കൈരളി ടിവിയിലൂടെ എംഎ യൂസഫലിയോട് ‘വെള്ളം ചോദിച്ച’ ജൈസണ് റാഡോ വാച്ച് സമ്മാനം

കൈരളി ടിവിയുടെ മാന്യ മഹാ ജനങ്ങളുടെ വേദിയില്‍ തനിക്കു പിണഞ്ഞ ഒരു അമളി പ്രസംഗരൂപേണ അവതരിപ്പിച്ച ജെയ്‌സണ്‍ മുകളേലിനു ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാക്ഷാല്‍ എം.എ യൂസഫലി അഭിനന്ദനങ്ങളോടൊപ്പം ഒരു റാഡോ വാച്ച് സമ്മാനമായി നല്‍കി.

‘യൂസഫലി വെള്ളം താ’ എന്ന മുകളേലിന്റെ പ്രസംഗത്തിലെ പ്രയോഗം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തു കഴിഞ്ഞിരുന്നു. ലുലു സെന്ററിന്റെ ഹോട്ടലില്‍ ചെന്ന് സെന്‍സര്‍ ഉള്ള ടാപ്പിലെ വെള്ളം എങ്ങനെ എടുക്കണം എന്നറിയാതെ ടാപ്പില്‍ പിടിച്ചു തിരിച്ചു നില്‍ക്കുമ്പോള്‍ സുഹൃത്ത് ഉപദേശിച്ചതാണ് ടാപ്പിനു താഴെ കൈ വെച്ച് ‘യൂസഫലി വെള്ളം താ’ എന്ന് പറയാന്‍.

അങ്ങനെ ചെയ്തപ്പോള്‍ വെള്ളം വന്നു എന്നും. പിന്നീട് അത് സെന്‍സര്‍ ആണെന്ന് മനസിലായപ്പോള്‍ തനിക്കു പിണഞ്ഞ അമളിയുമൊക്കെ നര്‍മ മധുരമായാണ് ജെയ്‌സണ്‍ മുകളേല്‍ അവതരിപ്പിച്ചത്.

തന്റെ സ്വന്തം കൈപ്പടയില്‍ ജെയ്‌സന്റെ പേരും കൈയ്യൊപ്പും എഴുതിയ കത്തില്‍ യൂസഫലി പറയുന്നു. ‘മൈ ഡിയര്‍ ജെയ്‌സണ്‍. കൈരളി ടിവിയിലെ മാന്യ മഹാ ജനങ്ങളെ എന്ന പരിപാടി എനിക്ക് സഹപ്രവര്‍ത്തകര്‍ കാണിച്ചു തന്നു. വളരെ രസകരമാണ് വ്യത്യസ്തമായ ശൈലിയിലും അത് അവതരിപ്പിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതില്‍ എന്റെ അഭിനന്ദനങ്ങള്‍. എന്റെ ഒരു സ്‌നേഹ സമ്മാനം ഇതിനോടൊപ്പം കൊടുത്തയാക്കുന്നു. നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്ന് സ്വന്തം എംഎ യൂസഫലി.

ഈ സ്‌നേഹ സമ്മാനത്തിന് മുന്നില്‍ ത്രില്ലടിച്ചിരിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിയായ ജെയ്‌സണ്‍. പരിപാടി സംപ്രേഷണം ചെയ്ത ദിനം തന്നെ. ലുലുവിന്റെ മീഡിയ മാനേജര്‍ സ്വരാജില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

പിന്നീട് അത് ഇങ്ങനെയൊരു സര്‍പ്രൈസിന് വകവെക്കുമെന്നു ജെയ്‌സണ്‍ പ്രതീക്ഷിച്ചിരുന്നില്ല. മാന്യ മഹാ ജനങ്ങളെയുടെ വേദിയിലെത്തി ഈ സന്തോഷം കൂട്ടുകാരോടൊത്ത് പങ്കു വയ്ക്കാന്‍ കാത്തിരിക്കുകയാണ് ജൈസണ്‍.

കേരളത്തിലെ മികച്ച വാഗ്മികളെ തെരഞ്ഞെടുക്കുന്ന ഈ പരിപാടിയുടെ സംപ്രേഷണം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി എട്ടു മണിക്കാണ്. അവതാരകയായെത്തുന്നത് പേര്‍ളി മാണിയും.

ഇതിനോടകം തന്നെ ജനശ്രദ്ധ നേടി മുന്നേറുന്ന ഈ റിയാലിറ്റി ഷോയുടെ വിധി കര്‍ത്താക്കള്‍ ദിവ്യ ഐഎസ്, ജിഎസ്. പ്രദീപ്, കവി മുരുകന്‍ കാട്ടാക്കട, സ്വാമി സന്ദീപാനന്ദ ഗിരി, രാഹുല്‍ ഈശ്വര്‍, സഹല പ്രവീണ്‍ തുടങ്ങിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News