എത്ര നാണംകെട്ടാലും പഠിക്കാത്ത ബിജെപി; കേരളത്തെ ത്രസിപ്പിച്ച ഇടതുമുന്നണിയുടെ സോളാര്‍ സമരത്തേയും കുമ്മനടിച്ച് ബിജെപി; ഉളുപ്പില്ലാത്തവര്‍ക്ക് എന്തുമാകാല്ലോ

തിരുവനന്തപുരം: ബി ജെ പിയുടെ ഫോട്ടോഷോപ്പ്, വ്യാജചിത്ര നിര്‍മ്മാണം ആഗോളതലത്തില്‍ പോലും ശ്രദ്ധനേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഈ കരവിരുതിന്റെ പേരില്‍ പിടിക്കപ്പെട്ട് എത്രവട്ടം നാറിയാലും ബി ജെ പിക്ക് ഒരു കൂസലുമില്ല.

വ്യാജഫോട്ടോ ഉപയോഗിച്ചുള്ള പ്രചാരണം ഇപ്പോള്‍ കേരളത്തിലും സജീവമാക്കിയിരിക്കുകയാണ് ബിജെപി. യുപിയിലെ കന്നുകാലി കശാപ്പിന്റെ ചിത്രം കേരളത്തിലേതെന്ന പേരില്‍ പ്രചരിപ്പിച്ച കെ സുരേന്ദ്രനായിരുന്നു മണ്ടത്തരങ്ങള്‍ തുടങ്ങിവെച്ചത്.

പിന്നാലെ കുമ്മനവും കൂട്ടരും ഇത് ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. ജനരക്ഷായാത്രതുടങ്ങിയതുമുതല്‍ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം ശക്തമായിട്ടുണ്ട്.

സണ്ണിയേയും സ്വന്തമാക്കി

അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ വന്നിട്ടുപോലും കുമ്മനത്തിന്റെ യാത്രയില്‍ ജനപങ്കാളിത്തമുണ്ടായില്ല. ഇത് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ചിത്രം ഉപയോഗിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മറികടന്നത്.

സണ്ണി കൊച്ചിയിലെത്തിയപ്പോള്‍ വന്ന ജനക്കൂട്ടത്തെ അമിത് ഷായെ കാണാനെത്തിയ ആള്‍ക്കൂട്ടമാക്കിയ ബിജെപിയ്ക്ക് കണക്കറ്റ് പരിഹാസം ലഭിച്ചിരുന്നു. സണ്ണിയെ ദേശീയപ്രസിഡന്റാക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നുപോലും പരിഹാസമുയര്‍ന്നിരുന്നു.

എത്രകിട്ടിയാലും പഠിക്കാത്ത ബിജെപി വീണ്ടും ഫോട്ടോഷോപ്പ് കരവിരുതുമായി ഇറങ്ങിയിരിക്കുകയാണ്. കേരളരാഷ്ട്രീയം കണ്ട ഏറ്റവും ശക്തമായ സമരങ്ങലിലൊന്നായ ഇടതുമുന്നണിയുടെ സോളാര്‍ പ്രതിഷേധത്തെയാണ് ഇക്കുറി ബിജെപി ഏറ്റെടുത്തിരിക്കുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സത്യാഗ്രഹം ജനരക്ഷായാത്രയ്ക്ക് കൊച്ചിയില്‍ കിട്ടിയ സ്വീകരണമാക്കിമാറ്റിയിരിക്കുകയാണ് ബിജെപിയിലെ വിഡ്ഢികള്‍.

ഫേസുബുക്കിലെ ബിജെപി അനുകൂല അക്കൗണ്ടുകളില്‍ വ്യാജചിത്രപ്രചരണം പൊടിപൊടിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് വലിയ വളര്‍ച്ചയാണെന്ന് ദേശീയ തലത്തില്‍ കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കൂടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.

എന്തായാലും ചിത്രം പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി. ഇത്തരത്തില്‍ വ്യാജഫോട്ടോകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ പാര്‍ട്ടി പിരിച്ചുവിടുകയാണ് വേണ്ടതെന്ന അഭിപ്രായം പലരും പങ്കുവെച്ചിട്ടുണ്ട്.

ബിജെപിക്ക് ഇത് നാണക്കേടായി എന്ന് ചിലര്‍ പറയുമ്പോള്‍ നാണക്കേടിനെ തണലാക്കുന്നവരോട് എന്ത് പറയാനെന്ന് ചോദിക്കുന്നവരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here