സംവിധായകന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; വാക്കു തര്‍ക്കം ഒടുവില്‍ കൊലപാതകത്തിലേക്ക്

സംവിധായകന്‍ ജയന്‍ കൊമ്പനാടിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു.

ജോലിക്കു പോകാതെ ജോബിയുടെ ചെലവില്‍ കഴിഞ്ഞിരുന്ന ജയനുമായി ഉണ്ടായ വാക്ക് തര്‍ക്കം അതിരുവിട്ടതാണ് പൈശാചിക കൊലപാതകത്തിനു കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ജോബിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.അതേ സമയം കൊല്ലപ്പെട്ട ജയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ഇന്നലെ അര്‍ധരാത്രി 12 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം കോതമംഗലത്ത് അരങ്ങേറിയത്.

3 നില കെട്ടിടത്തിലെ വാടക വീട്ടില്‍ ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ജയന്‍ കൊമ്പനാടിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെടുകയായിരുന്നു.കേസില്‍ പ്രതിയായ ജോബി കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

കൊലപാതകത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ ജോബി പോലീസിനോട് വിശദീകരിച്ചു.വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെ.

സംവിധായകനായ ജയനും സ്റ്റുഡിയോ ജീവനക്കാരനായ താനും സുഹൃത്തുക്കളാണ്. രണ്ടു പേരും ഭാര്യമാരുമായി പിണങ്ങിക്കഴിയുന്നവരാണ്.

കോതമംഗലത്തെ തന്റെ വാടക വീട്ടിലാണ് ജയനും താമസിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു.

ജയന്‍ മറ്റ് ജോലിക്കൊന്നും പോകാതെ തന്റെ ചിലവില്‍ കഴിയുന്നത് സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നതായി സംസാര മധ്യേ സൂചിപ്പിച്ചു.

ഇത് പിന്നീട് വാക്ക് തര്‍ക്കമായി.ജയന്‍ കത്തി വീശി.ഇത് തന്റെ നെറ്റിയില്‍ കൊണ്ടു മുറിവേറ്റപ്പോള്‍ സമനില നഷ്ടമായി.

പിന്നെ കറിക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടി. മറിഞ്ഞു വീണ ജയന്റെ പുറത്ത് കയറിയിരുന്ന് തലയറുത്തെടുത്തു.

മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അതേ മുറിയില്‍ കിടന്നുറങ്ങി. പിന്നീട് സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ കീഴടങ്ങിയെന്നും ജോബി മൊഴി നല്‍കി.

ജോബിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.അതേസമയം കൊല്ലപ്പെട്ട ജയന്റെ പോസ്റ്റ്‌മോര്‍ട്ടവും ഇന്നുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here