കുമ്മനത്തിന്റേത് കൊലവിളി യാത്രയാണെന്ന് വി.മുരളീധരന്‍ തന്നെ വെളിപ്പെടുത്തിയെന്ന് കോടിയേരി; യഥാര്‍ത്ഥമുഖം മനസിലാക്കി ജനം യാത്രയെ പൂര്‍ണ്ണമായും നിരാകാരിച്ചു

തിരുവനന്തപുരം: ജനരക്ഷാ യാത്രയില്‍ പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി.മുരളീധരന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യാത്ര കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാന്‍

ജനരക്ഷായാത്ര എന്നുപറഞ്ഞുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

അക്രമത്തിനെതിരെ ബിജെപി യാത്രനടത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിജിത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിയെ പൂര്‍ണ്ണ നഗ്‌നനാക്കി എ.ബി.വി.പി-ആര്‍.എസ്.എസ്. സംഘം ഭീകരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഭിജിത്ത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആര്‍എസ്എസിന്റെ ശാഖയില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അഭിജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മാസങ്ങള്‍ക്കു മുമ്പാണ് ആലപ്പുഴയില്‍ അനന്തു എന്ന വിദ്യാര്‍ത്ഥിയെ ആര്‍എസ്എസുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ബിജെപി കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാനാണ് കേന്ദ്രമന്ത്രിമാരെയും അഖിലേന്ത്യാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് യാത്ര സംഘടിപ്പിച്ചത്.

എന്നാല്‍ കേരളത്തിലെ ജനം ഈ യാത്രയെ പൂര്‍ണ്ണമായും നിരാകാരിച്ചുവെന്ന് വന്നപ്പോഴാണ് പ്രകോപനം സൃഷ്ടിക്കാനും, അക്രമത്തിനുള്ള പരസ്യാഹ്വാനവും ആര്‍എസ്എസ് നേതാക്കള്‍ നല്‍കുന്നത്. ജനരക്ഷായാത്ര സിപിഐഎം വിരുദ്ധ കൊലവിളി യാത്രയാക്കി മാറ്റിയിരിക്കുകയാണ്.

പ്രകോപനങ്ങളില്‍ വീഴാതെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും യഥാര്‍ത്ഥമുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ട് വരണമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News