യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ബഹിഷ്‌കരിച്ച് യൂത്ത് ലീഗ്; നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

മലപ്പുറം: വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ പ്രചാരണത്തില്‍നിന്ന് യൂത്ത് ലീഗ് വിട്ടുനില്‍ക്കുന്നതായി പരാതി. യൂത്ത് ലീഗ് ജില്ലാ നേതൃത്വത്തെ പാണക്കാട്ടേക്ക് വിളിപ്പിച്ചു.

പ്രചാരണരംഗത്ത് കാണാനില്ലെന്ന് കോണ്‍ഗ്രസിനും പരാതി

മണ്ഡലത്തില്‍ മുസ്ലിം ലീഗിന് ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും പ്രചാരണരംഗത്ത് കാണാനില്ലെന്ന് കോണ്‍ഗ്രസിനും പരാതി.

യൂത്ത് ലീഗിന്റെ ആവശ്യങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണമായും അവഗണിച്ചതാണ് യുവനിരയെ ചൊടിപ്പിച്ചത്. യുഎ ലത്തീഫിന് സീറ്റ് നിഷേധിച്ചതില്‍ അന്നുതന്നെ യൂത്ത് ലീഗ് അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ പ്രചാരണത്തിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇറങ്ങാത്തതാണ് നേതാക്കളെ അമ്പരിപ്പിച്ചത്.

സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ പ്രശ്‌നം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ യൂത്ത് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. മണ്ഡലപര്യടനം പോലും ഇതുവരെ തുടങ്ങാനാവാത്തതില്‍ കോണ്‍ഗ്രസിനും പരാതിയുണ്ട്.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മണ്ഡലത്തിലെത്തിയിട്ടും മുസ്ലിം ലീഗിലെ പ്രബലരാരും വേങ്ങരയിലെത്തിയില്ല. ലീഗിനകത്തെ തര്‍ക്കങ്ങള്‍ പ്രചാരണത്തെ ബാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് മണ്ഡലത്തിലെത്തിയത്.

സംസ്ഥാനജനറല്‍ സെക്രട്ടറി കെപിഎ മജീദാകട്ടെ ഇതുവരെ പങ്കെടുത്തത് ഒരേയൊരു കണ്‍വന്‍ഷനില്‍ മാത്രം. വിമത ഭീഷണി നിലനില്‍ക്കുമ്പോഴും ലീഗിന്റെ ശക്തികേന്ദ്രത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം സജീവമല്ലാത്തതില്‍ മുന്നണിയിലും അതൃപ്തിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here