‘വിജയത്തിന് രാവും പകലും പണിയെടുത്ത സഖാക്കള്‍ക്കൊരു റെഡ് സല്യൂട്ട്’; ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്‌ഐഒ വാദങ്ങളെ പൊളിച്ച് അരുന്ധതി

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്‌ഐഒയുടെ അവകാശവാദത്തെ പൊളിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകയും ഗവേഷക വിദ്യാര്‍ഥിയുമായ ബി അരുന്ധതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്‌ഐഒയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിനെ അരുന്ധതി തുറന്നു കാണിക്കുന്നത്.

 അരുന്ധതി പറയുന്നു

ഹെെദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എന്താണ് സംഭവിക്കുന്നത്? SIO എങ്ങനെയാണ് അലയന്‍സ് ഫോര്‍ ”സോഷ്യല്‍ ജസ്റ്റിസി”ന്‍റെ ഭാഗമാകുന്നത്? കുറച്ചധികം സഖാക്കള്‍ സംശയവുമായി ഇന്‍ബോക്സിലെത്തി. സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കാംപസിലുണ്ടായിരുന്നില്ല. ഇവിടെയെത്തിയ ശേഷം കണ്ട കാര്യങ്ങളാണ് എഴുതുന്നത്.

ജെ.എന്‍.യു വിലെന്ന പോലെ ഹെെദരാബാദിലും എ.ബി.പി.ക്ക് വളരെയധികം സ്വാധീനമുണ്ട്. ജാതിയും, ഹിന്ദിയും, അരാഷ്ട്രീയ ആഘോഷങ്ങളുമായി, ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന ധാരാളം കുട്ടികളെ എ.ബി.വി.പി ആകര്‍ഷിക്കുന്നു. കടുത്ത സി.പി.എം വിരോധവുമായി കേരളത്തില്‍നിന്നെത്തുന്ന വിരലിലെണ്ണാവുന്ന സംഘികളുമുണ്ട്. എ.ബി.വി.പി പ്രവര്‍ത്തകരല്ലെങ്കിലും ജാതിയുടെ അസ്ക്യത മൂലം കീഴാളരാഷ്ട്രീയത്തെ ചെറുക്കാന്‍ എ.ബി.വി.പി ക്ക് വോട്ട് കുത്തുന്നവരുമുണ്ട്.

എന്നിരുന്നാലും എ.ബി.വി.പി വോട്ട് ബാങ്ക് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഒരു ഇലക്ഷനിലും നാല്പത് ശതമാനത്തിന് മുകളിലേക്ക് പോയിട്ടില്ല. അറുപത് ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ അവര്‍ക്കെതിരാണെന്നര്‍ഥം. പക്ഷെ ഇന്ത്യയുടെ FPTP ഇലക്ഷന്‍ സിസ്റ്റത്തില്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ തൊട്ടടുത്ത സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വോട്ടുണ്ടായാല്‍ മതിയല്ലോ.എഴുപത് ശതമാനം ജനങ്ങള്‍ തിരസ്കരിച്ച പാര്‍ട്ടിയാണ് മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നതെന്നോര്‍ക്കണം.

പുരോഗമനശക്തികള്‍ പരസ്പരം മത്സരിച്ച് വോട്ടുകള്‍ ഭിന്നിച്ച് ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടനയെ അധികാരത്തിലെത്തിക്കരുതെന്ന രാഷ്ട്രീയ ബോധ്യത്തില്‍നിന്നാണ് എ.ബി.വി.പി-ഒ.ബി.സിഎഫ് കൂട്ടുകെട്ടിനെതിരെ വിശാല സഖ്യം രൂപം കൊള്ളുന്നത്.

കഴിഞ്ഞ വര്‍ഷം വരെ എസ്.എഫ്.എെ യോടൊപ്പം സഖ്യം പങ്കിട്ട ദളിത് സ്റ്റുഡന്‍സ് യൂണിയന്‍, ട്രെെബല്‍ സ്റ്റുഡന്‍സ് ഫ്രണ്ട് എന്നിവരും എ.എസ്.എ യും എം.എസ്.എഫും ചേര്‍ന്ന സഖ്യം. ബി.എസ്.എഫ് പുറത്ത്നിന്ന് പിന്തുണയ്ക്കുന്നു. ആശയപരമായ നിരവധി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും ഫാസിസത്തിനെതിരെ എെക്യമുന്നണിയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഈ സംഘടനകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സഖ്യപ്രഖ്യാപനത്തിനുശേഷം, ഞങ്ങളും അലയന്‍സ് പാര്‍ട്നര്‍ ആണ് എന്ന അവകാശവാദവുമായി SIO എത്തുന്നു.
മതരാഷ്ട്രവാദികളുമായി എെക്യപ്പെടല്‍ സാധ്യമല്ലെന്ന് സഖ്യചര്‍ച്ചകളുടെ തുടക്കത്തില്‍ത്തന്നെ തങ്ങള്‍ നിലപാട് വ്യക്തമാക്കിയെന്നും SIO ഇലക്ടറല്‍ അലയന്‍സിന്‍റെ ഭാഗമല്ലെന്നും വിശദീകരിച്ച് SFI പ്രസ്ഥാവന ഇറക്കുന്നു.

”ഞങ്ങളുടെ അലയന്‍സ് പാര്‍ട്നേഴ്സ് ആണ് SIO യും MSF വു”മെന്ന് ASA പറയുന്നു. ഒരു സ്ഥാനാര്‍ഥി പോലുമില്ലാത്ത SIO, ”ബ്രാഹ്മണിക്കല്‍ ഇസ്ളാമോഫോബിക് SFI” യുള്ള അലയന്‍സിന്‍റെ ഭാഗമാകാന്‍ കാട്ടിയ ആവേശം കാണേണ്ടതായിരുന്നു!

സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് SIO സ്ഥാനാര്‍ഥി അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു! മാന്യമായി തോല്‍ക്കുകയും ചെയ്തു. ഉളുപ്പില്ലാത്തതുകൊണ്ട് അലയന്‍സിന്‍റെ വിജയാഘോഷത്തില്‍ കൊടിപിടിച്ച് തുള്ളിച്ചാടി.

എസ്.എെ.ഒ കൊടികളുയര്‍ത്തിയപ്പോള്‍ നമ്മുടെ സഖാക്കളെല്ലാം എസ്.എഫ്.എെ യുടെ കൊടി താഴ്ത്തി. രക്തസാക്ഷികളുടെ ചോര വീണ് ചുവന്ന ആ കൊടിയെ ഒരു സഖാവും ഒറ്റിക്കൊടുത്തില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, സെക്കുലറിസത്തില്‍ വിശ്വസിക്കാത്ത, ലിംഗ ലെെംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു സംഘടനയ്ക്കൊപ്പം HCU എസ്.എഫ്.എെ ഒരിക്കലും കൊടിപിടിക്കില്ല.

ഇസ്ളാമോഫോബിയ ലേബലിങ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ മുസ്ളീങ്ങളുടെയും ഉപ്പയും ഉപ്പൂപ്പയുമാവാന്‍ ശ്രമിച്ചിട്ടും അയ്യായിരം വിദ്യാര്‍ഥികളുള്ള കാംപസില്‍ അന്‍പത് പേര് തികച്ചില്ലാത്ത സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടി പേടിച്ചുപോയ സഖാക്കളുടെ പോസ്റ്റുകളാണ് താഴെ.

ആയിരംപേരുടെ വോട്ട് ബാങ്കുണ്ടെങ്കിലുംആറ് യൂണിയന്‍ സീറ്റുകളില്‍ ഒരേയൊരു പോസ്റ്റിലേക്കേ എസ്.എഫ്.എെ മത്സരിച്ചുള്ളൂ. വിജയിച്ച സഖാവിന്‍റെ പേര് ആരിഫ് അഹമ്മദ്.  പ്രസിഡന്‍റ് സീറ്റിലേക്കുള്‍പ്പെടെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാര്‍ഥികളുടെ വിജയത്തിന് രാവും പകലും പണിയെടുത്ത സഖാക്കള്‍ക്കൊരു റെഡ് സല്യൂട്ട്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News