അ‍ഴിമതിയില്‍ എല്ലാവര്‍ക്കും പങ്കോ; അമിത്ഷായും മകനും കുരുങ്ങുന്നു; പൊതുമേഖലാസ്ഥാപനത്തില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികളുടെ വാ‍യ്പ അനുവദിച്ചതാര്; രേഖകള്‍ പുറത്ത്

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള കുസും ഫിന്‍സര്‍വ് എന്ന സ്ഥാപനത്തിന് പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) 10.35 കോടി രൂപ വായ്പ അനുവദിച്ചത് എല്ലാ മാനദണ്ഡവും ലംഘിച്ച്. മധ്യപ്രദേശിലെ രത്ലം എന്ന സ്ഥലത്ത് വിന്‍ഡ് എനര്‍ജി പ്ളാന്റ് സ്ഥാപിക്കുന്നതിനെന്ന പേരിലാണ് 2016 മാര്‍ച്ച് 22ന് ഐആര്‍ഇഡിഎ 10.35 കോടി രൂപ വായ്പ അനുവദിച്ചത്. 2015 ജൂലൈയില്‍മാത്രം സ്ഥാപിതമായ കുസും ഫിന്‍സര്‍വ് ഓഹരിവ്യാപാരത്തില്‍ മാത്രമാണ് ഏര്‍പ്പെട്ടിരുന്നത്. ഊര്‍ജോല്‍പ്പാദനരംഗത്തോ പശ്ചാത്തലസൌകര്യരംഗത്തോ ഒരു മുന്‍പരിചയുമില്ലാത്ത ഈ സ്ഥാപനത്തിനാണ് മിനിരത്ന വിഭാഗത്തില്‍പെടുന്ന പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഡിഎ 10.35 കോടി അനുവദിച്ചത്.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പിന് കീഴിലാണ് ഐആര്‍ഇഡിഎ. കുസും ഫിന്‍സര്‍വിന് വഴിവിട്ട് വായ്പ അനുവദിക്കുന്ന ഘട്ടത്തില്‍ ഈ മന്ത്രാലയം കൈകാര്യംചെയ്തിരുന്നത് പീയുഷ് ഗോയലാണ്. വായ്പ അനുവദിച്ചതിന് പിന്നാലെ പീയുഷ് ഗോയലിന് കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം ലഭിക്കുകയുംചെയ്തു. അനധികൃത ഇടപാട് വാര്‍ത്തയായതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് ഷായെ ന്യായീകരിച്ച് ആദ്യം വാര്‍ത്താസമ്മേളനം വിളിച്ചത് പീയുഷ് ഗോയലാണെന്നതും കൌതുകകരം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയോടുള്ള ജയ് ഷായുടെ ആദ്യപ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണംചെയ്തതും പീയുഷ് ഗോയലാണ്.

ഐആര്‍ഇഡിഎയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമാണ് വായ്പ അനുവദിക്കുക. ആകെ പദ്ധതിച്ചെലവിന്റെ 70 ശതമാനംവരെ തുകയാകും പരമാവധി വായ്പയായി അനുവദിക്കുക. കുസും ഫിന്‍സര്‍വ് സമര്‍പ്പിച്ച അപേക്ഷപ്രകാരം മധ്യപ്രദേശില്‍ അവര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് 2.1 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പ്ളാന്റാണ്. വായ്പാ അപേക്ഷ ഈ ഘട്ടത്തില്‍ത്തന്നെ തള്ളിക്കളയേണ്ടതാണ്. എന്നാല്‍, അപേക്ഷ പരിഗണിച്ചെന്ന് മാത്രമല്ല 15 കോടി മുതല്‍മുടക്ക് പറയപ്പെടുന്ന പദ്ധതിക്കായി 10.35 കോടിയുടെ വായ്പ അനുവദിക്കുകയുംചെയ്തു. ഒരു മെഗാവാട്ടിന്റേതായിരുന്നു പദ്ധതിയെങ്കില്‍ ഏഴുകോടിയോട് അടുത്താകും നിര്‍മാണച്ചെലവ്. ഐആര്‍ഇഡിഎ മാനദണ്ഡപ്രകാരം ഈ തുകയുടെ 70 ശതമാനമായ 4.9 കോടി രൂപ മാത്രമേ വായ്്പയായി കിട്ടാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍, 2.1 മെഗാവാട്ടിന്റെ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് 10.35 കോടി രൂപ ജയ് ഷായുടെ കമ്പനി വായ്പയായി നേടുകയായിരുന്നു.

ജയ് ഷായുടെ മറ്റൊരു സ്ഥാപനമായ ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ സാമ്പത്തികപശ്ചാത്തലവും അങ്ങേയറ്റം ദുരൂഹമാണ്. രാജേഷ് ഖണ്ഡേല്‍വാലയുടെ കിഫ്സ് ഫിന്‍സര്‍വീസസ് എന്ന സ്ഥാപനം ടെമ്പിള്‍ എന്റര്‍പ്രൈസസിന് 2015ല്‍ ഒരു ഈടുമില്ലാതെ 15.78 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഖണ്ഡേല്‍വാലയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് രാജ്യസഭാംഗം പരിമള്‍ നത്വാനിയുടെ മകനെയാണ്. മുകേഷ് അംബാനിയുടെ വലംകൈയായ നത്വാനി 2014ല്‍ ജാര്‍ഖണ്ഡില്‍നിന്ന് ബിജെപി പിന്തുണയോടെയാണ് രാജ്യസഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ മകന്റെ കമ്പനിക്ക് 15.78 കോടി രൂപയുടെ വായ്പ ഖണ്ഡേല്‍വാലയുടെ ധനസ്ഥാപനംവഴി ലഭ്യമാക്കിയതെന്നതും ശ്രദ്ധേയം.

അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യം ശക്തം

വഴിവിട്ട ഇടപാടുകളിലൂടെ മകന് വ്യവസായസാമ്രാജ്യം ഒരുക്കാന്‍ കൂട്ടുനിന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപിയുടെ മുന്‍ അധ്യക്ഷന്മാരായ എല്‍ കെ അദ്വാനിയും ബംഗാരു ലക്ഷ്മണും അഴിമതി ആരോപണങ്ങളെതുടര്‍ന്ന് രാജിവച്ചൊഴിഞ്ഞ കീഴ്വഴക്കം അമിത് ഷായും പിന്തുടരണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ആവശ്യപ്പെട്ടു. അമിത് ഷായ്ക്കും മകനുമെതിരായ ആക്ഷേപങ്ങള്‍ ഗുരുതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേരളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അമിത് ഷാ ശ്രമിക്കുന്നതെന്ന് യെച്ചൂരിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ നവ്സര്‍ജന്‍ യാത്ര നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമിത് ഷായ്ക്കും മകനുമെതിരായി വിമര്‍ശം ഉയര്‍ത്തി. മോഡിയും സംഘവും സഹായിക്കുന്നത് ചുരുക്കം വ്യവസായികളെ മാത്രമാണ്. 10-12 വര്‍ഷമായി അമിത് ഷായുടെ മകന്റെ കമ്പനിക്ക് ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍, 2014 മുതല്‍ നേട്ടം കൊയ്തുതുടങ്ങി. 50,000 രൂപ ഒറ്റവര്‍ഷംകൊണ്ട് 80 കോടിയായി വര്‍ധിച്ചു. ഇതാണ് സ്റ്റാര്‍ട്ടപ് ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും.
അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കുകയുമില്ല എന്നാണ് മോഡിയുടെ നിലപാട്. പരാജയപ്പെട്ടുവെന്ന് മോഡി സ്വയം സമ്മതിക്കണം- രാഹുല്‍ പറഞ്ഞു. അമിത് ഷായുടെ മകനെതിരായ ആക്ഷേപങ്ങളെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു.

അതേസമയം, അമിത് ഷായുടെ മകന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിങ് തന്റെ വാര്‍ത്തയില്‍ ഉറച്ചുനിന്നു. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഇടപാടുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയപ്പോള്‍ ഇപ്പോഴത്തേതുപോലെ ആക്ഷേപശരങ്ങള്‍ ഉണ്ടായില്ലെന്ന് രോഹിണി ഫെയ്സ്ബുക്കില്‍ കുറിച്ചു. വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും അന്ന് ഇപ്പോഴത്തേതുപോലെ ആക്രമണമുണ്ടായില്ല.

തന്റെ ഫോണ്‍വിളിവിവരങ്ങളെല്ലാം ബിജെപി ബോസുമാരുടെ പക്കലുണ്ടെന്നാണ് ഒരു ബിജെപി നേതാവ് അലറിവിളിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റവും തരംതാണ പ്രചാരണമാണ് നടക്കുന്നത്. മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത. മറ്റെല്ലാം വെറും പരസ്യം മാത്രം. ധീരയായതുകൊണ്ടല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. അത് മാധ്യമപ്രവര്‍ത്തനമായതുകൊണ്ടാണെന്നും രോഹിണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News