ആഗ്രയില്‍ പോകണം എപ്പോഴാണവിടം നിരോധിതമാകുന്നതെന്നറിയില്ലല്ലോ; ഈ ചോദ്യമുയര്‍ത്തുന്ന കവിത വൈറലാകുന്നു

അലിയാര്‍ മാക്കിയിലിന്റേതാണ് മിറര്‍ എന്ന ഈ ഫെയ്‌സ് ബുക്ക് കവിത. ഇതിപ്പോള്‍ ഫെയ്‌സ് ബുക്കില്‍ തരംഗമാവുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാഥാര്‍ത്ഥ്യങ്ങളുടെ കാവ്യാത്മകാവിഷ്‌കാരമാണ് കവിതയെ വായനക്കാരുടെ പ്രിയവിഭവമാക്കിയത്.

മിറല്‍ വായിക്കാം

അറിയില്ലല്ലോ!
‘പുരാനാദില്ലി’ വരെ പോകണം
കുത്തബ്മിനാര്‍ കാണണം
എപ്പോഴാണവിടം
നിലംപൊത്തുന്നതെന്നറിയില്ലല്ലോ?
ചുവന്ന കോട്ടയുടെ ഓരത്തുനിന്നൊരു
‘സെല്‍ഫി’യെടുക്കണം
എപ്പോഴാണതിന്‍
നിറം മാറുന്നതെന്നറിയില്ലല്ലോ?
ആഗ്രയില്‍ പോകണം
പണിയാളരെ വാഴ്ത്തണം
മുംതാസ് മഹലിനെയോര്‍ക്കണം
പ്രണയ മഴയില്‍ മുങ്ങണം
എപ്പോഴാണവിടം
നിരോധിതമാകുന്നതെന്നറിയില്ലല്ലോ?
സബര്‍മതിയില്‍ പോകണം
ധ്വാനനിമഗ്ദനാവണം
മഹാത്മാവിന്‍ പാദങ്ങള്‍ തിരയണം
ഭൂദാനക്കുടിലില്‍ പൂക്കള്‍ വിതറണം
എപ്പോഴാണവിടെ
പുതു പ്രതിമകള്‍ വരുന്നതെന്നറിയില്ലല്ലോ?
കന്യാകുമാരിയില്‍ പോകണം
ഉദയാസ്തമനങ്ങള്‍ കാണണം
വിവേകാനന്ദപ്പാറയിലിരിക്കണം
സ്വാമി ഉത്‌ഘോഷിച്ചത്
സഹോദരീ സഹോദരന്മാരെയെന്നത്
ചൊല്ലി ഉറപ്പാക്കണം .
അതുവഴി രാമേശ്വരം പോകണം
കലാമിന്റെ കിനാവുകള്‍ക്ക് കാതോര്‍ക്കണം
എപ്പോഴാണവിടം
ജാറമാകുന്നതെന്നറിയില്ലല്ലോ?
പഴയബോംബേ കാണണം
ഗോവയില്‍ നീന്തി തുടിക്കണം
ജാലിയന്‍വാലാബാഗില്‍ നമിക്കണം
കാപ്പാട് കടപ്പുറവും കാണണം
എപ്പോഴാണവിടം
ചരിത്രമല്ലാതാകുതെന്നറിയില്ലല്ലോ?
എരുമേലിയില്‍ പോകണം
ശരണം വിളിച്ച് മലകയറണം
വാവര്‍ക്കവിടെയിപ്പോഴും
ഇടമുണ്ടോയെന്ന് തെരക്കണം.
എല്ലാ കാഴ്ചയും
എല്ലാ യാത്രയും ഉടനെ വേണം
എപ്പോഴാണവര്‍
കണ്ണ് ചൂഴ്‌ന്നെടുക്കുന്നതെന്നറിയില്ലല്ലോ?
കണ്ണുണ്ടായിട്ടും കാണാത്തവര്‍ക്ക്
അതും ഇതും ഒന്നും ഒരു
കാഴ്ചയല്ലല്ലോ?
ആളിക്കത്തുക നാം
തീയായിപ്പടരുക നാം
തമസ്സൊഴിഞ്ഞു പോകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News