ആദ്യ യാത്ര മരണത്തെ തേടിയായിരുന്നു; എന്നാല്‍ ഏറ്റവും സന്തോഷം നിറഞ്ഞ യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല

ആദ്യ യാത്ര മരണത്തെ തേടിയായിരുന്നു, എന്നാല്‍ ജീവിതത്തിലെ സന്തോഷ യാത്രയില്‍ മരണം പ്രതീക്ഷിക്കാതെ കടന്നു വന്നു. പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സനയുടെ മരണം ഓര്‍മിപ്പിക്കുന്നത്.

വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു സന ഇഖ്ബാലിന്. തന്റെ 27ാം വയസ്സില്‍. അന്ന് ഗുജറാത്തിലേക്ക് തന്റെ ബുള്ളറ്റില്‍ യാത്ര ചെയ്ത സന ജീവിതം അവസാനിപ്പിക്കാനായിരുന്നു പോയത്. എതിരെ വരുന്ന ട്രക്കില്‍ ബുള്ളറ്റ് ഇടിപ്പിച്ച് എല്ലാം അവസാനിപ്പിക്കണം.

ആ യാത്ര സനയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. ബുള്ളറ്റിലുള്ള യാത്ര ഒരു ലഹരിയാണെന്ന് സന തിരിച്ചറിഞ്ഞു. പിന്നീടുള്ള കാലം ആത്മഹത്യക്കും വിഷാദ രോഗത്തിനുമെതിരെയായിരുന്നു സനയുടെ യാത്രകളെല്ലാം.

വിഷാദത്തിനെതിരെ ഒരു യുദ്ധംതന്നെ പ്രഖ്യാപിച്ച് രാജ്യംമുഴുവന്‍ 38,000 കിലോമീറ്ററാണ് സന തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്തത്. യാത്രയിലുടനീളം വിഷാദ രോഗത്തിനെതിരെയും ആത്മഹത്യക്കെതിരെയും ഉള്ള ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖകളും സ്‌ക്കൂളുകളിലും കോളേജുകളിലും നല്‍കി.

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൈദരാബാദിലെ റിംഗ് റോഡില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ വീട്ടിലേക്കുള്ള യാത്രയിലാണ് സനയ്ക്ക് അപകടം സംഭവിക്കുന്നത്. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് സന മരണപ്പെട്ടത്. സനയുടെ മരണം ഒറ്റപ്പെടുത്തിയത് സനയുടെ രണ്ട് വയസ്സുള്ള കുട്ടിയെ മാത്രമല്ല, ബുള്ളറ്റില്‍ രാജ്യം ചുറ്റാന്‍ തയ്യാറായി നില്‍ക്കുന്ന നിരവധി വനിതകളെയാണ്. ഇന്ത്യന്‍ ബൈക്കിംഗ് സമൂഹത്തിന് തീരാ നഷ്ടമാണ് സനയുടെ വിയോഗമെന്ന് സോഷ്യല്‍ മീഡിയ അടയാളപ്പെടുത്തുന്നതും അതുകൊണ്ടു തന്നെയാണ്.

സന, ഇന്നും നിങ്ങള്‍ സഞ്ചരിച്ച വഴികള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്, മരണം ഒന്നിനും പരിഹാരമല്ല, നീണ്ടു കിടക്കുന്ന വഴികളില്‍ സന്തോഷത്തോടെയുള്ള വലിയ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്നതിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News