ഒന്നര മണിക്കൂറെടുത്ത് കാല്‍ നടയായി നടന്നു കയറി; മുഖ്യമന്ത്രി ശബരിമലയില്‍ – Kairalinewsonline.com
Big Story

ഒന്നര മണിക്കൂറെടുത്ത് കാല്‍ നടയായി നടന്നു കയറി; മുഖ്യമന്ത്രി ശബരിമലയില്‍

ഒന്നര മണിക്കൂറെടുത്ത് കാല്‍ നടയായായി നടന്നു കയറി; മുഖ്യമന്ത്രി ശബരിമലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ശബരിമലയിലെത്തി. വഴിയില്‍ ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്ത് കാല്‍ നടയായാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

സമയം രാത്രി 8.30, ദില്ലിയില്‍ നിന്നും നേരെ പമ്പയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

15 മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം സന്നിധാനത്തേക്ക് യാത്ര പുറപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് പമ്പയില്‍ വന്നിരുന്നെങ്കിലും കനത്തമഴ സന്നിധാനത്തെക്കുള്ള യാത്രയ്ക്ക് തടസ്സം നിന്നിരുന്നു.

അതുകൊണ്ടു തന്നെ ഇത്തവണത്തെ യാത്രയ്ക്ക് എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡു വഴിയുള്ള യാത്രയില്‍ വിശ്രമിക്കാന്‍ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും വേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി.

സായുധരായ കമാന്‍ഡോകള്‍ സുരക്ഷയൊരുക്കിയപ്പോള്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ മലയിറങ്ങി വന്ന അയ്യപ്പന്‍മാരെ പൊലീസ് നിയന്ത്രിച്ചു. മല കയറ്റത്തിന്റെ ഓരോ ഘട്ടവും ചോദിച്ചും കണ്ടും മനസിലാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

ഒടുവില്‍ ഒന്നര മണിക്കൂറു നേരത്തെ യാത്രയ്ക്ക് ശേഷം സന്നിധാനത്തെത്തിയപ്പോള്‍ മലകയറ്റം നല്ല അനുഭവമായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രാജു എബ്രഹാം എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

To Top