അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കോടിയേരി; ബിജെപിയുമായി വികസനത്തില്‍ മത്സരിക്കാം

തിരുവനന്തപുരം: വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഏത് സംസ്ഥാനവുമായും മത്സരിക്കാം. ആ സംസ്ഥാനങ്ങളിലെ ഏത് വികസനപദ്ധതികളേക്കാളും കേരളം മെച്ചപ്പെട്ടതാണെന്ന് അഭിമാനത്തോടെ പറയാം.

അവരുടെ പഴയ മാതൃകയായ ഗുജറാത്തായാലും ഇപ്പോഴത്തെ മാതൃകയായ യോഗിയുടെ യുപിയിലായാലും മെച്ചപ്പെട്ട ജീവിതനിലവാരമാണ് കേരളത്തില്‍. ഇതുള്‍പ്പെടെ ഏത് വികസനവിഷയത്തിലും മത്സരിക്കാന്‍ തയ്യാറാണ്.

അതേസമയം, അക്രമത്തില്‍ മത്സരിക്കാനില്ല. അക്രമത്തെ അക്രമംകൊണ്ട് നേരിടുകയെന്നത് സിപിഐ എം നയമല്ല, അക്രമത്തെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും.

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം നിരവധി തവണ സമാധാനശ്രമങ്ങള്‍ നടത്തി. ബിജെപിയും ആര്‍എസ്എസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി.

മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് സര്‍വകക്ഷിയോഗം വിളിച്ചു. അതിന്റെയെല്ലാം ഫലമുണ്ടായി.

ആ തീരുമാനം ലംഘിക്കാന്‍ പാടില്ല. ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ പെട്ട്‌പോകരുതെന്നാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം.

പരക്കെ പ്രകോപനം സൃഷ്ടിച്ചിട്ടും ഒരു പ്രശ്‌നവുമില്ലാതെ ബിജെപി യാത്ര പൂര്‍ത്തിയാക്കിയത് സിപിഐ എം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതുകൊണ്ടാണ്. ഇത് പാര്‍ടിയുടെ കരുത്താണ്.

കേരളത്തില്‍ ആര്‍ക്കും ജാഥയും പ്രചാരണവും നടത്താം. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് സാധ്യമാണോ.

എതിര്‍ശബ്ദം അടിച്ചമര്‍ത്തുകയും എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുന്ന നയമാണ് ആ സംസ്ഥാനങ്ങളില്‍.

ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് രണ്ടാഴ്ചയാണ് മാര്‍ച്ച് നടത്തിയത്. കേന്ദ്രമന്ത്രിമാരും അഖിലേന്ത്യാ പ്രസിഡന്റും ഉള്‍പ്പെടെ അതില്‍ പങ്കെടുത്തു.

പൊലീസ് ബാരിക്കേഡ് തട്ടിമാറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ മുന്നിട്ടിറങ്ങി. മൂന്ന് സംസ്ഥാനത്ത് സിപിഐ എം ഓഫീസ് ആക്രമിച്ചു. രാജ്യം ഭരിക്കുന്ന കക്ഷി ഇത്തരത്തിലാണോ പ്രവര്‍ത്തിക്കേണ്ടത്. കേട്ടു കേള്‍വിയില്ലാത്തവിധം പ്രധാനമന്ത്രി തൊട്ട് കേന്ദ്രമന്ത്രിമാര്‍ വരെ കേരളത്തിനെതിരെ പ്രചാരവേല നടത്തി.

12 കേന്ദ്രമന്ത്രിമാര്‍, നാല് മുഖ്യമന്ത്രിമാര്‍, ഒരു ഉപമുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കു പുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ആയിരങ്ങളെ ഇറക്കുമതി ചെയ്തിട്ടും ബിജെപി യാത്രയ്ക്ക് നേരിയ ചലനംപോലും ഉണ്ടാക്കാനായില്ല കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here