ടികെഎംഎം കോളേജില്‍ കെഎസ്‌യു അഴിഞ്ഞാട്ടം; പ്രിന്‍സിപ്പാളിന് നേരെ അസഭ്യവര്‍ഷം; ടി.കെ മാധവന്റെ സ്മൃതി മണ്ഡപം തകര്‍ക്കാനും ശ്രമം

ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജില്‍ കെഎസ്‌യു ആക്രമണം. പ്രിന്‍സിപ്പാളിന് നേരെ അസഭ്യവര്‍ഷം നടത്തിയ പ്രവര്‍ത്തകര്‍ റൂമിന്റെ ചില്ലുകളും, ചെടിച്ചട്ടികളും തകര്‍ത്തു. ടി.കെ മാധവന്റെ വെങ്കല സ്മൃതി മണ്ഡപം തകര്‍ക്കാനും ശ്രമം.

ഇന്ന് രാവിലെ 10.45ഓടെ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം വന്ന പുറത്തുനിന്നുമുള്ളവരാണ് അക്രമണം നടത്തിയത്. മുഖംമൂടി ധരിച്ചും അല്ലാതെയും എത്തിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനും, അധ്യാപകര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തുകയും ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വിജയം നേടിയതോടെ കോളേജില്‍ വാക്കു തര്‍ക്കങ്ങളും കയ്യേറ്റ ശ്രമങ്ങളും നടന്നിരുന്നു. ഇതില്‍ പ്രിന്‍സിപ്പാള്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ 10.30ഓടെ പ്രകടനമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു.

തുടര്‍ന്ന് കോളേജ് അധികൃതര്‍ കോളേജിലെ ക്ലാസുകള്‍ നിര്‍ത്തിവെച്ച് കുട്ടികളെ പറഞ്ഞ് അയക്കുകയും ചെയ്തു. എബിവിപി നേതാക്കന്മാര്‍ പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലില്‍ കൊടി കുത്തുകയും പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തികൊണ്ടിരുന്നപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കോളേജില്‍ എത്തുന്നത്.

പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അസഭ്യം പറഞ്ഞെത്തിയ സംഘം പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലില്‍ ഉണ്ടായിരുന്ന ഗ്ലാസുകളും ജനല്‍ ചില്ലുകളും തല്ലി തകര്‍ത്തു. കോളേജിന്റെ മുന്‍ വശത്ത് സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും സംഘം തകര്‍ത്തു. തുടര്‍ന്ന് ടി.കെ മാധവന്റെ വെങ്കലത്തില്‍ നിര്‍മ്മിച്ച് സ്ഥാപിച്ച പ്രതിമയ്ക്ക് നേരെ കല്ലെറിയുകയും, തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രതിമ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും അധ്യാപകര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പിന്മാറിയത്. കോളേജില്‍ അക്രമണം നടന്നിട്ടും ഹരിപ്പാട് എസ്‌ഐയോ പൊലീസുകാരോ സമയത്ത് എത്തിയില്ലെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News