മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്‍: ഐവി ശശിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

പ്രശസ്ത സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

തന്റേതായ ശൈലിയില്‍ 150ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു.

ജെ.സി. ഡാനിയല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നു.

മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നല്‍കിയ സംവിധായകന്‍: മന്ത്രി ബാലന്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ ഒരുക്കുകയും ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഐവി ശശിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകര്‍ഷിക്കുന്ന ഒരുപിടി നല്ല സിനിമകള്‍ അദ്ദേഹം സൃഷ്ടിച്ചു.

മലയാള സിനിമയിലെ കലാമൂല്യവും കച്ചവട സാധ്യതയും ഒരേപോലെ ഉപയോഗപ്പെടുത്തിയ ഐവി ശശിയുടെ സിനിമകള്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടൊപ്പം ദു;ഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News