എന്നെ അവര്‍ ഉപയോഗിച്ചു; ആദ്യഘട്ടത്തില്‍ ഞാന്‍ യുഡിഎഫിന്റെ കയ്യിലെ പാവയായിരുന്നു; സത്യം തെളിയും; സരിതയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ആരോപണവിധേയയായ സരിത പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

സോളാര്‍ കേസ് കേരളീയ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന പീപ്പിള്‍ ടി വിയോടാണ് സരിത വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ കമ്മീഷനില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് സരിത പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളടക്കം കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ സരിത തന്റെ കയ്യിലുള്ള തെളിവുകള്‍ കൈമാറിയിരുന്നെന്നും വിവരിച്ചു.

സത്യം തെളിയും

സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു. സോളാര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ നിര്‍ദേശം പ്രകാരം പാവയെ പോലെയാണ് പ്രവര്‍ത്തിച്ചത്.

അന്വേഷണ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫ് ആയിരുന്നെങ്കിലും കമ്മീഷനുമായി സഹകരിക്കരുതെന്ന നിര്‍ദേശമാണ് യു ഡി എഫിലെ പ്രമുഖ നേതാക്കള്‍ പറഞ്ഞത്.

ഇതനുസരിച്ചാണ് താന്‍ ആദ്യ ഘട്ടത്തില്‍ നിസ്സഹരിച്ചതെന്നും സരിത വെളിപ്പെടുത്തി. താന്‍ തെറ്റുകാരിയല്ലെന്ന് പറയുന്നില്ലെന്ന വ്യക്തമാക്കിയ സരിത ഭരണരംഗത്തിരുന്ന് പ്രമുഖര്‍ നടത്തിയ അഴിമതിയുടെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് വിവരിച്ചു.

തന്നെ മാത്രം കുറ്റക്കാരിയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച വമ്പന്‍ സ്രാവുകളെ തുറന്നുകാട്ടുന്നതാകും റിപ്പോര്‍ട്ടെന്നാണ് പ്രതീക്ഷയെന്നും അവര്‍ വിശദീകരിച്ചു.

സോളര്‍ കമ്മീഷനു മുന്നില്‍ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. കുറ്റവാളികളായ എല്ലാവരും നിയമത്തിന് മുന്നില്‍ വരണം. ചിലര്‍ മാത്രം ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് അംഗികരിക്കാനാകില്ലെന്നും സരിത വ്യക്തമാക്കി.

ജയില്‍ ജീവിതമടക്കമുള്ള പീഡനകാലത്തെക്കുറിച്ചും സരിത പിപ്പീള്‍ ടീ വിയോട് വെളിപ്പെടുത്തല്‍ നടത്തി.

സോളാര്‍ തട്ടിപ്പു കേസില്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് പരാമര്‍ശമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

നാല് ഭാഗങ്ങളായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here