സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് തടസമായി കെസി ജോസഫിന്റെ കത്ത്; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയുന്നത് ഇനി നിയമസഭയില്‍ മാത്രം

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് തടസം കെസി ജോസഫിന്റെ അവകാശലംഘന നോട്ടീസ്. നോട്ടീസ് നിലനില്‍ക്കേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയുന്നത് ഇനി നിയമസഭയില്‍ മാത്രം.

അവകാശലംഘന നോട്ടീസ് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി

കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് സവിശേഷമായ നിയമപ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ അപേക്ഷക്ക് തടസമാകുന്നത് അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തനായ കെസി ജോസഫിന്റെ മറ്റൊരു കത്താണ്.

നിയമസഭയില്‍ വയ്ക്കാതെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും, അതിന്‍ മേലുളള സര്‍ക്കാരിന്റെ നടപടിയും വിശദീകരിച്ച മുഖ്യമന്ത്രിക്കെതിരെയാണ് കെസി ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

നിയമസഭാ അംഗങ്ങള്‍ കാണാത്ത റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് സഭയുടെ അവകാശ ലംഘനമെന്നും കത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചാല്‍ അത് മറ്റൊരു നിയമപ്രശ്‌നം ആകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

സഭാംഗം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനി സഭയിലെ വെയ്ക്കാനാകു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കുമെന്നാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്.

സോളാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ സ്വീകരിക്കേണ്ട നിയമ നടപടികളെ പറ്റി ഉമ്മന്‍ചാണ്ടി നിയമവൃത്തങ്ങളുമായി ആലോചന ആരംഭിച്ചു. നിലവില്‍ പുറത്ത് വന്ന വിശദാംശങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലെ ഉമ്മന്‍ ചാണ്ടി ധരിപ്പിച്ചു.

ഇന്ന് എറണാകുളത്ത് വെച്ച് മുന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അഭിഭാഷകരായ ചില ഉന്നതരുമായും ഉമ്മന്‍ചാണ്ടി ആശയവിനിമയം നടത്തിയിട്ടുണ്ട്. ആദ്യ പടിയായി റിപ്പോര്‍ട്ടിന്റെ ഉളളടക്കം അറിയാനാണ് എല്ലാവരും നല്‍കിയ നിയമോപദേശം.

ഇതിനിടയിലാണ് കൂന്നിന്‍മേല്‍ കുരുപോലെ കെസി ജോസഫിന്റെ അവകാശലംഘനം നോട്ടീസ് ബ്യൂമറാങ്ങ് പോലെ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here