തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ട്; അതുകൊണ്ട് ഭയമില്ല: ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ ഭയമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കമീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്

ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ഒന്നും മറച്ച് വയ്ക്കാനുണ്ടായിരുന്നില്ല. കമീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസമൊന്നും പറഞ്ഞിരുന്നില്ല. റിപ്പോര്‍ട്ടിലെ വിശദീകരണം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ തട്ടിപ്പുക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നാലു ഭാഗങ്ങളിലായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ്.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായത് അതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വിശദമായി പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വൈകുന്നേരമാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പത്ത് മിനിറ്റിലധികം മുഖ്യമന്ത്രിയുമായി ജസ്റ്റിസ് ശിവരാജന്‍ കൂടിക്കാഴ്ച്ചയും നടത്തി.

ജുഡീഷ്യല്‍ കമീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന അന്വേഷണ കമീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചത്. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സോളാര്‍ കേസ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവിയാണ്.

ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിപ്പുകാരായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധിപേരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ച പരാതി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി മാറുന്ന സ്ഥിതിയായി.

ഉമ്മന്‍ചാണ്ടി, പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍, യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായി.

എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here