‘നിലത്തിരുന്നൊരു തൂങ്ങിമരണം’; ആദിവാസി യുവാവിന്റെ ദൂരൂഹമരണത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്

തിരുവനന്തപുരം: നിലത്തിരുന്ന് കൊണ്ട് ഒരാള്‍ എങ്ങനെ മരത്തില്‍ തൂങ്ങിമരിയ്ക്കും. പല ആളുകളെയും തൂങ്ങിമരിച്ച നിലയില്‍ പല സ്ഥലങ്ങളില്‍ കണ്ടിട്ടുള്ളവര്‍ക്കും പല ആത്മഹത്യകളിലെയും വിശദാംശങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കും ഇത് അങ്ങനെ പെട്ടെന്ന് വിശ്വസിക്കാനാവുന്നില്ല അല്ലേ?

ഇനി സംഭവത്തിലേക്ക് കടക്കാം

എന്നാല്‍ വിതുര പൊലീസ് സ്റ്റേഷനിലെ ചില വിദഗ്ധരായ ഉദ്ദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ചില പുതിയ കണ്ടെത്തലുകളും സിദ്ധാന്തവുമൊക്കെ മുന്നോട്ടു വയ്ക്കുകയാണ്.

ഇനി സംഭവത്തിലേക്ക് കടക്കാം. ഒരാഴ്ചയ്ക്ക് മുന്‍പ് വിതുര മണലിയിലെ ഒരു തോട്ടത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തോട്ടത്തിലേക്ക് പോയ ആരോ സംഭവം കാണുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

ഇനി മൃതദേഹം കാണപെട്ടതിനെ കുറിച്ച് സംഭവസ്ഥലത്തുനിന്ന് ഒരാള്‍ പകര്‍ത്തിയ ചിത്രത്തിനെ ആധാരമാക്കി പറയട്ടെ. മൃതദേഹം നിലത്ത് കാല്‍ നീട്ടിയിട്ട് ഇരിയ്ക്കുന്ന നിലയിലാണ്. കഴുത്തില്‍ വര്‍ണ്ണ തുണികൊണ്ട് ചുറ്റിയിട്ടുണ്ട്.

തുണിയുടെ മറ്റേ അഗ്രം ഒരു മരത്തില്‍ ഏകദേശം 4 അടി ഉയരത്തിലായി കെട്ടിയിരുന്നു. ആദിവാസി യുവാവായ മുരളിയുടെ മൃതദേഹം കാണുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും, ഇത് ഒരു തൂങ്ങിമരണം അല്ല എന്ന വസ്തുത. ഇതിനെ സാധൂകരിക്കുന്ന മറ്റ് ചില വസ്തുതകള്‍ കൂടി ഉണ്ട്.

മുരളിയ്ക്ക് നേരത്തെ മിന്നലേറ്റതിനെ തുടര്‍ന്ന് നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും മുരളിയ്ക്ക് അക്കാരണത്താല്‍ തന്നെ മരത്തില്‍ കയറാന്‍ ആവില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു.

അതുകൊണ്ട് തന്നെ നാട്ടുകാര്‍ ദുരൂഹമരണമെന്ന സംശയവും പ്രകടിപ്പിച്ചു. പക്ഷേ സംഭവ സ്ഥലത്തെത്തിയ വിതുര പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ടോ ഇതൊന്നും മനസ്സിലായിട്ടില്ല.

അതോ എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്തവരെ പൊലെ പെരുമാറിയോ. അറിയില്ല. മുരളിയുടെ മരണം ആത്മഹത്യയാണെന്ന് വിധി എഴുതിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത് സംസ്‌കാരവും നടത്തി.

സാഹചര്യതെളിവുകളോ പ്രഥമ ദൃഷ്ടിയാല്‍ ബോധ്യപ്പെട്ട കാര്യങ്ങളോ മുഖവിലക്കെടുക്കാതെ തൂങ്ങിമരണം എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ പഴിചാരി പൊലീസ് അന്വേഷണവും വേണ്ടെന്നുവച്ചു.

ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന പ്രഖ്യാപനവും ഇവര്‍ നടത്താന്‍ മറന്നില്ല. മരണപ്പെട്ട മുരളിയ്ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തത് ഇവര്‍ക്ക് അനുഗ്രഹമായി.

മുരളിയെ കെട്ടിതൂക്കിയശേഷം തോട്ടത്തില്‍ എത്തിച്ച് മരത്തില്‍ കെട്ടിയിട്ടതാകം. അല്ലെങ്കില്‍ മുരളിയെ മൃതദേഹം കണ്ട സ്ഥലത്തുവച്ചു തന്നെ പിന്നില്‍ നിന്ന് ഷോള്‍ ഉപയോഗിച്ച് വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയതാകാം. ഇതൊക്കെയാണ് മൃതദേഹം കണ്ടവര്‍ അടക്കം പറഞ്ഞത്.

സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ പരിശോധനയും ആരോരുമില്ലാത്ത് മുരളിയ്ക്കുവേണ്ടി പൊലീസ് നടത്തിയിരുന്നില്ല.

മുരളി മരിച്ചിരിക്കുന്ന ഫോട്ടോയും വീഡിയോയും കണ്ട വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സര്‍ജനുമൊക്കെ സംശയമില്ലാതെ പറയുന്നത് മുരളിയുടെ മരണം കൊലപാതകമാണെന്നാണ്. പക്ഷേ വിതുര പൊലീസിന് ഇത് മനസ്സിലായില്ലത്രേ.

ഇങ്ങനെ ഇരുന്ന് തൂങ്ങിമരിയ്ക്കാമെന്ന സിദ്ധാന്തം മുന്നോട്ട് വച്ച് അവര്‍ സംഭവം തേയ്ച്ചുമാച്ചിരിക്കുന്നു. ഇനി ആരെങ്കിലും പരാതിയുമായി വന്നാല്‍ പൊലീസ് എന്ത് ഉത്തരം പറയും? എന്ത് അന്വേഷിക്കും.?

തല്‍ക്കാലം പൊലീസ് പറയുന്നത് വിശ്വസിക്കാം. നിലത്ത് ഇരുന്നും തൂങ്ങിമരിക്കുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News