ്പോഴാകട്ടെ വര്‍ഗീയ രക്തച്ചൊരിച്ചില്‍, രാഷ്ട്രീയധ്രുവീകരണത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള പ്രായോഗികപാതയായി തെരഞ്ഞെടുത്ത് പരീക്ഷിച്ച് വിജയിച്ച നരേന്ദ്ര മോഡി ഇന്ത്യന്‍ കുത്തകകളുടെയും ആഗോള ഫിനാന്‍സ് മൂലധനത്തിന്റെയും തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന്റെയും പ്രതീകമാണ്; പ്രിയപ്പെട്ടവനാണ്.

നരേന്ദ്ര മോഡി ഡോണള്‍ഡ് ട്രംപിന്റെയും ഇസ്രയേലിലെ നെതന്യാഹുവിന്റെയും ഗാഢ ആലിംഗനത്തിന് വിധേയനായത് യാദൃച്ഛികമല്ല.

രാഷ്ട്രപരമാധികാരത്തിനുനേരെ ഉയരുന്ന ആഗോള വെല്ലുവിളി ഗുരുതരമാണ്. ദക്ഷിണേഷ്യയില്‍ അത് തീവ്രമാണ്.

ഇത് സാമ്രാജ്യത്വ ഭരണകൂടം സായുധമായി കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെയും സാമ്രാജ്യത്വപ്രേരിത സാമ്പത്തികനയങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ നിസ്സങ്കോചം കൂടുതല്‍ കൂടുതല്‍ കീഴ്‌പെടുന്നതിന്റെയും ഫലമായി രൂപപ്പെടുന്ന ഒരു സവിശേഷ പ്രതിഭാസമാണ്.

ചൂഷകഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ സര്‍വതും സ്വകാര്യവല്‍ക്കരിക്കുകയാണ്. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഡയറക്ടര്‍ബോര്‍ഡാണ് ബൂര്‍ഷ്വാഭരണകൂടമെന്ന പ്രസിദ്ധമായ നിര്‍വചനം ഇപ്പോള്‍ എല്ലാ മറകളും ഉപേക്ഷിച്ച് നഗ്‌നമായി പ്രത്യക്ഷപ്പെടുന്നു.

സാമാന്യജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ ആരോഗ്യ വിദ്യാഭ്യാസ സേവന മേഖലകളെല്ലാം സ്വകാര്യ ലാഭക്കൊതിയന്മാര്‍ക്ക് കൈമാറുകയാണ്. രാഷ്ട്രപ്രതിരോധവും സ്വകാര്യവല്‍ക്കരിക്കുകയാണ്. സ്വകാര്യ മൂലധനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടസന്ദര്‍ഭങ്ങളില്‍ ശക്തമായി ഇടപെടാനുള്ള ‘സേവനദാതാവാ’ണ് ഭരണകൂടമെന്നതായി തലതിരിഞ്ഞ ഇന്നത്തെ ലോകസ്ഥിതി.

സ്വതന്ത്രമായ ആഭ്യന്തര- വിദേശനയങ്ങള്‍ പിന്തുടരാന്‍ കെല്‍പ്പുള്ള സ്വതന്ത്ര പരമാധികാരരാഷ്ട്രങ്ങള്‍ എന്ന പദവി സാമ്രാജ്യത്വം നഗ്‌നമായി കവര്‍ന്നെടുക്കുകയാണ്. പരമാധികാരം സാമ്രാജ്യത്വത്തിന്റെ കുത്തകയായി പരിമിതപ്പെടുകയാണ്.

ഈ ദുരവസ്ഥയ്‌ക്കെതിരായ സമരപരമ്പരകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികള്‍ കൊച്ചിയില്‍ ഒത്തുകൂടുമ്പോള്‍ സിപിഐ എം നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം സാധാരണ ജനങ്ങളുടെ കെടാത്ത പ്രതീക്ഷയുടെ പ്രതീകമാണ്.

കെട്ടകാലത്തും പൊരുതുന്ന ജനാധിപത്യശക്തികള്‍ക്ക് ചെറുതും വലുതുമായ വിജയങ്ങള്‍ പിടിച്ചുപറ്റാന്‍ കഴിയുമെന്ന് കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ പിന്തുടരാന്‍ ശ്രമിക്കുന്ന വ്യത്യസ്ത നയപരിപാടികളും ജനക്ഷേമപ്രവര്‍ത്തനങ്ങളും തെളിയിക്കുന്നു.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സാംസ്‌കാരിക- മാധ്യമ പ്രവര്‍ത്തകരുടെയും മറ്റും വിപുലമായ ചെറുത്തുനില്‍പ്പുകളും അവകാശപോരാട്ടങ്ങളും ഇരുണ്ടകാലത്തെ പ്രകാശ പ്രത്യാശകളാണ്.

വ്യത്യസ്ത ശബ്ദങ്ങളെ വെടിവച്ചും വര്‍ഗീയതയുടെ വിഷവാള്‍ വീശിയും അമര്‍ച്ചചെയ്യുമെന്ന് ആക്രോശിക്കുന്ന സങ്കുചിത മത- വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങള്‍ രക്തപങ്കിലമായ ഭീഷണിമുഴക്കുന്ന സാഹചര്യത്തിലാണ് ഈ സംഗമം നടക്കുന്നത്.

തീവ്ര വലതുപക്ഷവല്‍ക്കരണത്തിന്റെയും നവനാസിരാഷ്ട്രീയത്തിന്റെയും ഇരുണ്ട കാര്‍മേഘങ്ങളും ആകാശത്ത് അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ ഇരുട്ടില്‍ മനുഷ്യമോചനസമരത്തിന് വഴിവെളിച്ചം പകരുന്ന മേഘജ്യോതിസ്സാകാന്‍ ഒരുപരിധിവരെയെങ്കിലും ദക്ഷിണേഷ്യന്‍ സെമിനാറിലെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News