‘മറ്റൊരാളി’ന് മുപ്പത് വയസ്സ്; മമ്മൂട്ടിയെ കാണാനെത്തി എഴുത്തുകാരന്‍ സിവി ബാലകൃഷണന്‍; മറ്റൊരു സിനിമ കൂടി പ്രതീക്ഷിക്കാമെന്ന് കഥാകാരന്‍

പ്രശസ്ത സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്‍ എഴുതി മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മറ്റൊരാളിന് മുപ്പത് വയസ്സായി.

1987ല്‍ പുറത്തിറങ്ങിയ ചിത്രം കെജി ജോര്‍ജിന്റെയും സിവി ബാലകൃഷ്ണന്റെയും ചലച്ചിത്ര ജീവിതത്തില്‍ മാത്രമല്ല മലയാള സിനിമാ ചരിത്രത്തില്‍ തന്നെ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത ചിത്രമാണ്.

മുപ്പത് കൊല്ലം മുമ്പ് മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് കെജി ജോര്‍ജ് പില്‍ക്കാലത്ത് വിശേഷിപ്പിച്ചത് അത് സിവി ബാലകൃഷ്ണന്റെ ചിത്രമാണ്’ എന്നാണ്.

ജോര്‍ജിന്റെ സ്ത്രീപക്ഷ സിനിമകളായ ആദാമിന്റെ വാരിയെല്ലിനും, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്കിനും പിന്നെ മമ്മൂട്ടി തന്നെ പ്രധാന കഥാപാത്രമായ യവനികയ്ക്കും ശേഷമായിരുന്നു മറ്റൊരാളിന്റെ പിറവി.

മറ്റൊരാളിന് ശേഷം മമ്മൂട്ടിയും സിവി ബാലകൃഷ്ണനും പലതവണ നേരിട്ടുകണ്ടിട്ടുണ്ടെങ്കിലും മറ്റൊരു സിനിമ ഉണ്ടായില്ല. വയനാട്ടില്‍ വെച്ച് മമ്മൂട്ടിയെ എഴുത്തുകാരന്‍ നേരിട്ട് കണ്ടതിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകളാണ് പുറത്ത് വരുന്നത്.

മറ്റൊരു സിനിമ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അതേക്കുറിച്ച് ഒരു പ്രഖ്യാപനം നടത്താന്‍ സമയമായിട്ടില്ലെന്നാണ് സിവി ബാലകൃഷ്ണന്‍ പറയുന്നത്.

മറ്റൊരാളിന് ശേഷം മമ്മൂട്ടിയോടൊപ്പം നിരവധ വേദികള്‍ പങ്കിട്ടുണ്ട്. നിരവധി തവണ നേരിട്ട് കണ്ടിട്ടുണ്ട്. കാമമോഹിതം നോവല്‍ കെജി ജോര്‍ജ് സിനിമയാക്കാന്‍ ആഗ്രഹിച്ച കാലത്ത് അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

പക്ഷേ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. അത് എന്റെ കുറ്റമല്ലെന്നാണ് നടന്‍ പറയുന്നത്. അല്ലായിരിക്കാം. പക്ഷേ ആ കുറ്റം ഇനിയും തുടരരുതല്ലോ! ” സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

മറ്റൊരാള്‍’ പുറത്തിറങ്ങിയ തൊട്ടടുത്ത വര്‍ഷം 1988ല്‍ സിവി ബാലകൃഷ്ണനെഴുതിയ പുരാവൃത്തം സംവിധാനം ചെയ്തത് ലെനിന്‍ രാജേന്ദ്രനായിരുന്നു. ഇതിഹാസ താരം ഓംപുരി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രമെന്ന ഖ്യാതിയുണ്ട് പുരാവൃത്തത്തിന്.

വടക്കേ മലബാറിലെ ജന്മിത്തവിരുദ്ധ സമരത്തിന്റെ അത്യസാധാരണമായ നാട്ടുവേരുകള്‍ ചികഞ്ഞ് പോയ ഈ ചിത്രം മലയാളത്തില്‍ സമാന്തര സിനിമയുടെ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ്.

പക്ഷെ ബോക്‌സോഫീസില്‍ മറ്റൊരാളിന്റെ ഗതി തന്നെയായി പുരാവൃത്തത്തിനും. മലയാള നോവല്‍- ചെറുകഥാ സാഹിത്യത്തിലെ ഏറ്റവും ‘താര’മൂല്യമുള്ള എഴുത്തുകാരനായിട്ടും കമേഴ്‌സ്യല്‍ സിനിമയില്‍ ബാലകൃഷ്ണന് ആ താരമൂല്യം സൂക്ഷിക്കാനായില്ല.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ആ നിരയില്‍ അപവാദം.

പിന്നെ സമ്മാനം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കാറ്റത്തെ പെണ്‍പൂവ്, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളും. ജോണ്‍ബ്രിട്ടാസ് നായകനായി മധു കൈതപ്രം സമവിധാനം ചെയ്ത വെള്ളിവെളിച്ചത്തി’ലാണ് സിവി ബാലകൃഷ്ണന്‍ അവസാനമായി എഴുതിയ സിനിമ.

മുപ്പത് വര്‍ഷം മുമ്പത്തെ മറ്റൊരാളില്‍ കണ്ട മമ്മൂട്ടിയല്ല ഇപ്പോഴത്തെ മമ്മൂട്ടി. അഭൂതപൂര്‍വ്വമായ വളര്‍ച്ച ആ നടന്റെ കരിയറില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ അടിസ്ഥാനപരമായി അയാള്‍ ഒരു പച്ച മനുഷ്യനാണ്. സ്‌നേഹവും സൗഹൃദവും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നയാളാണ്. നന്നായി പുസ്തകം വായിക്കും. എന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാത്ത പരാതിയായിരുന്നു കണ്ടപ്പോള്‍” സിവി ബാലകൃഷണന്‍ പറയുന്നു.

തിരുവനന്തപുരമായിരുന്നു മറ്റൊരാളിന്റെ ലൊക്കേഷന്‍. തകരപ്പറമ്പിലെ ഒരു കാര്‍ വര്‍ക്ഷോപ്പില്‍ വെച്ചായിരുന്നു ആദ്യത്തെ ഷോട്ട്. ആദ്യത്തെ ഏതാനും രംഗങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മമ്മൂട്ടി സിനിമയുടെ സ്‌ക്രിപ്റ്റ് തന്നെ വായിച്ചതെന്ന് സിവി പറയുന്നു. തകരപ്പറമ്പിനടുത്തുള്ള തന്റെ റൂമില്‍ വന്നിരുന്ന് തിരക്കഥ ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ക്കുകയായിരുന്നു.

എലിപ്പത്തായത്തിന് ശേഷം കരമനയുടെ ഏറ്റവും മികച്ച വേഷമായിരുന്നു സിനിമയില്‍. ജഗതി ശ്രീകുമാര്‍, സീമ, ഉര്‍വ്വശി തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍. രാമചന്ദ്രബാബുവായിരുന്നു ക്യാമറ. കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതയായിരുന്നു വിഷയം.

പാടുന്ന പന്തം എന്ന് പി ഭസ്‌കരന്‍ വിശേഷിപ്പിച്ച എംബി ശ്രീനിവാസനായിരുന്നു സിനിമയുടെ പശ്ചാത്തല സംഗീതം. ആ വര്‍ഷം ഐഎഫ്എഫഐ തിരുവനന്തപുരത്തായിരുന്നു. മേളയിലേക്ക് സിനിമ തെരഞ്ഞെടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചപ്പോള്‍ എംബിഎസ് സമാധാനിപ്പിച്ചത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നുവെന്നും സിവി പറഞ്ഞു.

മറ്റൊരാളിന്റെ സെറ്റിലേക്ക് ഒരു അര്‍ദ്ധരാത്രി ജോണ്‍ ഏബ്രാഹാം കയറിവന്നത് മമ്മൂട്ടിയും മറന്നിട്ടില്ല. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അദ്ദേഹം അത് പ്രത്യേകം എടുത്ത് പറഞ്ഞു. മമ്മൂട്ടി ഡൈനിംഗ് ടേബിളില്‍ മുട്ടി ഒരു മൂളിപ്പാട്ട് പാടുന്നതാണ് രംഗം.

അപ്പോഴാണ് ജോണ്‍ എവിടെ നിന്നോ കയറി വന്നത്. എന്തിന് മൂളിപ്പാട്ട് പാടണം പാട്ട് തന്നെ പാടിക്കൂടേ എന്ന് ചോദിച്ചത് ജോണാണ്. ജോര്‍ജ് പിന്നിട് ജോണിന് കീഴ്‌പ്പെടുകയായിരുന്നു.ആലപ്പുഴക്കാരന്‍ കേശവവാനാശാന്റെ ..’ എന്ന കുട്ടനാടന്‍ പാട്ട് ജോണ്‍ ഉച്ചത്തില്‍ പാടി. എല്ലാവരും താളം പിടിച്ച് കൂടെ പാടി. പാട്ടില്ലാത്ത സിനിമയില്‍ അങ്ങനെ ഒരു പാട്ട് സംഭവിച്ചു.

മമ്മൂട്ടി പിന്നീട് സിനിമയില്‍ ആ പാട്ടാണ് പാടുന്നത്. ആ രാത്രി തന്നെ ജോണ്‍ ഇറങ്ങിപ്പോവുകയും ചെയ്തു’ സിവി ആ സംഘകാലം ഓര്‍ത്തു. അന്ന് ചിത്ര ഭൂമിയ്ക്ക് വേണ്ടി മറ്റൊരാളിന്റെ സിനിമാ സെറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നയാളാണ് പില്‍ക്കാലത്ത് വലിയ തിരക്കഥാകൃത്തും നടനുമായ രഞ്ജിപ്പണിക്കര്‍.

തന്നെക്കുറിച്ച് ആദ്യമായി ഒരു സിനിമാമാസികയില്‍ എഴുതിയതും രഞ്ജിപ്പണിക്കറാണെന്ന് ഓര്‍മ്മിക്കുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍. മുപ്പത് വര്‍ഷത്തിന് ശേഷം കാലം ഒരുപാട് മാറിയെങ്കിലും നടന്നും എഴുത്തുകാരന്നും ഇപ്പോഴും നിറ യൗവ്വനമാണ്.

മമ്മൂട്ടിക്കും സിവി ബാലകൃഷ്ണനും ഏതാണ്ട് ഒരേ പ്രായക്കാരാണ് എന്നതാണ് മറ്റൊരു രസം. പക്ഷേ രണ്ടുപേരുടെയും പ്രായം ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് മാത്രം.

സിവി ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ അതിന് വന്ന കമന്റുകളില്‍ ഒന്ന് ഇങ്ങനെയാണ്: സിനിമയിലെ നിത്യഹരിത നായകനും സാഹിത്യത്തിലെ നിത്യഹരി തനായകനും കണ്ടുമുട്ടിയപ്പോള്‍!

സിവി ബാലകൃഷ്ണന്‍ എഴുത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷമാണിത്. ഈ അമ്പതാം വര്‍ഷം തന്നെ മമ്മൂട്ടിയോടൊപ്പം ഒരു സിനിമ കൂടി സാധ്യമാകട്ടേ എന്നാണ് എഴുത്തുകാരന്റെ ആഗ്രഹം. അതിന്റെ രചന ഏതാണെന്ന കാര്യം അദ്ദേഹം സസ്‌പെന്‍സായി തന്നെ വയ്ക്കുകയാണ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ സിവി ബാലകൃഷ്ണന്‍ ഇപ്പോള്‍ കാസര്‍ക്കോട് പിലിക്കോടാണ് താമസം. പൂര്‍ണ്ണ സമയ എഴുത്തിന് വേണ്ടി അധ്യാപക ജോലിയില്‍ നിന്ന് വോളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങുകയായിരുന്നു അദ്ദേഹം.

ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം മലയാള നോവല്‍ സാഹിത്യത്തിലെ നാഴികക്കല്ലെന്ന് കരുതുന്ന ആയുസ്സിന്റെ പുസ്തക’മാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, ദിശ, അവനവന് ആനന്ദം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങി അമ്പതോളം കൃതികളുടെ രചയിതാവാണ്. ലോക സിനിമയിലും ലോക സാഹിത്യത്തിലും സിവി ബാലകൃഷ്ണനുള്ള അവഗാഹവും പ്രശസ്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here