ക്ഷുരകന്റെ കത്തി

പുനത്തിലിന് ഒരു നൂറു മാസ്റ്റർ പീസുകളുണ്ട്. പക്ഷേ, ഈയുളളവൻ പതയ്ക്കുന്ന നെഞ്ചുകൊണ്ട് എന്നെന്നും ഓർക്കുന്നത് ‘കക്കയത്തെ ക്ഷുരകൻ’.

1983 ആഗസ്റ്റ് 25 പുലർന്നു. ബാർബർ കണാരൻ ഏ‍ഴു മണിക്കുതന്നെ കടയിലെത്തി.

കണാരൻ, അവിടവിടെ ഓട്ടവീണ ഖദർ മുണ്ടുടുത്തവൻ. അയാൾ സബ് ഇൻസ്പെക്ടറുടെ മുടി വെട്ടാൻ വിളിക്കപ്പെടുന്നു.

അതയാൾ വിസമ്മതിക്കുകയാണ്. അന്നയാൾക്കു മുടിവെട്ടില്ല. അന്നാണല്ലോ, ആഗസ്റ്റ് 25.

അവിടെ തുടങ്ങുന്നു കഥയിലെ ഉദ്വേഗം – എന്താണ് ആഗസ്റ്റ് 25-നൊരു വിശേഷം?

വിളിച്ചത് എസ്ഐക്കു വേണ്ടിയാണ്. ആഗസ്റ്റ് 25ന്റെ തീരുമാനം മാറ്റിവയ്ക്കേണ്ടിവന്നു കണാരന്.

ക്വാർട്ടേ‍ഴ്സിനു മുന്നിൽ മുറ്റത്ത് തേന്മാവിൻ ചുവട്ടിലിട്ട കസേരയിലിരിക്കുന്ന എസ്ഐയുടെ മുടി വെട്ടാനൊരുങ്ങുമ്പോൾ കണാരൻ കുന്നിൻ മുകളിലെ ബംഗ്ലാവിലേയ്ക്കു നോക്കി.

“നശിച്ച ദിവസം!”

“എന്തുപറ്റി, സാർ.”

“ഇന്ന് ആഗസ്റ്റ് 25 അല്ലേ?”

“അതേ.”

കണാരന്റെ ഉള്ളിലും എന്തോ പിടഞ്ഞു. അയാളുടെ കത്രിക നിശ്ശബ്ദമായി.

എസ്ഐ കസേര ക്വാർട്ടേ‍ഴ്സിനു പിന്നിലെ മുറ്റത്തേയ്ക്കു മാറ്റിച്ചു. ഏമാന് ആ ബംഗ്ലാവു കാണേണ്ട.

“ആ ചെക്കൻ മരിച്ച ദിവസമാണിന്ന്. ഞാനുമുണ്ടായിരുന്നു ആ ഓപ്പറേഷനിൽ. അതിനുശേഷം ആ ബംഗ്ലാവിന്റെ കാ‍ഴ്ചപ്പാടിൽ ഞാനിരിക്കാറില്ല.”

“നിങ്ങളറിയില്ലേ, വലിയ ഒച്ചപ്പാടുണ്ടാക്കിയ ആ മരണം? എന്തായാലും ചെക്കൻ ഉശിരനായിരുന്നു. അവസാനശ്വാസം വലിക്കുന്നതുവരെ അവൻ രഹസ്യം പറഞ്ഞില്ല. ഈ സംസ്ഥാനത്തെ പോലീസ് മേധാവിയടക്കം അവന്റെ മുന്നിൽ മുട്ടുകുത്തി.”

“കഷ്ടം! അവന്റെ ദേഹത്തിലുള്ള ഓരോ സന്ധിയിലും എന്റെ ഇടിയുടെ പാടുണ്ടായിരുന്നു. ഞാനന്നു തിരുവനന്തപുരത്തായിരുന്നു. എന്നെ സ്പെഷലായി വിളിപ്പിച്ചതാണ്.”

“ഇത്ര സ്ഥൈര്യമുള്ള ഒരു ചെറുപ്പക്കാരൻ നല്ല വ‍ഴിക്കായിരുന്നെങ്കിൽ…”

“നല്ല വ‍ഴിക്കായിരുന്നെങ്കിൽ…?” കണാരൻ തിരക്കി.

“അവന്റെ അച്ഛനമ്മമാർക്ക് എത്ര ഉപകാരപ്പെടുമായിരുന്നു.”

കണാരന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്റെ മകൻ മരിച്ചതു നാടിനു വേണ്ടിയാണ്. വിപ്ലവകാരി അച്ഛനമ്മമാരുടെ സ്വകാര്യസ്വത്തല്ല. സമൂഹത്തിന്റെ പൊതുസ്വത്താണ്.

കണാരൻ എസ്ഐയുടെ മുടി വെട്ടിത്തീർന്നിരുന്നു.

ആ കസേരയിലേയ്ക്ക് പത്തുപതിനൊന്നു വയസ്സുള്ള ഒരാൺകുട്ടിയെ എസ്ഐ വിളിച്ചിരുത്തി.

“മോനും മോളുമായി ഇവനേ എനിക്കുള്ളൂ. കൊടൈക്കനാലിൽ പഠിക്കുകയാണ്. ഞാൻ പോലീസു മൂത്ത് ഇൻസ്പെക്ടറായതാണ്. ഇവനെ ഞാൻ ഐപിഎസാക്കും.”

സ്പെയിനിലെ പോർക്കാളയെപ്പോലെ കണാരൻ പെട്ടെന്ന് കുട്ടിയുടെ മേൽ ചാടിവീണു. സ്തബ്ധനായിപ്പോയ സബ് ഇൻസ്പെക്ടർ നോക്കിനില്ക്കേ, കണാരൻ കത്തി കുട്ടിയുടെ ക‍ഴുത്തിലിറക്കുമ്പോൾ പുനത്തിൽ കഥ പറഞ്ഞുനിർത്തുകയായിരുന്നു.

ഇത് എന്റെ തലമുറയെ പിടിച്ചു കുലുക്കിയ കഥ. കണ്ണീരും ചോരയും നിറച്ച പേന ചരിത്രത്തിലും രാഷ്ട്രീയത്തിലും മുക്കി തീ നിബ്ബുകൊണ്ട് എ‍ഴുതിയ കഥ.

ജീവിച്ചിരിക്കേ ഐതിഹ്യമായ എ‍ഴുത്തുകാരനാണ് പുനത്തിൽ. അദ്ദേഹം എ‍ഴുതിയതും എ‍ഴുതാതിരുന്നതും കാര്യംപറഞ്ഞതും കളിപറഞ്ഞതും മോഹിച്ചതും രസിച്ചതുമൊക്കെ അദ്ദേഹത്തിനു ചുറ്റും വിചിത്രകഥകളായിപ്പരന്നു. ആ മനുഷ്യൻ മറ്റൊരു വിസ്മയകഥയായി.

പുനത്തിൽ മരിച്ചു മലയ്ക്കു മുകളിൽ നില്ക്കുമ്പോൾ, ആ ബദൽജീവിതകാരനെക്കുറിച്ചുള്ള നമ്മുടെ ഓർമ്മകളൊക്കെ വേദനയുടെ കുരിശുകളുമായി സംസ്കാരിത്തിന്റെ മാമല കയറുമ്പോൾ, സ്മാരകശിലകളും മരുന്നും നമുക്കുള്ള സ്മാരകശിലകളും മരുന്നുമായി നിത്യജീവനേല്ക്കുമ്പോൾ, ഈയുള്ളവൻ പറയും, പുനത്തിൽ കുഞ്ഞബ്ദുള്ള കക്കയത്തെ ക്ഷുരകന്റെ കഥാകാരൻ.

കുഞ്ഞിക്കാ, “എന്റെ മകനെ നിങ്ങളെന്തിനാണ് മ‍ഴയത്തു നിർത്തിയിരിക്കുന്നത്?” എന്നു ചോദിച്ച് പുത്രശോകംകൊണ്ടു മരിച്ചു തീരുന്ന, അവിടവിടെ ഓട്ട വീണ ഖദർ മുണ്ടുടുത്ത, പിതാക്കന്മാരുടെ കൈയിലേയ്ക്ക് നിങ്ങൾ എടുത്തുകൊടുത്ത ആ ക്ഷുരകന്റെ കത്തിയുണ്ടല്ലോ, എനിക്കു നിങ്ങൾ അതാണ് – ആ പ്രതീകം.

ഇന്ന് ആ സ്മാരകശിലയിൽ ഈയുള്ളവൻ എ‍ഴുതിവയ്ക്കട്ടെ:

“മലയാള കഥയിലെ ക്ഷുരകന്റെ കത്തി”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News