രാജീവ് വധക്കേസില്‍ അഡ്വക്കറ്റ് സി പി ഉദയാഭാനുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്; ഉദയഭാനുവിനെ  ഉടന്‍ ചോദ്യം ചെയ്യും

ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വക്കറ്റ് സി പി ഉദയാഭാനുവിന്റെ കൊച്ചിയിലെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. ഉദയഭാനുവിന്റെ ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ക്കായാണ് പൊലീസ് റെയ്ഡ് നടത്തിയത്

തൃശ്ശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്DYSP ഏ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അഡ്വക്കറ്റ് സി പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് മൈതാനത്തിന് സമീപമുള്ള ഓഫീസിലും ഒരേസമയമായിരുന്നു റെയ്ഡ് നടത്തിയത്.
ചാലക്കുടി മജിസ്‌ട്രേറ്റിന്റെ സെര്‍ച്ച് വാറന്റുമായാണ് പൊലീസ് സംഘം എത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ ഉദയഭാനു വീട്ടില്‍ ഉണ്ടായിരുന്നു.
10 മണിയോടെ ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ഉദയഭാനുവിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്.

രാജീവ് ഇടനിലക്കാരനായി ഉദയഭാനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി ഇടപാട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റെയ്ഡിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല.

കേസില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയതായി കഴിഞ്ഞ ദിവസം അനേവഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ ഉദയഭാനുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപോക്ഷയില്‍ ഈ മാസം 23 ന് ഹൈക്കോടതി വിധി പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here