അച്ഛനെ മനസില്‍ കൈതൊഴുത് കൈനിറയേ വേഷങ്ങളിലേക്ക്; വരാനിരിക്കുന്നത് സുധീര്‍ കരമനയുടെ അഭിനയ വര്‍ഷം

സത്യജിത് റായിയുടെ സ്വന്തം നടനാണ് സൗമിത്ര ചാറ്റര്‍ജിയെന്ന് പറയുന്നത് പോലെയായിരുന്നു അടൂരിന് കരമന ജനാര്‍ദ്ദനന്‍ നായര്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ മാറ്റിയെഴുതിയ മലയാളത്തിന്റെ സമാന്തര തിരശ്ശീലയുടെ ശക്തി കരമന എന്ന നടനായിരുന്നു.

അടൂരിന്റെ നാടകങ്ങിലുടെ സിനിമയിലേക്കും കയറിവന്ന കരമന ആദ്യന്തം ഒരു അടൂര്‍ നടനായിരുന്നു. എലിപ്പത്തായം ഇന്നും കാണുന്നവര്‍ക്ക് മുന്നില്‍ സൂക്ഷ്മാഭിനയത്തിന്റെ അത്ഭുതകരമായ പാഠപുസ്തകമാണ് കരമന. ഫ്യൂഡല്‍ കാലത്തിന്റെ ജീര്‍ണ്ണശേഷിപ്പുകളുമായി എലിപ്പത്തായത്തിലെ ഉണ്ണിക്കുഞ്ഞിനോളം പോന്ന നിഷ്‌ക്രിയതയുടെ ഒരു ആള്‍രൂപവും മലയാളി അതിന് മുമ്പോ പിമ്പോ കണ്ടിട്ടില്ല. നാം എപ്പോഴും നമ്മുടെ ഉള്ളില്‍പ്പേറുന്ന ഉണ്ണിക്കുഞ്ഞുമാരെ ഏതുകാലത്തും കാണാനാവുന്ന ക്ലാസിക്ക് മാനമുള്ള ഒരു കഥാപാത്രമാണത്.

1981ല്‍ പുറത്തിറങ്ങിയ ആ ചിത്രം അച്ഛനും അടൂരിനുമൊപ്പം തീയറ്ററില്‍ കാണുമ്പോള്‍ ഉറക്കേ പൊട്ടി ചിരിച്ചതും അടൂര്‍ സാര്‍ കൈ മുറുക്കേ പ്പിടിച്ചതുമാണ് അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍ കരമനയുടെ മനസ്സിലേക്ക് വരുന്നത്. ‘രാജമ്മേ ഓടിവരണേ’ എന്ന അച്ഛന്റെ ആ വിളിയാണ് നിലകിട്ടാതെ ചിരിപ്പിച്ചത്.

ഒരാള്‍ ഒന്നും ചെയ്യാതിരിക്കുന്നത് ചെയ്യുന്നത് പോലെ പ്രയാസകരമായ ഒരു അഭിനയവുമില്ല. ഉള്‍വലിഞ്ഞ് അഭിനയിക്കുക, മിതത്വത്തിലും നിര്‍മ്മമമതയിലും മമതയുണ്ടാകുക, ഭാഷയിലേതിനേക്കാള്‍ ഭാവം കൊണ്ട് സംസാരിക്കുക എല്ലാം പഠിച്ചത് അച്ഛനില്‍ നിന്നാണ്. അതുകൊണ്ട് അച്ഛനാണ് അഭിനയത്തിലും ജീവിതത്തിലും തന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പറഞ്ഞാണ് സുധീര്‍ കരമന തുടങ്ങിയത്.

കരമന, ഗോപി, തിലകന്‍, മുരളി തുടങ്ങിയ വലിയ നിര നടന്മാരുടെ അസാന്നിധ്യം മലയാള സിനിമയെ ഇന്ന് വീര്‍പ്പുമുട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അവിടെയാണ് ആ പാരമ്പര്യത്തിന്റെ കരുത്ത് നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങളുമായി നമ്മള്‍ സുധീര്‍ കരമനയെ കാണുന്നത്. വലിയ നടന്മാരുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് ജീവിതത്തിന്റെ നിറവുള്ള കഥാപാത്രങ്ങള്‍ ഈ നടനിലൂടെ കയറി വരികയാണ്.

ചെറുതോ വലുതോ എന്നല്ല കഥാപാത്രങ്ങളുടെ മാറ്റാണ് എപ്പോഴും സുധീറിന്റെ പരിഗണനാവിഷയം. ഇപ്പോള്‍ പുതിയ നാല് ചിത്രങ്ങളില്‍ നായക വേഷങ്ങളിലൂടെ സിനിമാഅഭിനയത്തിന്റെ വേറൊരു നാഴികക്കല്ലിലേക്ക് കടക്കുമ്പോഴും ആ നായകത്വത്തിന്റെ താരാഹ്ലാദങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിന്റെ ഉറപ്പുള്ള കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും തേടിയെത്തുന്നതിന്റെ ആനന്ദം മാത്രമാണ് നമ്മള്‍ ഈ നടന്റെ മുഖത്ത് കാണുക. ഒരു പൂര്‍ണ്ണ നടന്മാരില്‍ മാത്രം കാണാനാവുന്ന ആ വൈശിഷ്ട്യത്തിന്റെ മറുപേരാണ് സുധീര്‍ കരമന.

പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പൃഥീരാജ് ചിത്രം ‘വിമാനം’ എന്ന സിനിമയില്‍ ഒരു സുപ്രധാന വേഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുധീര്‍. ഉല്‍പ്പല്‍ വി നായനാര്‍ സംവിധാനം ചെയുന്ന റിലീസിനൊരുങ്ങി നില്‍ക്കുന്ന ‘നിലാവറിയാതെ’യിലും സുധിറിന്റേത് പ്രധാന കഥാപാത്രമാണ്. മധു കൈതപ്രത്തിന്റെ സഹസംവിധായകനായിരുന്ന ജില്‍ജിത്ത് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാം മണിക്കൂര്‍’ എന്ന സിനിമയില്‍ സുധീറിനാണ് മുഖ്യവേഷം.

സുധീറിന് വലിയ പ്രതീക്ഷയുള്ള ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് മാധ്യമപ്രവര്‍ത്തകരായ നൗഷാദും സുരേഷുമാണ്. മാധ്യമപ്രവര്‍ത്തകനായ മുരളീ മോഹന്‍ സംവിധാനം ചെയ്യുന്ന മീനാക്ഷിയിലും സുധീറിനാണ് നായകവേഷം. രാജലക്ഷ്മിയുടെ പ്രശസ്ത ചെറുകഥയ്ക്ക് മുരളി തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘എന്നും’ എന്ന ചിത്രത്തിലും സിദ്ദിഖ് താമരശ്ശേരി സംവിധാനം ചെയ്യുന്ന ‘സഖാവിന്റെ പ്രിയസഖി’യിലും സുധീര്‍ നായകവേഷത്തിലെത്തുന്നു. വിനു ജോസഫിന്റെ റോസാപ്പൂവ്, ജിജു അശോകന്റെ പ്രേമസൂത്രം, രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്നീ ചിത്രങ്ങളിലും സുധീര്‍ അഭിനയിക്കുന്നുണ്ട്.

സമീപകാലത്ത് ഒരു വലിയ നിര ചിത്രങ്ങളില്‍ ഒരേസമയം മുഖ്യവേഷങ്ങളില്‍ എത്തുന്ന നടനാവുകയാണ് അങ്ങനെ സുധീര്‍ കരമന. മലയാളസിനിമ മാറ്റത്തിന്റെ മറ്റൊരു അരങ്ങിലെത്തി നില്‍ക്കുമ്പോള്‍ ഈ മഞ്ഞുകാലം സുധീറിന്റെ അഭിനയജീവിതത്തില്‍ നിര്‍ണ്ണായകമാവുകയാണ്.


കരമനയില്‍ നിന്ന് കരമനയിലേക്കെത്തുമ്പോള്‍ മലയാള സിനിമയുടെ ഒരു കാലം പൂര്‍ണ്ണമാവുകയാണ്. പുതിയൊരു അഭിനയ കാലഘട്ടം പിറക്കുകയുമാണ് മകന്‍ കരമനയിലൂടെ. തലസ്ഥാനത്തിന്റെ നാടക അരങ്ങിലൂടെയും ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രസ്ഥാനത്തിലൂടെയുമാണ് കരമന ജനാര്‍ദ്ധനന്‍നായര്‍ എന്ന നടന്റെ പൊതുജീവിതപ്രവേശം. മകന്‍ കരമന നടന്നു വന്നതും മറ്റൊരു വ!ഴികളിലൂടെയല്ല. യൂനിവേ!ഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും ഒപ്പം തന്നെ കാമ്പസ് നാടക അരങ്ങുകളുമാണ് സുധീര്‍കരമനയുടെയും അഭിനയജീവിതത്തിന്റെ അടിവേര്.

അച്ഛനൊപ്പം എലിപ്പത്തായത്തിന്റെയും മതിലുകളുടെയും കെജി ജോര്‍ജിന്റെ മറ്റൊരാളിന്റയും സെറ്റില്‍പ്പൊയാണ് സിനിമാ ചിത്രീകരണം എന്താണെന്ന് അറിയുന്നത്. ‘മറ്റൊരാള്‍’ എന്ന ചിത്രത്തിന്റെ ക്യാമറയ്ക്കു പിന്നില്‍ ജോര്‍ജ് അങ്കിള്‍ എന്നെയും നിര്‍ത്തി. പ്രത്യേകിച്ച് ചുമതലകളൊന്നുമുണ്ടായിരുന്നില്ല. എല്ലാം കണ്ടറിയാന്‍ ലഭിച്ച അവസരമായിരുന്നു അത്. ആ അനുഭവമാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്നെ ഏറെ ആകര്‍ഷിപ്പിച്ചു. മമ്മുക്കയുടെ അഭിനയമൊക്കെ അടുത്തുനിന്നു കാണാന്‍ ചെറുപ്പത്തിലേ കഴിഞ്ഞു. അതൊക്കെയാണ് അഭിനയത്തിന്റെ കളരി.

പക്ഷേ ഒരിക്കല്‍പ്പോലും അച്ഛന്‍ എന്നെ സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രമങ്ങ!ളൊന്നും നടത്തിയില്ല. നടന്‍ സ്വാഭാവികമായി ഉണ്ടാവേണ്ടതാണെന്നാണ് അച്ഛന്റെ തീരുമാനം. കോളേജ് കലോത്സവത്തിലെ മികച്ച നടനുള്ള അവാര്‍ഡ് അച്ഛനില്‍നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ഇ കെ നായനാര്‍ സമ്മാനം തന്നതൊന്നും മറക്കാനാവില്ല. അച്ഛനെപ്പോലെ തന്നെ ഒരു നിയോഗംപോലുള്ള അമച്വര്‍ നാടകവേദികളിലും സജീവമാവുകയായിരുന്നു. പഠനകാലത്തെ എസ്എഫ്‌ഐ പ്രവര്‍ത്തനവും എന്നിലെ കലാകാരനെ ഉണര്‍ത്തി” സുധീര്‍ പറയുന്നു.

കരമനയുടെ മകന്‍ എന്നത് അഭിനയത്തിലും ജീവിതത്തിലും വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. അച്ഛനോടുള്ള ആരാധനയും ബഹുമാനവുമാണ് എനിക്കും ലഭിക്കുന്നത്. അച്ഛന്റെ പേര് കൊണ്ട് അവസരം നേടാന്‍ എവിടെയും ശ്രമിച്ചിച്ചിട്ടില്ല. അച്ഛനെ അനുസ്മരിപ്പിക്കുന്നുണ്ട് എന്റേയും അഭിനയമെന്ന് ചിലര്‍ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്’. രണ്ട് പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് നിയമാനുസൃതം താല്‍ക്കാലികമായി അവധി വാങ്ങിയാണ് സുധീര്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമായിരിക്കുന്നത്. അച്ഛനാണ് കലാപ്രവര്‍ത്തനവും ജോലിയും ഒരുമിച്ച് കൊണ്ടു പോകാനും മാതൃകയെന്ന് സുധീര്‍ പറയുന്നു.

2004ല്‍ ഭരത് ഗോപി സംവിധാനംചെയ്ത ‘മറവിയുടെ മണം’ എന്ന ടെലിഫിലിമിലൂടെയാണ് സുധീര്‍ നടനായി ക്യാമറയ്ക്കു മുന്നിലെത്തിയത്. വാസ്തവം, രാത്രിമഴ, സപ്തമശ്രീ തസ്‌കരഃ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വര്‍ഷം, മങ്കിപെന്‍, ആമേന്‍, സിറ്റി ഓഫ് ഗോഡ്, ഒഴിമുറി, പിക്കറ്റ് 43, ആള്‍രൂപങ്ങള്‍, മഴയും വെയിലും, നിര്‍ണായകം, സര്‍ സിപി, എന്നു നിന്റെ മൊയ്തീന്‍, ലൈഫ് ഓഫ് ജോസൂട്ടി, ലോര്‍ഡ് ലിവിംഗ്‌സറ്റണ്‍ ഏ!ഴായിരം കണ്ടി തുടങ്ങി 128 ഓളം ചിത്രങ്ങളില്‍ സുധീര്‍ ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു.

കള്ളനായും പോലീസായും ചെത്തുകാരനായും ജഡ്ജിയായും ആനപ്പാപ്പനായും ലോറിഡ്രൈവറായും മലവേടനായുമെല്ലാം തീര്‍ത്തും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു വേഷങ്ങളെല്ലാം. നാല് ചിത്രങ്ങളിലൂടെ ഇപ്പോള്‍ നായകവേഷത്തിലൂടെയും കടന്ന് വരുമ്പോള്‍ നാലും നാല് ജീവിതങ്ങളുടെ കനപ്പെട്ട ആവിഷ്‌ക്കാരമാണെന്നതാണ് നടനെ ആഹ്ലാദിപ്പിക്കുന്നത്, ഒപ്പം പ്രേക്ഷകരേയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News