ആ ശാലീന സൗന്ദര്യം വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

നാല് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യ വിട പറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം തികയുന്നു.

തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ശ്രീവിദ്യയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നൃത്തത്തിലും സംഗീതത്തിലും സാധാരണമല്ലാത്ത കഴിവ് തെളിയിച്ച ശ്രീവിദ്യ അഭിനയത്തികവ് കൊണ്ടാണ് സിനിമാചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്.

മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. നിറഞ്ഞൊഴുകുന്ന സൗന്ദര്യവും ആഴമേറിയ കണ്ണുകളുമായി മലയാളിയുടെ സൗന്ദര്യസങ്കല്പത്തിന്റെ പ്രതീകമായി മാറിയ നായിക.

കാമുകിയായും ഭാര്യയായും അമ്മയായും മുത്തശിയായും വൈവിധ്യമേറിയ വേഷങ്ങള്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ ശ്രീവിദ്യയുടെ യഥാര്‍ഥ് ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു.

1953 ജൂലൈ 24ാം തീയതിയാണ് തമിഴിലെ ഹാസ്യനടന്‍ ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും ഗായിക ML വസന്തകുമാരിയുടെയും മകളായി ശ്രീവിദ്യ മദ്രാസില്‍ ജനിച്ചത്.

സമ്പന്നതയുടെയും ആഡംബരത്തിന്റെയും കളിത്തൊട്ടിലിലാണ് അവര്‍ ജനിച്ചുവീണത്. ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്.

13ാം വയസ്സില്‍ തിരുവള്‍ ചൊല്‍വല്‍ എന്ന തമിഴ് സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു ശ്രീവിദ്യയുടെ സിനിമാപ്രവേശം.മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.

1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ നടന്നുകയറി.

850ലേറെ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു തവണ ശ്രീവിദ്യയെ തേടിയെത്തി.

1979ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ അവാര്‍ഡ്.

1983ല്‍ രചന, 1992ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളും ശ്രീവിദ്യയ്ക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ കെ.ജി.ജോര്‍ജ് ചിത്രങ്ങളും ശ്രീവിദ്യയുടെ അഭിനയമികവ് കാട്ടിത്തന്നു.

വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്നപ്പോഴും പ്രണയവും വിവാഹജീവിതവുമെല്ലാം വേദനയും നിരാശയും മാത്രമായിരുന്നു അവര്‍ക്ക് നല്‍കിയത്.

ഒടുവില്‍ അര്‍ബുദം ശരീരത്തില്‍ മരണത്തിന്റെ വിത്തുകള്‍ പാകിയപ്പോഴും അസാധാരണമായ ഇച്ഛാശക്തിയായിരുന്നു അവര്‍ പ്രകടിപ്പിച്ചത്.

രോഗക്കിടക്കയില്‍ നിന്നും പലപ്പോഴും അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തി.

53ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയെങ്കിലും അവരുടെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ശ്രീവിദ്യയെ ഓര്‍ക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here