വേങ്ങര ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് നടത്തിയത് ശക്തമായ മുന്നേറ്റം; 6 പഞ്ചായത്തുകളില്‍ മികച്ച നേട്ടം

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ളിംലീഗിന്റെ നെടുംകോട്ടകളില്‍ വന്‍ വിള്ളല്‍ വീണുവെന്ന് വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ആറ് പഞ്ചായത്തില്‍ ഒന്നില്‍പോലും ലീഗ് നില മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല, എല്ലായിടത്തും പിറകോട്ടുപോയി.

ഇത്രയും കുറഞ്ഞ വോട്ടിലേക്ക് ലീഗ് താന്നിട്ടില്ല

വേങ്ങര മണ്ഡലത്തിന്റെ ചരിത്രത്തിലും മറ്റു മണ്ഡലങ്ങളുടെ ഭാഗമായിരുന്നപ്പോഴും ഇന്നത്തെ വേങ്ങരയുടെ ഭാഗമായ ആറ് പഞ്ചായത്ത് പരിധിയിലും ഇത്രയും കുറഞ്ഞ വോട്ടിലേക്ക് ലീഗ് താണിട്ടില്ല.

എല്‍ഡിഎഫിന് പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വന്‍വോട്ട് വര്‍ധനയുണ്ടായപ്പോഴാണ് ലീഗിന്റെ തകര്‍ച്ച.

ഏറ്റവും കൂടുതല്‍ ബൂത്തുകളും വോട്ടര്‍മാരുമുള്ളത് വേങ്ങര പഞ്ചായത്തിലാണ്. 30 ബൂത്തുകളുണ്ട് ഇവിടെ.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 13,912 വോട്ട് കിട്ടിയപ്പോള്‍ എല്‍ഡിഎഫ് 7821 വോട്ട് നേടി. 6091 വോട്ടിന്റെ വ്യത്യാസം.

അതേസമയം, 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 8673-ഉം ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 9880-ഉം ആയിരുന്നു യുഡിഎഫ് ഭൂരിപക്ഷം. പുതിയ വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും ലീഗ് വോട്ട് ഇടിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 3789 വോട്ട് ലീഗിന് കുറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 23 വാര്‍ഡില്‍ ലീഗിന് മാത്രം 17 വാര്‍ഡുണ്ട്. എല്‍ഡിഎഫിന് രണ്ട് സീറ്റുമാത്രം.

24 ബൂത്തുകളുള്ള എ ആര്‍ നഗര്‍ പഞ്ചായത്തില്‍ 21,302 വോട്ടര്‍മാരുണ്ട്. ഇവിടെ യുഡിഎഫിന് 10,802 വോട്ടും എല്‍ഡിഎഫിന് 7452 വോട്ടുമാണ് കിട്ടിയത്.

3350 വോട്ടാണ് യുഡിഎഫുമായുള്ള വ്യത്യാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 11,711-ഉം എല്‍ഡിഎഫിന് 6392-ഉം വോട്ട് ലഭിച്ചു. 5319 വോട്ട് യുഡിഎഫിന് കൂടുതലുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഈ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 909 വോട്ട് കുറഞ്ഞു. 1060 വോട്ട് എല്‍ഡിഎഫിന് വര്‍ധിച്ചു.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 6769 വോട്ട് എല്‍ഡിഎഫിനേക്കാള്‍ കൂടുതലുണ്ടായിരുന്നു.

കണ്ണമംഗലത്ത് 2016-ലെ തെരഞ്ഞെടുപ്പില്‍ 6159, 2017-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 6768 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ഇത്തവണ ഇത് 4011 ആയി കുറഞ്ഞു.

2016-ല്‍ യുഡിഎഫിന് 12,032, എല്‍ഡിഎഫിന് 5873 എന്നിങ്ങനെയായിരുന്നു വോട്ട്. ഇത്തവണ യുഡിഎഫിന് 11,055 എല്‍ഡിഎഫിന് 6935 എന്നിങ്ങനെയാണ് ലഭിച്ചത്.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യഥാക്രമം 12,508-5740 എന്നിങ്ങനെയായിരുന്നു.

ഊരകത്ത് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 9356, എല്‍ഡിഎഫ് 3961 എന്നിങ്ങനെയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 9264, എല്‍ഡിഎഫ് 4012 എന്നീ ക്രമത്തിലും വോട്ട് നേടി.

2016-ല്‍ 5395 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യുഡിഎഫിന് വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞു- 5232 ആയി. ഇത്തവണ യുഡിഎഫ് 8176-ഉം എല്‍ഡിഎഫ് 5418-ഉം വോട്ടാണ് നേടിയത്.

ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം 2762 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 1088 വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് 2543 വോട്ട് കൂടി.

പറപ്പൂരില്‍ 2016-ല്‍ യുഡിഎഫ് 11,219, എല്‍ഡിഎഫ് 5463 എന്നിങ്ങനെയായിരുന്നു വോട്ടുനില. 2017 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 11,720, എല്‍ഡിഎഫ് 5447 ആയിരുന്നു. 2016-ല്‍ 5766 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന് 2017-ല്‍ ഇത് 6273 ആയി വര്‍ധിച്ചു.

ഇത്തവണ യുഡിഎഫിന് 10,244 വോട്ടും എല്‍ഡിഎഫിന് 6917 വോട്ടുമാണ് ലഭിച്ചത്. വ്യത്യാസം 3327. യുഡിഎഫ് വോട്ട് ഇടിഞ്ഞു.

ഒതുക്കുങ്ങലില്‍ 2016-ല്‍ യുഡിഎഫ് 11,922, എല്‍ഡിഎഫ് 5490 എന്നീ ക്രമത്തിലാണ് വോട്ട് നേടിയത്. 6432 വോട്ടിന്റെ വ്യത്യാസം. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 12,260 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് 6097 വോട്ട് പിടിച്ചു.

6163 വോട്ടാണ് അധികം. ഇത്തവണ യുഡിഎഫിന് 11,038, എല്‍ഡിഎഫിന് 7267 എന്നിങ്ങനെയാണ് വോട്ട്. ഇരു തെരഞ്ഞെടുപ്പുകളില്‍നിന്നും യുഡിഎഫിന് വോട്ട് കുറഞ്ഞതായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel