യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് ബിജെപി എംപിയും ശിവസേനയും; മാന്ദ്യത്തിന്റെ പൂര്‍ണഉത്തരവാദിത്തം മോദിക്ക്

ദില്ലി: സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി കൂടി നടപ്പിലാക്കിയത് പ്രശ്‌നം ഗുരുതരമാക്കി

മാന്ദ്യം പരിഹരിക്കാന്‍ എന്‍ഡിഎയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയില്‍ നോട്ട് അസാധുവാക്കല്‍ പോലുള്ളവ നടപ്പിലാക്കാന്‍ പാടില്ലായിരുന്നു. അതിന്റെ കൂടെ ആലോചനയില്ലാതെ തിടുക്കത്തില്‍ ജിഎസ്ടി കൂടി നടപ്പിലാക്കിയത് പ്രശ്‌നം ഗുരുതരമാക്കി.

സാമ്പത്തികാവസ്ഥയെക്കുറിച്ച് തന്നേക്കാള്‍ കൂടുതല്‍ അറിവ് ഉള്ളതിനാലാകാം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തന്നെ വിമര്‍ശിക്കുന്നതെന്നും 7 തവണ ബജറ്റ് അവതരിപ്പിച്ച യശ്വന്ത് സിന്‍ഹ പരിഹസിച്ചു.

യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിയായിരുന്നു യശ്വന്തെന്നും സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്ററില്‍ കുറിച്ചു.

യശ്വന്തിന്റെയും അരുണ്‍ ഷൂരിയുടേയും പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ശത്രുഘ്‌നന്‍ ആവശ്യപ്പെട്ടു. യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് സഖ്യകക്ഷിയായ ശിവസേന വെല്ലുവിളിച്ചു. സര്‍ക്കാര്‍
നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പാര്‍ട്ടി പത്രമായ സാംമ്‌നയിലൂടെ ശിവസേന വിമര്‍ശിച്ചു.

അതേസമയം യശ്വന്ത് സിന്‍ഹയെ പ്രതിരോധിക്കാന്‍ മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹയെ ബിജെപി കളത്തിലിറക്കി. എല്ലാ ഇന്ത്യക്കാര്‍ക്കും മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ പക്ഷപാതരഹിതമായ പുതിയ സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്ത് രൂപംകൊള്ളുന്നതെന്നും ജയന്ത് സിന്‍ഹ ദേശീയ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News