വവ്വാല്‍; ഒരു അനുഭവക്കുറിപ്പ്

നിഗൂഢത ഉണര്‍ത്തുന്ന പക്ഷി. അപസര്‍പ്പക കഥകളില്‍ പേടിപ്പെടുത്തുന്ന കഥാപാത്രം. ശബ്ദ വീചികളുടെ സഹായത്താല്‍ ദിശ അറിഞ്ഞു സഞ്ചാരം.

ഞാന്‍ മനുഷ്യന്‍. ഏറ്റവും ബുദ്ധിയുള്ള ജീവികളില്‍ ഒന്ന്. ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നു. നേട്ടങ്ങളുടെ അഹങ്കാരത്തില്‍ ലോകത്തെ കാണുന്നു.

ഒരു സന്ധ്യാ നേരം. ഞാന്‍ വീടിന്റെ പുമുഖത്ത് നില്‍ക്കുന്നു. നേര്‍ എതിര്‍വശത്ത്, അടുത്ത പറമ്പില്‍ രണ്ട് പപ്പങ്ങ ചെടികള്‍ ഉണ്ട്. തനിയെ വളര്‍ന്നത്. പറമ്പില്‍ ആള്‍ താമസം ഇല്ല. നോക്കാന്‍ എന്നെ തന്നെ ഏല്‍പിച്ചതാണ്. എന്റെ സ്വന്തമെന്ന പോലെ. ആ ഗര്‍വ്വ് വേറെ. ചെടികളില്‍ ഒരുമാസമായി കായ്ഫലമുണ്ട്.

പപ്പങ്ങയോട് നമുക്കെല്ലാവര്‍ക്കും പുച്ഛമാണല്ലോ. കഴിക്കണമെന്ന് തോന്നുമ്പോള്‍ ഞാനും എന്റെ സഹധര്‍മ്മിണിയും അഞ്ച് ആറ് കായ്കള്‍ പറിക്കും. അതില്‍ ഒന്നോ, കൂടിയാല്‍ രണ്ടോ പാകം ചെയ്യും. ബാക്കിയുള്ളവ ഇരുന്ന് കേടാകും. തുടര്‍ന്ന് കളയും. പതിവ് പോലെ കായ് പറിച്ചാലോ എന്നും ആലോചിച്ച് നില്‍ക്കുമ്പോള്‍ ഒരു വവ്വാല്‍ പറന്നുവന്ന് ചെടിക്ക് വട്ടമിട്ടു.

എന്നിട്ട് മുപ്പത് നാല്‍പത് കായ്കളുള്ള ചെടിയില്‍ ഒരു കായില്‍ ചെന്നിരുന്ന് ഭക്ഷിക്കാന്‍ തുടങ്ങി. നമുക്ക് കായുടെ ഉള്‍വശം കാണാം. നല്ല രീതിയില്‍ പഴുത്തത്. പ്രത്യേക ഇനം കായായതിനാല്‍ പുറം തോല്‍ എപ്പോഴും നല്ല പച്ചപ്പാണ്. കൗതുകം തോന്നിയതിനാല്‍ ശബ്ദമില്ലാതെ നിരീക്ഷിച്ചു. ആ കായയുടെ പകുതിയോളം ഭക്ഷിച്ചു കഴിഞ്ഞു വവ്വാല്‍ പറന്നുപോയി.

അടുത്ത ദിവസം അതേ നേരം. ഒരു രസത്തിന് ഞാന്‍ ചെടിയെ നിരീക്ഷിക്കാവുന്ന സ്ഥലത്ത് നിന്നു. കൃത്യ സമയത്ത് പക്ഷി വന്നു. ഇന്നലെ കഴിച്ച അതേ പഴത്തിന്റെ ബാക്കി ഭാഗം കഴിക്കുന്നു. സ്തബ്ദനായി ആ കാഴ്ച കണ്ടു നിന്നു. കൗതുകം മാനം മുട്ടെ വളര്‍ന്നു. അടുത്ത ദിവസവും വവ്വാല്‍ കൃത്യ സമയത്ത് വന്നു.

തലേ ദിവസം തീര്‍ത്ത കായയുടെ ഭാഗത്ത് കൂടി പറന്ന്, തൊട്ടടുത്തുള്ള ചെടിയില്‍ നിന്ന് ഒരു കായയില്‍ പിടിച്ച് ഭക്ഷിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് തോന്നി – അതും പഴുത്തത്. അതിലും ഒരു ഭാഗം കഴിച്ചു കഴിഞ്ഞു പക്ഷി പറന്നുപോയി. നാളെ വരുമായിരിക്കും ബാക്കി പകുതി കഴിക്കാന്‍.

എനിക്ക് ലജ്ജ തോന്നി. എല്ലാ ഇന്ദ്രീയങ്ങളുമുള്ള ഞാന്‍ എന്ന മനുഷ്യന്‍ എനിക്ക് അപ്പപ്പോള്‍ ആവശ്യമുള്ളതിലേറെ കായ്കകള്‍ പറിച്ച് ആര്‍ക്കുമില്ലാതെ വെറുതെ അഴുകാന്‍ അനുവദിക്കുന്നു. ഞാന്‍ – ആര്‍ത്തി പൂണ്ട ഒരു ജീവി.

എന്റെ മുന്നില്‍ ഇതാ കണ്ണുകള്‍ ഇല്ലാത്ത ഒരു ജീവി എന്നിലും കഴിവോടെ പഴുത്ത പഴം മാത്രം തെരഞ്ഞെടുക്കുകയും ആവശ്യത്തിനു മാത്രം ഭക്ഷിക്കുകയും ചെയ്യുന്നു. അടുത്തവന്‍ താന്‍ കണ്ടുപിടിച്ച കനി കൊണ്ടുപോകുമോ എന്ന ആശങ്കയോ അസൂയയോ ഈ ജിവിക്ക് ഇല്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മിച്ചം വെച്ച പഴം തീര്‍ക്കാതെ അടുത്തത് വെട്ടിപിടിക്കാന്‍ തുനിഞ്ഞില്ല. മനുഷ്യനായി ജനിച്ചതില്‍ ലജ്ജ തോന്നുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News