മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് ആവേശമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വേങ്ങരയില്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നേതാക്കളുടെ വന്‍നിരയും ഇന്ന് വേങ്ങരയിലുണ്ടാവും.

രാഷ്ട്രീയ പോരാട്ടമായി മാറി

പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള മത്സരമല്ല വേങ്ങരയിലേത്. ഇതിനകം രാഷ്ട്രീയ പോരാട്ടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘ് പരിവാര്‍ ഫാസിസ്റ്റ് ഭീഷണി സജീവ ചര്‍ച്ചയായ പ്രചാരണച്ചൂടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നത് ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് വേങ്ങര കാത്തിരിക്കുന്നത്.

മണ്ഡലത്തില്‍ മൂന്നിടത്ത് നടക്കുന്ന എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. എ ആര്‍ നഗറിലെ കുന്നുംപുറം, പറപ്പൂര്‍ പാലാണി, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയെത്തുക.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെടി ജലീല്‍, കെകെ ഷൈലജ എന്നിവരും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. യുഡിഎഫ് പ്രചരണയോഗങ്ങളില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും പങ്കെടുക്കും.

പൊതുയോഗങ്ങള്‍ക്കൊപ്പം കുടുംബയോഗങ്ങളും സ്ഥാനാര്‍ത്ഥി പര്യടനവും പുരോഗമിക്കുകയാണ്. ഇനി നാലുനാള്‍ മാത്രമാണ് പരസ്യപ്രചരണം.