സംഗീതത്തിന്‍റെ കനിവുമായി `പാട്ടിന്‍റെ പാലാ‍ഴി ‘ കൂട്ടായ്മ; ആർസിസിയിലെ കുട്ടികൾക്കുവേണ്ടി സംഗീത സദസും ധനസഹായവും കൈമാറി

ദീപാവലി ദിനത്തിൽ തിരുവനന്തപുരം ആർസിസിയിലെ രോഗബാധിതരായ കുട്ടികൾക്ക് സ്വാന്ത്വനവുമായി വാട്സ് ആപ്പ് കൂട്ടായ്മ. കേരളത്തിലുടെ നീളമുളള ഒരുസംഘം ഗായകരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ പാട്ടിന്‍റെ പാലാ‍ഴിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ചികിത്സാ സഹായം കൈമാറുകയും സംഗീത സദസ് സംഘടിപ്പിക്കുകയും ചെയ്തത്.

തിരുവനന്തപുരം ആറ്റിങ്ങൾ സായി ഗ്രാമത്തിൽവച്ചായിരുന്നു സംഗീതസദസ്. ഗായകൻ സന്ദീപ് കുമാർ പന്തളത്തിന്‍റെ നേതൃത്വത്തിൽ കലാഭവൻ രതീഷ് , ശ്രീഷ്മ അനുരൂപ് തുടങ്ങി പാട്ടിന്‍റെ പാലാ‍ഴിയിലെ അംഗങ്ങളായ പതിനഞ്ചിൽപരം കലാകാരൻമാർ ചേർന്നാണ് രാഗസുധ എന്ന പേരിൽ സംഗീതസദസ് അണിയിച്ചൊരുക്കിയത്.

മൂന്ന് മണിക്കൂർ ദൈർഘ്യമുളളതായിരുന്നു പരിപാടി. സംഗീത സദസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആർസിസി ജോയിന്‍റ് ഡയറക്ടർ ഡോ. രാംദാസിന് ചികിത്സാധനസഹായം കൈമാറി. സായിഗ്രാം ഡയറക്ടർ കെ. എൻ ആനന്ദ് കുമാർ മുഖ്യാതിഥി ആയിരുന്നു.

ഗ്രൂപ്പ് അംഗങ്ങൾ സമാഹരിച്ചുനൽകിയ ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ് ആദ്യഘട്ടമായി കൈമാറിയത്. സംഗീതസദസിന് മുന്നോടിയായി ഗായകരുടെ സംഘം ആർസിസി സന്ദർശിച്ചിരുന്നു. വരും വർഷങ്ങളിലും ആർസിസിയിലെ കുട്ടികൾക്ക് സഹായമെത്തിക്കാനാണ് ഗ്രൂപ്പ് അംഗങ്ങളുടെ തീരുമാനം.

പ്രഗൽഭരും നിരവധി വേദികൾ പിന്നിട്ടവരുമായ നൂറിലധികം ഗായകരാണ് കൂട്ടായ്മയിൽ ഉളളത്. കാരുണ്യ ധനസമാഹരണാർത്ഥം കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും നീക്കമുണ്ട്.

പ്രവാസികൾ ഉൾപ്പെടെ അംഗങ്ങളായ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അർഹരായവർക്ക് സഹായമെത്തിക്കുകയും സ്വന്തന പ്രവർത്തനങ്ങളിൽ സജീവമാകുകയുമാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് അഡ്മിൻസ് ബിനേഷ് ബാലകൃഷ്ണൻ , സജിത് സോമരാജ് എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News