പ്രത്യാശയുടെ പാലിയേറ്റീവ് കെയര്‍: ഡോ. എന്‍ അജയന്‍

ഒക്ടോബര്‍ 14 ലോക പാലിയേറ്റീവ്കെയര്‍ ദിനമായി ലോകമെമ്പാടും ആചരിക്കുകയാണ്. ‘ആഗോളതലത്തില്‍ ആരോഗ്യപരിപാലനവും പാലിയേറ്റീവ് കെയറും: ദുരിതം അനുഭവിക്കുന്നവരെ വിട്ടുകളയരുതേ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് ദിനാചരണം. വേള്‍ഡ് വൈഡ് ഹോസ്പൈസ് പാലിയേറ്റീവ് കെയര്‍ അലയന്‍സ് ആണ് ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്.

ജീവിതശൈലീരോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറിന് കൂടുതല്‍ പ്രസക്തി കൈവന്നിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രം ശരീരശാസ്ത്രത്തിലൂന്നി ശാരീരികരോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ അതിലുപരി രോഗിയുടെയും കുടുംബത്തിന്റെയും ശാരീരിക-മാനസിക-സാമൂഹിക-ആത്മീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയാണ് പാലിയേറ്റീവ് കെയര്‍ എന്ന സ്നേഹശാസ്ത്രസമുന്നയം.

രോഗത്തെക്കാള്‍ രോഗിയും കുടുംബവുമാണ് ഇവിടെ പ്രധാനികള്‍.
ഡെയിം സിസിലിസോണ്ടേഴ്സ് എന്ന ഇംഗ്ളീഷ് വനിതയാണ് പാലിയേറ്റീവ് കെയറിന്റെ ഉപജ്ഞാതാവ്. ഇന്ത്യയില്‍ സാന്ത്വനപരിചരണത്തിന്റെ പിതാവായി അറിയപ്പെടുന്നത് പാലിയം ഇന്ത്യ ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍കോളേജിലെ മുന്‍ അനസ്തേഷ്യ പ്രൊഫസറുമായ ഡോ. എം ആര്‍ രാജഗോപാലാണ്.

ആദ്യമൊക്കെ ക്യാന്‍സര്‍ രോഗികള്‍ക്കു മാത്രമായി പാലിയേറ്റീവ് കെയര്‍ ഒതുങ്ങിനിന്നെങ്കില്‍, 1986 മുതല്‍ അതിനു വ്യത്യാസം വന്നുതുടങ്ങി. രോഗമെന്തെന്നത് പ്രസക്തമല്ല ചികിത്സയ്ക്കതീതമാണെങ്കില്‍ പാലിയേറ്റീവ് കെയര്‍ വേണമെന്ന് ലോകം അംഗീകരിച്ചു. അപ്പോഴും മരണാസന്നര്‍ക്കു മാത്രമായി പാലിയേറ്റീവ് കെയര്‍.

2002ല്‍ ലോകാരോഗ്യസംഘടന അതു തിരുത്തി. രോഗനിര്‍ണയം മുതല്‍ രോഗ ചികിത്സയോടൊപ്പം പാലിയേറ്റീവ് കെയറും ലഭ്യമാക്കണമെന്ന്തീരുമാനമായി. ജീവനു ഭീഷണിയുള്ള എല്ലാരോഗങ്ങള്‍ക്കും അതു ബാധകമാക്കി. ക്യാന്‍സര്‍, എയ്ഡ്സ്, തളര്‍വാതം, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, നട്ടെല്ലിന്റെ ക്ഷതം, സെറിബ്രല്‍ പാള്‍സി തുടങ്ങിയുള്ള അവസ്ഥകളില്‍ രോഗിയോടൊപ്പം കുടുംബത്തിനൊന്നാകെ ഉണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ആവുന്നത്ര കുറച്ച് ആശ്വാസം പകരുന്ന വൈവദ്യശാസ്ത്രശാഖയാണ് സാന്ത്വനപരിചരണം.

പക്ഷേ, അവിടെയും ചോര്‍ന്നുപോകുന്ന ഒരുകൂട്ടം രോഗികളുണ്ട്. കുട്ടികള്‍ക്ക് ശ്രദ്ധകിട്ടാതെ പോകുന്നു. ഹൃദയ, ശ്വാസകോശ, കരള്‍രോഗങ്ങള്‍ക്കും മാനസിക രോഗികള്‍ക്കും അല്‍ഷിമേഴ്സ് രോഗികള്‍ക്കും ഉള്‍പ്പെടെ പാലിയേറ്റീവ് കെയര്‍ ലഭ്യത കിട്ടുന്നില്ല.

രോഗം ശാപമല്ല. ചികിത്സ അവകാശമാണ്. സമൂഹത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണ് ദീര്‍ഘകാല രോഗികളുടെ പരിചരണം. അത് ഔദാര്യമല്ല. ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്നവരും സമൂഹത്തിന്റെ ഭാഗമാണ്. പ്രായമായവര്‍ പാഴ്ചരക്കല്ല. അവര്‍ക്കും ധാരാളം സ്നേഹവും പരിഗണനയും വേണം.

അന്തസ്സോടെ ജീവിക്കാനും അന്തസ്സോടെ മരിക്കാനുമുള്ള അവരുടെ ഭരണഘടനാദത്തമായ അവകാശവും സംരക്ഷിക്കപ്പെടണം എന്ന സന്ദേശമാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്്. പാലിയേറ്റീവ് സമീപനം രോഗീകേന്ദ്രീകൃതമാണ്. ‘ഇനിയൊന്നും ചെയ്യാനില്ല’ എന്നുപറഞ്ഞ് വൈദ്യശാസ്ത്രം കൈയൊഴിയുമ്പോള്‍ പരിചരണം കൊണ്ടും സമീപ്യം കൊണ്ടും പ്രതീക്ഷ നല്‍കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്കു കഴിയണം.

ഇന്ത്യയില്‍ ആദ്യമായി ഒരു പാലിയേറ്റീവ് നയം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. 2008ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണത്. തുടര്‍ന്ന് ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുണ്ടായത്. അതിന് അപവാദമായുണ്ടായത് പാലിയം ഇന്ത്യയെപ്പോലുള്ള ചില സര്‍ക്കാരിതര പ്രസ്ഥാനങ്ങളാണ്.

1996-2000 കാലത്ത് മലപ്പുറം ജില്ലയിലാണ് സാന്ത്വന പരിചരണം ഒരു സാമൂഹ്യാധിഷ്ഠിത സാന്ത്വനപരിപാടിയായി രൂപം കൊണ്ടത്. 2008-2015ല്‍ ആരോഗ്യകേരളം പാലിയേറ്റീവ്കെയര്‍ പദ്ധതി എല്ലാ ജില്ലകളിലുമുണ്ടായി. പിണറായി സര്‍ക്കാരിന്റെ ‘ആര്‍ദ്രം’ പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് കെയറിന് പ്രാമുഖ്യം നല്‍കി നടപ്പാക്കുന്ന സമഗ്ര ആരോഗ്യപരിരക്ഷ ഈ രംഗത്തെ ചൈതന്യവത്താക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ‘സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍’ പരിപാടി വാര്‍ഡ് തലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. എംബിബിഎസ് കരിക്കുലത്തില്‍ പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള ആരോഗ്യസര്‍വകലാശാല ഈ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.

ഈ രംഗത്തെ വെല്ലുവിളികള്‍ പലതാണ്. കേന്ദ്ര ആരോഗ്യനയത്തിന്റെ കരടുരേഖയില്‍ ‘പാലിയേറ്റീവ് കെയര്‍ ആവശ്യമാണ’് എന്നൊരു വാചകം മാത്രമാണുള്ളത്. പാലിയേറ്റീവ് കെയറിന് എളുപ്പത്തില്‍ എത്താവുന്നിടത്ത് മാത്രമേ എത്താന്‍ കുറച്ചെങ്കിലും നമുക്കായിട്ടുള്ളൂ. ഇതിനു മാറ്റം വരേണ്ടതുണ്ട്.

ക്യാന്‍സര്‍ രോഗികളുടെ വേദന ശമിപ്പിക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ വേദന സംഹാരിയാണ് മോര്‍ഫിന്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ ലഭ്യത ഉറപ്പാക്കുംവിധം നാര്‍ക്കോട്ടിക് ഡ്രഗ്സ് ആക്ട് 2014ല്‍ തന്നെ ഭേദഗതി വരുത്തിയെങ്കിലും മെഡിക്കല്‍കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലും ഇനിയും അതു ലഭ്യമായിട്ടില്ല.

ഒടുവില്‍ കേന്ദ്രമലിനീകരണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണെന്ന് പറയുന്നു ഇന്ത്യയില്‍ മോര്‍ഫിന്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ നീമച്ചിലെയും ഗാസിപ്പുരിലേയും ഫാക്ടറികള്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഏറ്റവും വലിയ ഒപ്പിയോയ്ഡ് ഉല്‍പ്പാദന രാജ്യമായ ഇന്ത്യ ഇനി ഇത് ഇറക്കുമതി ചെയ്യുമത്രേ.

ഫലം മോര്‍ഫിന്റെ വില കൂടുമെന്നു മാത്രമല്ല ലഭ്യമല്ലാതെയുമാകും. അര്‍ബുദരോഗികള്‍ വേദനിച്ചു മരിക്കുകയാകും ഫലം.

സ്വന്തം ഇഷ്ടപ്രകാരം മരിക്കാനുള്ള ആസന്നമരണനായ രോഗിയുടെ അവകാശം പോലും നിഷേധിച്ചിരിക്കുന്നു. രോഗം മാറില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം അവസാന നാളുകള്‍ കഴിയാന്‍ അനുവദിക്കാതെ ഐസിയുവിലെ ശീതീകരിച്ച തടവറയില്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന നിസ്സംഗത ക്രൂരമാണ്.

സാന്ത്വനചികിത്സ ഒരിക്കലും ദയാവധത്തോടു യോജിക്കുന്നില്ല. അന്തസ്സോടെയുള്ള മരണം ദയാവധമാകുന്നുമില്ല. ജീവിതാന്ത്യ ശുശ്രൂഷയ്ക്കായി യുക്തിസഹവും വിവേകപരവുമായ നിയമമാണ് വേണ്ടത്.

ഈ കാലത്ത് രോഗിക്ക് ആവശ്യം വേണ്ടത് പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും സ്നേഹപൂര്‍ണമായ പരിചരണമാണ്.

പാലിയേറ്റീവ്കെയറിനെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുകയും രോഗികളുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ സമൂഹ മധ്യത്തിലെത്തിക്കുകയും അതിന് ആകുന്നത്ര പരിഹാരം കണ്ടെത്തുകയുമാണ് ലോക പാലിയേറ്റീവ്കെയര്‍ ദിനത്തിന്റെ സന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here