കൊച്ചി ഇനിയും കാത്തിരിക്കും; വമ്പന്മാരുടെ ബൂട്ട് കെട്ടുന്നതിനായി

കൊച്ചി: റെക്കോര്‍ഡ് ആള്‍ക്കൂട്ടത്തോടെയാണ് കൊച്ചി ലോകകപ്പിനോട് വിട പറഞ്ഞത്. ഫിഫയുടെ കടുത്ത സുരക്ഷാ നടപടികള്‍ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ എണ്ണം കുറച്ചെങ്കിലും അവസാന മത്സരത്തില്‍ 28,000 കാണികളുമായി കൊച്ചി റെക്കോര്‍ഡ് സൃഷ്ടിച്ചു.

കൊച്ചിയില്‍ നടന്ന എട്ട് കളികളിലായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ലോകകപ്പിന്റെ ആരവം നേരിട്ട് കാണാനെത്തിയത്.

ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സ്റ്റേഡിയമാണ് കൊച്ചി. കെഎസ്എല്ലില്‍ അറുപതിനായിരത്തിലധികം പേര്‍ ഇരച്ചു കയറിയ സ്റ്റേഡിയം ഫിഫയുടെ കടുത്ത സുരക്ഷാ നടപടിയെ തുടര്‍ന്ന് 29,000 ആക്കി പരിമിതപ്പെടുത്തിയപ്പോള്‍ തുടക്കത്തില്‍ തന്നെ ആരാധകരെ നിരാശരാക്കി.

എങ്കിലും അവസാന മത്സരത്തില്‍ 28436 പേരുമായി റെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ടാണ് കൊച്ചി ലോകകപ്പിനോട് വിട പറഞ്ഞത്. സ്‌പെയിന്‍, ഇറാന്‍, ബ്രസീല്‍, ജര്‍മനി തുടങ്ങി ലോക കരുത്തന്മാരുടെ കാല്‍പ്പന്തുകളി കൊച്ചി ആവോളം ആസ്വദിച്ചു

ആറ് പ്രാഥമിക റൗണ്ടും പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും അടക്കം എട്ട് കളികളിലായി 1, 20254 പേരാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക് കൊച്ചി നല്‍കിയ പിന്തുണ ലോകതാരങ്ങളെ തന്നെ അദ്ഭുതപ്പെടുത്തി.

സ്വന്തം മണ്ണില്‍ കളിക്കുന്നതു പോലെയാണ് കൊച്ചി സ്റ്റേഡിയമെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോസ് അമല്‍ ദു അഭിപ്രായപ്പെടുകയും ചെയ്തു. ബ്രസീല്‍ കളിച്ച ദിവസങ്ങളിലെല്ലാം 20,000ത്തിലധികം ആരാധകരാണ് ഇരച്ചുകയറിയത്.

മൂവായിരത്തില്‍ താഴെ കാണികളുമായി കൊച്ചി സ്റ്റേഡിയത്തില്‍ പന്തുരുണ്ടെങ്കില്‍ അതിന് ഫിഫ ഏര്‍പ്പെടുത്തിയ അമിത നിബന്ധനകളെ തന്നെ കുറ്റപ്പെടുത്തേണ്ടി വരും.

സ്‌പെയിനിന്റെ തിളക്കമാര്‍ന്ന ജയത്തോടെ ഫിഫ ലോകകപ്പിന് വിട പറയുമ്പോള്‍ ഇനിയും വമ്പന്മാരുടെ ബൂട്ട് കെട്ടുന്നതിനായി കൊച്ചി കാത്തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here