പോണ്ടിച്ചേരി സര്‍വ്വകലാശാല കാമ്പസില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അവിടുത്തെ നാട്ടുകാരുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അക്രമം തടയണമെന്നും ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സംരക്ഷണം ആവശ്യപ്പെട്ട് പിണറായി

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അക്രമം തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി കാമ്പസിലെ ഫിസിക്കല്‍ എജുക്കേഷന്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്‌നം പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

സപ്തംബര്‍ 13-ന് നാട്ടുകാരായ വിദ്യാര്‍ത്ഥികളും പുറത്തുനിന്നുളളവരും ചേര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ മുറികളില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുണ്ടായി.

പേടിച്ച് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.