കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്കും; അവസാനവട്ട മിനുക്കുപണിയില്‍ കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും നാടിന് സമര്‍പ്പിക്കാനുളള അവസാനവട്ട മിനുക്കുപണിയിലാണ് കെഎംആര്‍എല്‍. നഗര ഹൃദയത്തിലേക്കും ആകാശയാത്ര എത്തുമ്പോള്‍ ഗതാഗതരംഗത്ത് കൊച്ചി പുതിയൊരു കുതിപ്പ് കൂടി നടത്തും. വിപുലമായ ആഘോഷത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് ഉദ്ഘാടനം ചെയ്യും.

 കൂകിപ്പായാന്‍ ഇനി ഒരു നാള്‍ മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ സമയബന്ധിതമായി മറ്റൊരു പദ്ധതി കൂടി പൂര്‍ത്തീകരിക്കുന്നു. നാടിന്റെ അഭിമാനമായ കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കൂകിപ്പായാന്‍ ഇനി ഒരു നാള്‍ മാത്രം. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ട സര്‍വ്വീസ് മൂന്നാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കാനുളള അവസാനവട്ട പണിപ്പുരയിലാണ് കെഎംആര്‍എല്‍. സ്റ്റേഷനുകളുടെ സൗന്ദര്യവത്ക്കരണ ജോലികളെല്ലാം പൂര്‍ത്തിയായിക്ക!ിഞ്ഞു. ഉദ്ഘാടന ദിവസം മെട്രോയില്‍ ആകാശയാത്ര നടത്തുന്നവര്‍ക്ക് രസകരമായ കാരിക്കേച്ചര്‍ വരച്ചു നല്‍കാന്‍ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളും ഇന്നേ ദിവസമെത്തും.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുളളത്. ഇതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ദ്ധിക്കും. ട്രെയിനുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്‍പതാക്കി ഉയര്‍ത്തുകയും ചെയ്യും.

ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. സ്ഥിരം യാത്രക്കാര്‍ക്ക് 40 ശതമാനം ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പ് മെട്രോ സര്‍വ്വീസിന് പച്ചക്കൊടി വീശുന്നതോടെ കൊച്ചിയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെയും മെട്രോയിലേക്ക് ആകര്‍ഷിക്കും.

മെട്രോയുടെ പുതിയ സര്‍വ്വീസിന്റെ പ്രചരണാര്‍ത്ഥം നാളെ മെട്രോ ഗ്രീന്‍ റണ്‍ എന്ന പേരില്‍ മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയാകും മാരത്തോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here