മോദി ഭരണം അടിയന്തിരാവസ്ഥയേക്കാള്‍ ഭീതികരമെന്ന് കാരാട്ട്; വര്‍ഗീയ എകാധിപത്യവാഴ്ച തുടരുന്നു

തൃശൂര്‍: കോണ്‍ഗ്രസ് ഭരണത്തില്‍ 1975-77ല്‍ രാജ്യത്ത് അടിച്ചേല്‍പിച്ച അടിയന്തിരാവസ്ഥയേക്കാള്‍ ഭീതികരമായ അവസ്ഥയാണ് മോദി ഭരണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രണ്ടു ജാഥകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിശക്തമായി രംഗത്തുവന്നത് വിദ്യാര്‍ഥികളും യുവജനങ്ങളും

അടിയന്തിരാവസ്ഥയുടെ ഭീകരത 20 മാസം കൊണ്ടു തീര്‍ന്നുവെങ്കില്‍ മോദി സര്‍ക്കാരിന്റെ വര്‍ഗീയ എകാധിപത്യവാഴ്ച തുടരുകയാണ്. അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായി രംഗത്തുവന്നത് വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്.

ആ പ്രക്ഷോഭം കോണ്‍ഗ്രസ് ഭരണ യുഗത്തിന് അന്ത്യം കുറിച്ചു. കോണ്‍ഗ്രസിനുണ്ടായതിനേക്കാള്‍ ദയനീയമായ പതനമാണ് മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യത്തിനു നേരെ കടുത്ത കടന്നാക്രമണമാണ് മോദി ഭരണത്തില്‍ നടക്കുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അക്കാദമിക് സമൂഹത്തിന്റെയും എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നു. മൂന്നു വര്‍ഷമായി വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചു.

സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കി. പ്ലാനിങ് കമ്മീഷന് പകരം കേന്ദ്രസര്‍ക്കാര്‍ രുപം നല്‍കിയ നീതി ആയോഗ് തയ്യാറാക്കിയ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പദ്ധതികളില്‍ വിദ്യാസമേഖലയിലെ പൂര്‍ണ സ്വകാര്യവല്‍ക്കരണമാണ് നിര്‍ദേശിക്കുന്നത്.

എല്ലാ കേന്ദ്രസര്‍വകശാലകളുടെയും വിസിമാരായി ആര്‍എസ്സുകാരെ നിയമിച്ചു. ഹിന്ദുത്വ അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നതിനാണിത്. യുജിസി, ഇന്ത്യന്‍ ചരിത്രഗവേഷണ കൌണ്‍സില്‍, ശാസ്ത്രസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം ആര്‍എസ്എസുകാരെ കുത്തിനിറച്ചു.

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള പരീക്ഷണശാലകളാണ്. ജെഎന്‍യു അടക്കം കേന്ദ്ര സര്‍വകാലാശാലകളില്‍ കോഴ്‌സുകളും വിദ്യാഭ്യാസ പരിപാടികളും ഹിന്ദുത്വകാഴ്ചപ്പാടില്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

അതോടൊപ്പം അശാസ്ത്രീയതയും അയുക്തികതയും ശാസ്ത്ര സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നു. ക്യാമ്പസുകളില്‍ അതിനുള്ള അന്തരീക്ഷമൊരുക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയാണ്. അതിന്റെ മറവില്‍ ഭരണാധികാരികള്‍ വര്‍ഗീയ അജണ്ട നടപ്പാക്കുന്നു. സര്‍വകലാശാലകളില്‍ കടുത്ത വിദ്യാര്‍ഥി പീഡനങ്ങള്‍ നടക്കുന്നു. അതിന്റെ ഇരയാണ് രോഹിത് വെമുല.

ക്യാമ്പസുകളില്‍ വിദ്യാര്‍ഥി നേതാക്കളെ വര്‍ഗീയ വാദികള്‍ ആക്രമിക്കുന്നു. ഐഐടി പോലുള്ള സ്ഥാപനങ്ങളിലടക്കം ഹോസ്റ്റലുകളില്‍ മാംസഭക്ഷണം നിരോധിച്ചു.

ബാനാറാസ് അടക്കമുള്ള പല സര്‍വകലാശലകളിലും പെണ്‍കുട്ടികള്‍ക്കെതിരെയും പീഡനങ്ങള്‍ അരങ്ങേറുന്നു. രാത്രി എട്ടു കഴിഞ്ഞാല്‍ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു.

വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അരാജകത്വത്തിനും ഭീകരതക്കും വര്‍ഗീയവല്‍കരണത്തിനുമെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്.

ജെഎന്‍യു അടക്കം പല കേന്ദ്രസര്‍വകലാശാലകളിലുൂം തുടര്‍ച്ചയായി എബിവിപിയെ പരാജയപ്പെടുത്തി എസ്എഫ്‌ഐ നേതൃത്വത്തില്‍ ഇടതു പുരോഗമന വിദ്യാര്‍ഥിസഖ്യം വിജയിച്ചു.

ഇത്് മോദി സര്‍ക്കാരിനെതിരായ വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ്. ഇന്ദിരാഗാന്ധി എകാധിപതിയായി മാറിയ അടിയന്തിരാവസ്ഥയില്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചു. വിദ്യാര്‍ഥി നേതാക്കളെ തടവിലാക്കി. ഇതിനെതിരായ യുവജന രോഷമാണ് ഇന്ദിരായുഗത്തിന് അന്ത്യം കുറിച്ചത്.

കേരളത്തില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയുടെ അവകാശങ്ങളുയര്‍ത്തി ജഥ നടത്തുമ്പോള്‍ ബിജെപി നാട്ടില്‍ കാലപമുണ്ടാക്കാനുള്ള ‘ജനരക്ഷായാത്ര’ എന്ന പേരില്‍ വര്‍ഗീയ ജാഥ നടത്തുന്നുണ്ട്. ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനും നാട്ടില്‍ കലാപമുണ്ടാക്കി ജനപക്ഷത്തുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിക്കലുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ വെല്ലുവിളിഏറ്റെടുക്കാന്‍ വിദ്യാര്‍ഥകളും യുവജനങ്ങളും തയ്യാറാവണം. അതില്‍ അന്തിമ വിജയം നേടാനാകുമെന്നതില്‍ സംശയമില്ലെന്നും കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News