നിരോധനങ്ങളുടെ കാലത്തും നിശ്ശബ്ദമാകാത്ത ക്യാമ്പസ്സ്

നിരോധനങ്ങളുടെ കാലമാണ്. അത്യന്തം ഭീകരതയോടെ ജീവന്‍ പോലും നിരോധിക്കപ്പെടുന്ന ഒരു കാലം. നന്മയുടെ സകലമുകുളങ്ങളും നുള്ളിയെറിയപ്പെടുന്നു.

ഇവിടെ അനീതി നിയമമാകുമ്പോള്‍ അനിവാര്യമായും നിഷേധത്തിന്റെ കൊടുങ്കാറ്റുയരേണ്ടത് ക്യാമ്പസുകളില്‍നിന്നാണ്.

നിശ്ശബ്ദമാകാത്ത ക്യാമ്പസ്സ്

ഒരിക്കലും നെറികേടുകളോട് സമരസപ്പെടാന്‍ വഴങ്ങാത്ത ഇന്നലെകളുടെ ചരിത്രം, സമാനതകളില്ലാത്ത രക്തസാക്ഷിത്വങ്ങള്‍, ചോര ചിന്തിയ തെരുവുകള്‍, ഇവയെല്ലാം നമുക്ക് മുന്നില്‍നിന്ന് പ്രതിരോധത്തിന്റെ വെളിച്ചം തൂകുമ്പോള്‍ ആണ് നിരോധനങ്ങളുടെ കാലത്തും നിശ്ശബ്ദമാകാത്ത ക്യാമ്പസുകള്‍ ഉണ്ടാകുന്നത്.

വിദ്യാഭ്യാസത്തെപ്പോലും അവരുടെ നിറക്കൂട്ടിലേക്ക് ചുരുക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ജനാധിപത്യപരമായി ഒരുവിധത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇതേവരെ ഇടം നല്‍കിയിട്ടില്ല.

ടിഎസ്ആര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് പുതിയ ദേശീയവിദ്യാഭ്യാസത്തിനായി ബിജെപി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

എന്‍ഇപിയുടെ കരടുരേഖ സമഗ്രമായി പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസ് വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ ഫണം വിടര്‍ത്തിനില്‍ക്കുന്നത് കാണാം.

വാജ്‌പേയി സര്‍ക്കാര്‍ തുടങ്ങിവച്ച വിദ്യാഭ്യാസമേഖലയുടെ കാവിവല്‍ക്കരണ അജന്‍ഡ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കര്‍മപദ്ധതിയാണ് എന്‍ഇപി ലക്ഷ്യമിടുന്നത്.

നവവിദ്യാഭ്യാസരംഗത്തെ സംവാദവിഷയങ്ങളായ ലിംഗനീതിയും സ്വത്വാധിഷ്ഠിതപ്രശ്‌നങ്ങളും പരിസ്ഥിതിയും കരടുരേഖയില്‍ കാണില്ല.

മനുഷ്യാവകാശങ്ങളും ഭരണഘടനകള്‍ ഉറപ്പു നല്‍കുന്ന മൌലികനീതികളും പുറത്താക്കപ്പെടുകയും പകരം സംസ്‌കൃതവും യോഗയും സുപ്രധാനതലക്കെട്ടുകളായി സ്ഥാനം കൈയടക്കുകയും ചെയ്തു. കരടുരേഖയുടെ ആദ്യവാചകംതന്നെ വേദിക്വിദ്യാഭ്യാസം ആയിരുന്നു. പ്രാചീനകാലംമുതല്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെന്ന് പ്രഖ്യാപിക്കുന്നതാണ്.

മിത്തുകളെയും ഇതിഹാസങ്ങളെയും ചരിത്രവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് സംഘപരിവാര്‍ അജന്‍ഡ ഇതില്‍ തെളിഞ്ഞുകാണാം. ജോതിബാഫുലെയും സാവിത്രിഫുലെയും അയ്യന്‍കാളിയെയും ശ്രീനാരായണഗുരുവിനെയും വിദ്യാഭ്യാസ സമരങ്ങളുടെ ചരിത്രവഴിയില്‍നിന്ന് വെട്ടിമാറ്റുകയും പകരം റാംമോഹന്റായ്, മദന്‍ മോഹന്‍ മാളവ്യ, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ പ്രതിഷ്ഠിക്കുകയും ചെയ്യുകവഴി സംശയലേശമെന്യെ അനാവരണംചെയ്യപ്പെടുന്നത് വിദ്യാഭ്യാസരംഗത്തെ സംഘപരിവാര്‍ അജന്‍ഡയാണ്.

യുജിസി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡംപോലും പാലിക്കാതെ ലോകത്തെ മൂന്നാംകിട സര്‍വകലാശാലകള്‍ക്കും ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്കും അംഗീകാരംനല്‍കാനുള്ള ശ്രമവും ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

രാജ്യത്തെ സര്‍വകലാശാലകളുടെ ആകെ സമരോത്സുകതയുടെ മകുടോദാഹരണമായ ജെഎന്‍യുവില്‍ അനിവാര്യമായും ഇടതുസഖ്യം വിജയിച്ച കാലമാണ്. ഇടതുപക്ഷത്തിന് അത്രയൊന്നും വേരോട്ടമോ ശേഷിയോ ഇല്ലാത്ത സംഘപരിവാര്‍ ഭരണം കൈയാളുന്ന രാജസ്ഥാനിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാലയങ്ങളിലും ക്യാമ്പസുകളുടെ വിദ്യാര്‍ഥിപതാക എസ്എഫ്‌ഐയുടേതു മാത്രമാകുന്ന അത്യന്തം ആഹ്‌ളാദകരമായ കാഴ്ചയാണ് പുതിയ കാലത്തെ അഭിസംബോധനചെയ്യുന്നത്.

കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം എസ്എഫ്‌ഐയുടെ സമ്പൂര്‍ണാധിപത്യം ആയിരുന്നു. സംസ്ഥാനത്തെ ആകെ 49 പോളിടെക്‌നിക്കിലും നടന്ന തെരഞ്ഞെടുപ്പില്‍ 48 കോളേജിലും വിജയം കൈവരിച്ചു. കേരളത്തിലെ വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

കലാലയങ്ങള്‍ ലോകചരിത്രത്തില്‍ എല്ലായിടത്തും എല്ലാക്കാലത്തും വ്യവസ്ഥതിയെ ചോദ്യംചെയ്യപ്പെടാന്‍ ശേഷിയുള്ള ആശയങ്ങള്‍ രൂപപ്പെട്ട ഇടങ്ങളായിരുന്നു. അനിവാര്യമായ നിഷേധസ്വരങ്ങളുടെ ഉത്ഭവകേന്ദ്രം ക്യാമ്പസുകളായിരുന്നു. ഫ്രഞ്ച് വിപ്‌ളവം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമരങ്ങള്‍വരെയുള്ള സമരങ്ങള്‍ സാധ്യമാക്കിയത് ക്യാമ്പസുകള്‍തന്നെയായിരുന്നു.

ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയുടെ രക്തസാക്ഷിത്വം കേരളത്തിലെ സ്വാശ്രയകലാലയങ്ങളെ പ്രകമ്പനം കൊള്ളിച്ച കാലം കൂടിയാണ് കടന്നുപോയത്. പെയിന്റടിച്ച് വായ മൂടിക്കെട്ടിയ ചുവരുകള്‍മുതല്‍ അസ്വാതന്ത്യ്രത്തിന്റെ അടച്ചുറപ്പുള്ള ചുറ്റുമതിലുകളും വാര്‍പ്പുകോട്ടകളുംവരെ അനിവാര്യമായും തകര്‍ന്നുവീണു.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയുടെ സമരപതാകയുമേന്തി കടന്നുവന്നപ്പോള്‍ കച്ചവട മാനേജുമെന്റുകളുടെ ഇടിമുറികളും ഫൈന്‍മുറികളും നിഷ്പ്രഭമാക്കപ്പെട്ടു. വെളിച്ചവും വായുവും കടന്നുവരാത്ത ചില്ലുകൊട്ടാരങ്ങള്‍ തകര്‍ന്നടിഞ്ഞു വീണു.

ജിഷ്ണു പ്രണോയ് എന്ന പേര് കേരളത്തിലെ സംഘടനാസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട സകലമാന ഇടങ്ങളിലേക്കും പടര്‍ന്നുപിടിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സംഘടനാസ്വാതന്ത്യ്രം ആവശ്യമില്ലെന്ന് ആണയിട്ടിരുന്ന പൊതുബോധവും മധ്യവര്‍ഗവും തങ്ങളുടെ മക്കള്‍ക്ക് ഭയലേശമെന്യെ ക്യാമ്പസുകളില്‍ പഠിക്കാന്‍ എസ്എഫ്‌ഐയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ജനാധിപത്യവേദികളും അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് രൂപാന്തരപ്പെട്ടു.

സെപ്തംബര്‍ 11ന് ആരംഭിച്ച എസ്എഫ്‌ഐയുടെ സംസ്ഥാനജാഥകള്‍, സംഘടനാസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട മുഴുവന്‍ കലാലയങ്ങളിലും സംഘടനാസ്വാതന്ത്യ്രം കൊണ്ടുവരുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് ഗവണ്‍മെന്റിനോടാവശ്യപ്പെടുകയാണ്.

സ്വാശ്രയമേഖലയിലെ സാമൂഹ്യനീതിയും മെറിറ്റും സംരക്ഷിക്കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധരാകണം. ഞങ്ങള്‍ ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ്.

മരിക്കാത്ത മസ്തിഷ്‌കങ്ങളും ചിന്തിക്കുന്ന തലച്ചോറുകളും കാലത്തിന്റെ അത്യന്തം അവിഭാജ്യമായ ആവശ്യകതയാണ്. വര്‍ഗീയതയുടെ കാലത്ത് മതനിരപേക്ഷതയ്ക്കുവേണ്ടി, അരാഷ്ട്രീയതയുടെ കാലത്ത് സമരോത്സുകതയ്ക്കുവേണ്ടി, നിരോധനങ്ങളുടെ കാലത്ത് ബഹുസ്വരതയ്ക്കുവേണ്ടി കേരളത്തിലെ വിദ്യാര്‍ഥിസാഗരം അനിവാര്യമായ സമരത്തില്‍ത്തന്നെയാണ്. നിരോധനങ്ങളുടെ കാലത്തും നിശ്ശബ്ദമാകില്ല ക്യാമ്പസുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News