എൽ ഡി എഫ് ജനജാഗ്രതായാത്രകൾ ഇന്നു തുടങ്ങും; പിണറായിയും രാജയും ഉദ്ഘാടനം ചെയ്യും; കോടിയേരിയും കാനവും നയിക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര ശനിയാഴ്ച ആരംഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുക.

ഇരു യാത്രകളും നവംബര്‍ മൂന്നിന് സമാപിക്കും

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജനജാഗ്രതാ യാത്ര നയിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായുള്ള യാത്ര ശനിയാഴ്ച വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും കാനം നയിക്കുന്ന യാത്ര വൈകിട്ട് നാലിന് തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

മഞ്ചേശ്വരത്തുനിന്നുള്ള യാത്രയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്.

തിരുവനന്തപുരത്തുനിന്നുള്ള യാത്രയില്‍ എ വിജയരാഘവന്‍ (സിപിഐ എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), പി എം മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവര്‍ അംഗങ്ങളാണ്.

ഉദ്ഘാടന യോഗങ്ങളില്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.

കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലും കാനം നയിക്കുന്ന ജാഥ എറണാകുളത്തും സമാപിക്കും.

രണ്ടാഴ്ച സംസ്ഥാനത്ത് പര്യടനം നടത്തുന്ന യാത്ര വന്‍ വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here