ആര്‍എസ്എസ്സിന്റേത് അക്രമങ്ങളും ഭീകരതയും നടത്തി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമം : യെച്ചൂരി

ന്യൂഡല്‍ഹി : ആര്‍എസ്എസ് കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനായി വന്‍തോതില്‍ ആയുധ ശേഖരം നടത്തുകയാണവര്‍. അക്രമങ്ങളും ഭീകരതയും നടത്തി അതുവഴി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്.

വര്‍ഗ്ഗീയ ദ്രുവീകരണത്തിനായി ഇത്തരം ശ്രമങ്ങളാണ് അവര്‍ നടത്തിപ്പോരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഉണ്ടായ ഏതൊരു വര്‍ഗ്ഗീയ കലാപത്തിലും ആര്‍എസ്എസിനോ അതിന്റെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘത്തിനോ ഇപ്പോഴത്തെ രൂപമായ ബിജെപിക്കോ പങ്കുണ്ടായിരുന്നതായി യെച്ചൂരി പറഞ്ഞു

ഈ മാസം ഒന്‍പതാം തീയതിയോടു കൂടി ആര്‍എസ്എസിന്റെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

രാഷ്ട്രീയ അതിക്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നു എന്ന ആര്‍എസ്എസ് പ്രചരണത്തിന് പിന്നില്‍ അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്.

കേരളത്തില്‍ തോറ്റതിനാലുള്ള ബുദ്ധിമുട്ടുകളാണ് അവര്‍ക്കുള്ളത്. മാത്രമല്ല മുഖ്യമന്ത്രി വിജയിച്ച മണ്ഡലത്തില്‍ നടന്ന ജാഥക്ക് നേരെ ആര്‍എസ്എസ് അതിക്രമങ്ങള്‍ നടത്തി.

സിപിഐ എം പ്രവര്‍ത്തകനെ അന്ന് അവര്‍ ആക്രമിച്ചിരുന്നു. ഇതാണ് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയത് എന്നുള്ളത് അമിത് ഷാ മറച്ചുവെക്കുന്നു.

നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്തു. ഇക്കാര്യത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി ഇത്തരം പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനങ്ങള്‍ക്കും യെച്ചൂരി മറുപടി നല്‍കി. കേരളത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആശുപത്രികള്‍ എങ്ങനെ കൊണ്ടുനടക്കണമെന്ന് കേരളത്തില്‍ നിന്നും പഠിക്കണമെന്നാണ് ഇതിനുള്ള മറുപടിയായി യെച്ചൂരി പറഞ്ഞത്.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കുകയാണ് ആദിത്യനാഥ് ആദ്യം ചെയ്യേണ്ടതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധികളിലേക്ക് രാജ്യം പോവുകയാണ്.

ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നിരന്തരമായി നടത്തുന്നത്; അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News