മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം പോരാടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍; വര്‍ഗീയശക്തികളെ കൂട്ടായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി – Kairalinewsonline.com
Kerala

മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം പോരാടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍; വര്‍ഗീയശക്തികളെ കൂട്ടായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം

ദില്ലി: കേരള ദില്ലി സാംസ്‌കാരിക പൈതൃകോത്സവത്തിന് ദില്ലിയില്‍ വര്‍ണാഭമായ തുടക്കം.

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം പോരാടുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സാംസ്‌കാരിക മേഖലയിലുള്‍പ്പെടെ ചില വര്‍ഗീയ ശക്തികള്‍ നടത്തുന്ന അധിനിവേശം കൂട്ടായി തന്നെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

 

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം

കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക കാലാരൂപങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സാംസ്‌കാരിക പൈതൃകോത്സവത്തിന് മികച്ച ജന പിന്തുണയാണ് ദില്ലിയില്‍ ലഭിക്കുന്നത്.

കോണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരുക്കിയ വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചേര്‍ന്ന് തിരി തെളിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളെ ഉന്നംവെച്ചായിരുന്നു ഇരുവരുടെയും ഉദ്ഘാടന പ്രസംഗം. നമ്മുടെ സ്വാതന്ത്ര്യത്തിന് മേല്‍ ചില വര്‍ഗീയ ശക്തികള്‍ കൂച്ച് വിലങ്ങിടുന്നു. അത്തരക്കാര്‍ക്ക് അസഹിഷ്ണുതാ രോഗമാണ്. അതിനെതിരെ സാംസ്‌കാരിക കൂട്ടായ്മയിലൂടെ പോരാടണം.

ന്യൂനപക്ഷ മതസ്ഥരുടെ സംഭാവനകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ സംസ്‌കാരം ദരിദ്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയമെന്നും, മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം ഒരുമിച്ച് പോരാടുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വക്തമാക്കി.

ഉദ്ഘാടനത്തിന് മുന്നോടിയായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 51 വാദ്യകലാകാരന്‍മാരണിനിരന്ന പഞ്ചാരി മേളവും അരങ്ങേറി. വാദ്യമേളത്തിനൊപ്പം കേരളത്തിന്റെ തനത് കലയായ തെയ്യവും കെട്ടിയാടിയത് ദില്ലിയ്ക്ക് പുത്തന്‍ അനുഭവമായി.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളുടെ 5 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്‌കാരവുമൊരുക്കിയിരുന്നു.

പൈതൃകോത്സവം 16ന് സമാപിക്കും.

To Top