ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലും ഇത് തന്നെയാണ് കണ്ടെത്തിയിരുന്നത്. 2016ല്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്‍ഐഎ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ കോളേജിലെ പഠിക്കുമ്പോഴാണ് ഇസ്ലാം മതം സ്വീകരിച്ചത്.

തുടര്‍ന്ന് 2016 ഡിസംബറില്‍ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. പിന്നീട് രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് നിരീക്ഷിച്ച് ഹൈക്കോടതി വിവാഹം റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News