കൊല്ലം ട്രിനിറ്റി സ്‌കൂളിനെതിരെ കൂടുതല്‍ പരാതികള്‍; ഗൗരിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ മറ്റൊരു വിദ്യാര്‍ഥിക്കും ക്രൂരമര്‍ദനം; വിദ്യാര്‍ഥിയുടെ മുഖത്തടിച്ച അധ്യാപികക്കെതിരെ കേസ്

തിരുവനന്തപുരം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ പരാതികളുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ശിക്ഷാ നടപടികള്‍ അതിക്രൂരമാണെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നത്.

ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു വിദ്യാര്‍ഥിയെ, നാന്‍സി എഡ്വേര്‍ഡ് എന്ന അധ്യാപിക മര്‍ദിച്ചതായാണ് പരാതി. വിദ്യാര്‍ഥിയുടെ മുഖത്തടിച്ച നാന്‍സിക്കെതിരെ പൊലീസ് കേസെടുത്തു.

അതേസമയം, ഗൗരിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.

ഗൗരിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ നാലു മണിക്കൂറോളം കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും പരാതിയുണ്ട്.

സ്‌കൂളും ഈ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണെന്നും അതാണ് അവഗണനയ്ക്ക് കാരണമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ടിന് ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here