കൊതിയുള്ളവര്‍ കാണരുത്, സഹിക്കില്ല: വില്ലേജ് ഫുഡ് ഫാക്ടറി പക്കാ ലോക്കല്‍ വിഭവങ്ങള്‍

കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലെ ഒരു ചെറുഗ്രാമത്തിലെ ചെറുരുചികള്‍ക്ക് ഇന്ന് കോടിക്കണക്കിന് ലൈക്കാണ്. ഗോപിനാഥെന്ന 26കാരനായ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡിപ്ലോമക്കാരന്‍ വില്ലേജ് ഫുഡ് ഫാക്ടറി എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി.

കണ്ടാല്‍ നാവില്‍ വെള്ളമൂറാതെ ഒരടി മുന്നോട്ട് വെക്കാനാകില്ല

അവതാരകനും അടുക്കളക്കാരനുമൊക്കെ സ്വന്തം അച്ഛന്‍ അറുമുഖന്‍. നല്ല നാടന്‍ സെറ്റപ്പില്‍ അറുമുഖനങ്ങ് അടുക്കളക്കാരനായപ്പോള്‍ അതൊരു ഒന്നൊന്നര സംഭവമായി. സംഗതി സിംപിളാണ്, പക്ഷേ പവര്‍ഫുള്ളാണ്.

കോഴിയെ പറമ്പില്‍ ഓടിച്ചിട്ട് പിടിക്കും. പപ്പും പൂടയും പറിച്ച് അവിടിട്ടു തന്നെ വേവിക്കും. ഇതാണ് അറുമുഖന്‍ സ്‌റൈല്‍. നല്ല പക്കാ ലോക്കല്‍ കിടിലന്‍ ഐറ്റംസ്. കണ്ടാല്‍ നാവില്‍ വെള്ളമൂറാതെ ഒരടി മുന്നോട്ട് വെക്കാനാകില്ല. അതുറപ്പാണ്.

നോണ്‍വെജില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍. അറേബ്യന്‍ ഐറ്റംസൊക്കെ രണ്ടാമത് നിക്കും. പള്ളിപ്പാളയം ചിക്കന്‍, കോല ഫിഷ് അങ്ങനെ തന്നെ കറിയാക്കിത്, നാടന്‍ കോഴിയെ മസാലയില്‍ ചുട്ടെടുത്തത്, ആടിനെ അപ്പാടെ തോലുരിഞ്ഞ് വൃത്തിയാക്കി ധം ഇട്ട ബിരിയാണി, ആടില്‍ തന്നെ ആയിരം പരീക്ഷണങ്ങള്‍, ആടിന്റെ കാല് സൂപ്പ് സ്‌പെഷ്യല്‍, കുടല്‍ മുതല്‍ കരളും ആമാശയവും റോസ്റ്റാക്കിയത്, ആട്ടിന്റെ ശ്വാസകോശത്തില്‍ മുട്ട നിറച്ച് വേവിച്ച് നാടന്‍ മസാലയരച്ച് കറിയാക്കിയത്, ആട്ടിന്‍ ചോരകൊണ്ടുള്ള സ്‌പെഷ്യല്‍ വിഭവം കണ്ടാല്‍ ആടു തോമ പോലും ഞെട്ടിപ്പോകും.

ആട്ടിന്‍ കിഡ്‌നി സൂപ്പ്, ആട്ടിന്‍ തല ചുട്ടത്, ആട്ടിന്‍ തല മുളകിട്ടത്, ആടിന്റെ തലച്ചോര്‍ പൊരിച്ചത്, കരള്‍ വറുത്തത്, ഉള്ളത് പറഞ്ഞാല്‍ ആടിന്റേതായി അറുമുഖം കളയുന്നത് കുളമ്പും രോമവും മാത്രം. തീര്‍ന്നില്ല, മുയലിനെ കനലില്‍ ചുട്ടത്, ബീഫും പോത്തുമാണങ്കില്‍ ഒരു കാല്‍ അപ്പാടെ കറിയാക്കും. ഞണ്ട്, കക്ക, കണവ, മീന്‍ മുട്ട അറുമുഖന്‍ അര്‍മാദിക്കാത്ത മേഖല ഇല്ല.

തന്തൂരി തന്തൂരിന്ന് കേട്ടതല്ല തന്തൂരി, തന്തൂരിയെന്താണന്ന് അറുമുഖന്‍ കാട്ടിത്തരും. വിറകിലും വിറകടുപ്പിലുമാണ് പാചകം. അത് വിട്ടോരു കളിയില്ല നാടന്‍ മീന്‍ വൃത്തിയാക്കി വരഞ്ഞ് കീറി ഉള്ളില്‍ മസാല നിറച്ച് കനലില്‍ റോസ്റ്റ് ചെയ്‌തെടുത്താല്‍. എന്റെ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല. നോണ്‍ വെജില്‍ മാത്രമല്ല വെജിലുമുണ്ട് അറുമുഖന് പിടി.

വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങി ആദ്യ ആറു മാസത്തിനുള്ളില്‍ 6.65 ലക്ഷമാണ് ഗോപിനാഥിന് വരുമാനം ലഭിച്ചത്. ഇതുവരെ 42 വീഡിയോ അപ്ലോഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News