ഇന്ത്യന്‍ ക്രിക്കറ്റില്‍ പാണ്ഡ്യ യുഗമോ; ഓസീസിനെതിരെ പാണ്ഡ്യയെങ്ങനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി; വെളിപ്പെടുത്തലുമായി കോഹ്‌ലി

ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ കാലത്തിലൂടെ സഞ്ചരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിനു പിന്നാലെ ഏകദിനത്തിലും ഒന്നാം സ്ഥാനം തേടിയെത്തിയതും ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കിയതും സമീപകാല കാഴ്ചകളെ ആനന്ദിപ്പിക്കുന്നു.

ലോക ക്രിക്കറ്റിലെ പ്രതാപശാലികളായ ഓസ്‌ട്രേലിയക്കെതിരായ 5 മത്സര ഏകദിന പരമ്പര മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ സ്വന്തമാക്കുകയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തി വിളിച്ചറിയിക്കുന്നതാണ്.

കാലങ്ങളുടെ കാത്തിരിപ്പ്

ഹര്‍ദിക് പാണ്ഡ്യയെന്ന യുവ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തി ദുര്‍ഗമായി മാറുന്നതിനു കൂടിയാണ് പരമ്പര സാക്ഷ്യം വഹിക്കുന്നത്. നന്നായി ബാറ്റ് ചെയ്യുന്ന ഫാസ്റ്റ് ബൗളറിന് വേണ്ടിയുള്ള കാത്തിരിപ്പിന് കാലങ്ങളുടെ ആയുസ്സുണ്ട്.

കപില്‍ ദേവിന് ശേഷം അത്തരത്തിലൊരു ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ല. ജാക്ക് കാലിസും ലാന്‍സ് ക്ലൂസ്‌നറും ഷോണ്‍പൊള്ളോക്കും നീല്‍ ജോണ്‍സണും ആന്‍ഡ്രൂ ഫ്‌ലിന്റോഫും ബെന്‍സ്റ്റോക്‌സും അരങ്ങ് തകര്‍ത്തപ്പോള്‍ കണ്ടു നില്‍ക്കുകയായിരുന്നു ടീം ഇന്ത്യ.

ആ പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റില്‍ പാണ്ഡ്യയ്ക്ക് നല്ല കാലമാണ്.

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി കലാശക്കളിയില്‍ പാക്കിസ്ഥാന് മുന്നില്‍ ടീം ഇന്ത്യ തോറ്റമ്പിയെങ്കിലും ഹര്‍ദിക്കിന്റെ പ്രകടനത്തെ ഏവരും വാഴ്ത്തിയിരുന്നു.

പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉജ്ജ്വല വിജയം നേടിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി തിളങ്ങിയതും മറ്റാരുമായിരുന്നില്ല.

സ്ഥാനകയറ്റത്തിനു പിന്നിലെ തന്ത്രം

സാധാരണഗതിയില്‍ ലോ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി കളത്തിലെത്താറുള്ള പാണ്ഡ്യ പക്ഷെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയെന്നതും മത്സരത്തിലെ സവിശേഷതയായി.

പാണ്ഡ്യയ്ക്ക് സ്ഥാനകയറ്റം കിട്ടിയത് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത പാണ്ഡ്യ യുവിയുടെ നാലാം നമ്പര്‍ സ്ഥാനം സ്വന്തമാക്കാനുള്ള സാധ്യതകളാണ് നിറയുന്നത്.

അതിനിടയിലാണ് പാണ്ഡ്യയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ പ്രൊമോഷന്‍ നല്‍കാനുള്ള കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെ രംഗത്തെത്തിയത്.

പരിശീലകന്‍ രവിശാസ്ത്രിയുടെ തന്ത്രമായിരുന്നു അതെന്നാണ് കോഹ്ലി വ്യക്തമാക്കിയത്. ആക്രമിച്ച് കളിക്കുന്ന താരമായിരുന്നു ആ ഘട്ടത്തില്‍ വേണ്ടിയിരുന്നത്.

ബൗളര്‍മാര്‍ക്ക് മേല്‍ മാനസികാധിപത്യം നേടുന്ന പാണ്ഡ്യ അങ്ങനെയാണ് നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയത്. എന്തായാലും ശാസ്ത്രിയുടെ തന്ത്രം വിജയിച്ചതോടെ പാണ്ഡ്യ താരത്തിളക്കത്തിലാണ്.

നായകനും പാണ്ഡ്യയെക്കുറിച്ച് വലിയ മതിപ്പാണ്. ആവശ്യത്തിനനുസരിച്ച് ബാറ്റ് വീശുന്ന താരം ടീമിന് മുതല്‍കൂട്ടാണെന്ന് തുറന്ന് പറയാനും കോഹ്ലി മടികാട്ടിയില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി പാണ്ഡ്യ യുഗം വരുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്. അതോ പ്രതീക്ഷ പ്രകടിപ്പിച്ച് പിന്നിട് സ്ഥിരത നിലനിര്‍ത്താനാകാതെ പോയ ഇര്‍ഫാന്‍ പത്താനടക്കമുള്ളവരുടെ ഗതി വരുമോയെന്നും കാത്തിരുന്ന് കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News