അര്‍ജന്റീനയില്ലാത്ത ലോകകപ്പോ? സാധ്യതകള്‍ അങ്ങനെതന്നെ

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കുന്ന കളി പുറത്തെടുത്ത അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. നിര്‍ണായക മത്സരത്തില്‍ പെറുവിനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതോടെ ലാറ്റിനമേരിക്കന്‍ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന ആറാം സ്ഥാനത്തായി.

ബ്രസീല്‍, യുറുഗ്വായ്, ചിലി, കൊളംബിയ, പെറു എന്നീ ടീമുകളാണ് നിലവിലെ റണ്ണറപ്പുകള്‍ക്ക് മുന്നിലുള്ള ടീമുകള്‍.

സാധ്യതകളെല്ലാം അടഞ്ഞാല്‍ 1970ന് ശേഷം അര്‍ജന്റീനയില്ലാത്ത ആദ്യ ലോകകപ്പാകും അടുത്ത വര്‍ഷം

ദുര്‍ബലരായ വെനസ്വേലയ്‌ക്കെതിരെ സമനില വഴങ്ങിയ ടീമില്‍ നിന്ന് 5 മാറ്റങ്ങളുമായാണ് പെറുവിനെതിരെ അര്‍ജന്റീന കളത്തിലിറങ്ങിയത്.

ഡാരിയോ ബെനഡിറ്റോ, അലയാന്ദ്രോ ഗോമസ് എന്നിവരെയാണു മെസ്സിക്കും എയ്ഞ്ചല്‍ ഡി മരിയക്കുമൊപ്പം മുന്‍നിരയിലേക്കു കോച്ച് നിയോഗിച്ചത്. എന്നാല്‍ കളിയുടെ കൂടുതല്‍ സമയവും ഇവരെ പ്രതിരോധിച്ചു നിര്‍ത്താന്‍ പെറുവിന് കഴിഞ്ഞു.

എന്നാല്‍, കളിയില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടും അവര്‍ക്ക് വേണ്ട ജയം മാത്രം സ്വന്തമാക്കാനായില്ല. അവസാന മിനിറ്റുകളില്‍ കിട്ടിയ രണ്ട് ഫ്രീകിക്കുകള്‍ ഗോളിലെത്തിക്കാന്‍ മെസിക്കും കഴിഞ്ഞില്ല.

ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പെറു താരം പൗളോ ഗ്വറേറോ തൊടുത്ത ഫ്രീ കിക്ക് അത്ഭുതകരമായി തടുത്ത ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

സമനിലയ്‌ക്കൊപ്പം ഗോള്‍ ശരാശരിയിലും പിന്നിലായതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. 17 മല്‍സരങ്ങളില്‍നിന്ന് വെറും ആറു ഗോളുകള്‍ മാത്രമാണു മെസിയുടെ ടീം നേടിയത്. ചൊവ്വാഴ്ച നടക്കുന്ന അവസാന യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും.

ഇക്വഡോറിലെ ചരിത്രമാകട്ടെ അര്‍ജന്റീനയ്ക്ക് പ്രതികൂലവുമാണ്. ഇവിടെ മുന്‍പു നടന്നിട്ടുള്ള യോഗ്യതാ മല്‍സരങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണത്തിലും അര്‍ജന്റീന തോറ്റു. ഒരു മല്‍സരമാകട്ടെ സമനിലയിലുമായി.

ഇനി ഇക്വഡോറിനെതിരെ വിജയിച്ചാലും കണക്കിലെ കളികളുടെ അടിസ്ഥാനത്തില്‍ മാത്രമേ അര്‍ജന്റീനയ്ക്ക് റഷ്യയിലേക്ക് പോകാനാവൂ.

മറ്റ് മത്സരങ്ങളില്‍ ചിലി ബ്രസീലിനോടും പെറു കൊളംബിയയോടും തോല്‍ക്കണം. ഇങ്ങനെ അഞ്ചാം സ്ഥാനത്ത് എത്തിയാലും ന്യൂസിലന്റുമായി പ്ലേഓഫ് ജയിച്ചാലാണ് മെസിയുടെ ടീമിന് യോഗ്യത ലഭിക്കുക.

ഈ സാധ്യതകളെല്ലാം അടഞ്ഞാല്‍ 1970ന് ശേഷം അര്‍ജന്റീനയില്ലാത്ത ആദ്യ ലോകകപ്പാകും അടുത്ത വര്‍ഷം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here