സോഷ്യല്‍ മീഡിയ എഫക്ട്; സൗദിയില്‍ നിന്ന് കണ്ണീരുമായി സഹായമഭ്യര്‍ത്ഥിച്ച് യുവതിക്ക് വേണ്ടി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി

റിയാദ്: ജീവിത പ്രാരാബ്ദങ്ങളില്‍ നിന്ന് രക്ഷതേടിയാണ് ഏവരും മണലാരണ്യത്തിലേക്ക് വിമാനം കയറുന്നത്. എന്നാല്‍ പലര്‍ക്കും നേരിടേണ്ടിവരുന്നത് കടുത്ത പീഡനങ്ങളാണ്. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

വീണ്ടും സൗദിയില്‍ കടുത്ത തൊഴില്‍ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കരഞ്ഞുകൊണ്ട് സഹായമഭ്യര്‍ത്ഥിക്കുകയാണ് യുവതി.

സൗദിയിലെ ദവാദ്മി നഗരത്തില്‍ അടിമയെപ്പോലെ പണിയെടുക്കുയാണെന്നും തൊഴിലുടമകളുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പ് സൗദി അറേബ്യയിലെത്തിയ പഞ്ചാബി യുവതിയാണ് കൊടിയ പീഢനം നേരിടുന്നതായി വ്യക്തമാക്കിയത്. പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത്മാനോടാണ് യുവതി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ജീവന്‍ അപകടത്തില്‍

തന്റെ ജീവന്‍ പോലും അപകടത്തിലാണെന്നും എന്നെ സ്വന്തം മകളെപോലെ കണ്ട് തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നു. തൊഴിലുടമ ശാരീരികമായി പീഡിപ്പിക്കുകയാണെന്നും അടച്ചിട്ട മുറിയില്‍ ഭക്ഷണം പോലും നല്‍കാതെയാണ് പീഡനമെന്നും യവതി പറയുന്നു.

നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്. എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നും എന്നെ രക്ഷിക്കണം.

പഞ്ചാബില്‍ നിന്നുള്ള ഒരാളും ഇനി സൗദി അറേബ്യയിലേക്ക് ജോലിക്ക് വരരുതെന്നും യുവതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്രയേറെ പീഡനമാണ് ഇവിടെ നടക്കുന്നത്.

യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ സംഭവമെത്തി. യുവതി ആരാണെന്ന് കണ്ടെത്തി സഹായമെത്തിക്കാനുള്ള നിര്‍ദ്ദേശം സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനു നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here