പതിനാറ് ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ഉപേക്ഷിച്ച സംഘത്തിലെ മൂന്ന് വിദേശികള്‍ പിടിയില്‍; സംഘത്തിന് മലയാളി ബന്ധവും

തൃശൂര്‍: തൃശൂരിലെ ഹോട്ടലില്‍ പതിനാറ് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഉപേക്ഷിച്ചു മടങ്ങിയ സംഘത്തില്‍പ്പെട്ട മൂന്ന് വിദേശികള്‍ ബംഗളൂരുവില്‍ പിടിയിലായി.

ബംഗളൂരുവില്‍ നടത്തിയ തിരച്ചിലിലാണ് കാമറൂണ്‍ സ്വദേശികളായ രണ്ട് പേരും സൗത്ത് ആഫ്രിക്ക സ്വദേശിയായ ഒരാളും തൃശൂര്‍ ഷാഡോ പൊലീസിന്റെ വലയിലായത്. ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായാണ് സംഘം പിടിയിലായത്.

ഒക്ടോര്‍ പതിനാറിന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ പതിനാറ് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. കള്ളനോട്ട് കൈമാറാനെത്തിയ സംഘം ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോള്‍ പോലീസ് വലയത്തിലാകുമെന്ന് ഭയന്ന് നോട്ട് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.

ഒരു മലയാളിയും രണ്ട് വിദേശികളുമാണ് മുറിയെടുക്കാന്‍ എത്തിയതെന്ന് സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കേസില്‍ മതിലകം സ്വദേശി അശോകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഷാഡോ പോലീസ് ബംഗലൂരുവില്‍ നിന്ന് മൂന്ന് വിദേശികളെ പിടികൂടിയത്.

ആറ് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയുടെ കള്ളനോട്ടുകളും നോട്ട് നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെത്തി.

നോട്ടിരട്ടിപ്പ് വാഗ്ദാനം ചെയ്ത് നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് വിതരണത്തിന് എത്തിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. യഥാര്‍ത്ഥ കറന്‍സികള്‍ നല്‍കിയാല്‍ ഇരട്ടി തുകയ്ക്ക് കള്ളനോട്ടുകള്‍ നല്‍കുകയായിരുന്നു ഇവരുടെ രീതി.

മസ്‌കറ്റിലെ ജയിലില്‍ വച്ചാണ് വിദേശികളായ പ്രതികള്‍ സംഘത്തിലെ മലയാളികളെ പരിചയപ്പെട്ടത്. രണ്ട് കാമറൂണ്‍ സ്വദേശികളും സൗത്ത് ആഫ്രിക്കക്കാരായ രണ്ട് പേരും ചേര്‍ന്നാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ചും ഇവര്‍ എത്ര പണം വിതരണം ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here