എല്‍ഡിഎഫിലേക്ക് ചേക്കേറിയിരിക്കുന്ന ആ പുതിയ വോട്ടുകള്‍ ഒരു സന്ദേശമാണ്; പിണറായി വിജയനെന്ന നേതാവിനെ നാട് വിശ്വസിക്കുന്നുവെന്ന വലിയ സന്ദേശം

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ പിണറായി വിജയനെന്ന പേര് കൂടുതല്‍ ആഴത്തില്‍ പതിയാന്‍ ഇടവരുത്തുന്ന മുന്നേറ്റമാണ് വേങ്ങരയില്‍ എല്‍ഡിഎഫ് നേടിയത്.

ചങ്കുറപ്പുള്ള മുഖ്യമന്ത്രി

ആര്‍എസ്എസിനെ ഏറ്റവുമധികം തുറന്നെതിര്‍ക്കുന്ന ചങ്കുറപ്പുള്ള മുഖ്യമന്ത്രി, ഏത് കാര്യത്തിലും മുഖം നോക്കാതെയുള്ള നടപടി, ഷാര്‍ജയില്‍നിന്നും 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി.

കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിലുപരി ദേശീയ നേതാവിന്റെ പ്രതിച്ഛായയിലേക്ക് പിണറായി വിജയനെന്ന കമ്യൂണിസ്റ്റിനെ നയിക്കുന്ന ഘടകങ്ങള്‍ ഏറെ.

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘ഇനി എന്ത് ‘എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. അതിന് പിണറായി വിജയന്‍ പറഞ്ഞ ഉത്തരം ‘നമ്മള്‍ ഇവിടത്തന്നെ ഉണ്ടാവും’ എന്നായിരുന്നു. പിണറായി വിജയന്‍ ഇവിടെത്തന്നെ ഉണ്ടാവുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

കേരള മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി എന്നതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന നേതാവ് എന്ന വിശേഷണത്തിലേക്ക് അദ്ദേഹത്തെ മെല്ലെമെല്ലെ അടുപ്പിക്കുന്നത്.

മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തിന് പുറത്ത് പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളെല്ലാം തന്നെ വന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എല്ലായിടത്തും സംഘപരിവാറിന്റെ എതിര്‍പ്പാണ് വാര്‍ത്തയ്ക്ക് ആധാരമായതും.

മംഗലാപുരത്തായാലും ഹൈദരാബാദിലായാലും കര്‍ണൂലിലായാലും സിപിഐഎം സംഘടിപ്പിച്ച പരിപാടികളിലെല്ലാം പിണറായി എല്ലാ എതിര്‍പ്പുകളെയും മറികടന്ന് പങ്കെടുത്തു. എല്ലായിടത്തും വിജയന്‍ ഗോ ബാക് എന്ന മുദ്രാവാക്യമാണ് സംഘപരിവാര്‍ ഉയര്‍ത്തിയത്.

ബീഫ് നിരോധനം നടപ്പാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ഇതിനെതിരായി ബിജെപിയിതര മുഖ്യമന്ത്രിമാരുടെ സഖ്യമുണ്ടാക്കാന്‍ പിണറായി ശ്രമിച്ചു. ദില്ലിയില്‍ ട്രെയിനില്‍ ഗോരക്ഷാ പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട ജുനൈദെന്ന യുവാവിന്റെ കുടുംബത്തെ കണ്ട് സംസാരിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

സംഘപരിവാര്‍ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ പല സംസ്ഥാനങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ച് പ്രതികരിക്കാന്‍ ശ്രദ്ധകാട്ടുന്ന ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

അരവിന്ദ് കെജ്രിവാളുമായി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഏറെ മാധ്യമശ്രദ്ധയാകര്‍ഷിച്ചു. കമല്‍ഹാസനുമായി നടത്തിയ കൂടിക്കാഴ്ചയും ഒട്ടും വിഭിന്നമായിരുന്നില്ല.

മുഖം നോക്കാതെ നടപടിയെടുക്കുന്ന ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടായ സോളാര്‍ നടപടി വലിയ രാഷ്ട്രീയ വിജയമാണ് എല്‍ഡിഎഫിന് സമ്മാനിച്ചത്.

അന്താരാഷ്ട്ര പ്രശസ്തി പിടിച്ചുപറ്റിയ ഇടപെടലാണ് ഷാര്‍ജ വിഷയത്തിലുണ്ടായത്. ഒരു കേന്ദ്ര സര്‍ക്കാരിനെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട് 149 ഇന്ത്യക്കാരുടെ മോചനമെന്നവലിയ ലക്ഷ്യമാണ് ഷാര്‍ജ ഭരണാധികാരിയുമായുള്ള ചര്‍ച്ചയിലൂടെ പിണറായി സാധിച്ചെടുത്തത്.

അവകാശവാദങ്ങളുമായി സുഷമാ സ്വരാജ് തൊട്ടുപിറകെ എത്തിയെങ്കിലും ആ നയതന്ത്ര വിജയത്തിന്റെ ക്രെഡിറ്റ് പിണറായിക്കു തന്നെ സ്വന്തം.

വേങ്ങരയിലെ യുഡിഎഫ് കോട്ടയില്‍ നിന്ന് ഏഴായിരത്തിലധികം വോട്ടുകള്‍ അടര്‍ത്തിമാറ്റപ്പെട്ടതിന് പിറകില്‍ ഈ നയതന്ത്രജ്ഞത വലിയോരു ഘടകമാണ്. ഈ സാഹചര്യത്താലാണ് പിണറായി വിജയനെ കമ്യൂണിസ്റ്റ് നേതാവിനെ സംഘപരിവാര്‍ ഭയപ്പെടുന്നത്.

അതാണ് കേരളത്തിനെതിരായ കുപ്രചരണങ്ങളും കൊലയാളി മുഖ്യമന്ത്രിയെന്ന പരിവേഷവും. വേങ്ങരയില്‍ യുഡിഎഫിന് വെറും വിജയം സമ്മാനിക്കുകയും ബിജെപി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തപ്പോള്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയിരിക്കുന്ന പുതിയ വോട്ടുകള്‍ ഒരു സന്ദേശമാണ്.

പിണറായി വിജയനെന്ന നേതാവിനെ നമ്മുടെ നാട് വിശ്വസിക്കുന്നുവെന്ന വലിയ സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News