വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധം

കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അവയെ എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് വോട്ടവകാശം ഉള്ള രാജ്യമാണ് നമ്മുടേത്. 18 വയസ് കഴിഞ്ഞവര്‍ സംഘടിക്കാന്‍ അവകാശമില്ലാത്തവരാണ് എന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്ത ഒന്നാണ്.

ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങള്‍ക്കും മുന്നോട്ടുവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തില്‍ത്തന്നെ സ്വായത്തമാക്കാനുതകുന്ന സംവിധാനമുണ്ടാകണം. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ സാധ്യത വികസിപ്പിക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്.

ജനാധിപത്യം നിലനില്‍ക്കാന്‍ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കഴിയണം. രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാ ജനങ്ങളുടേതുമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവും സംരക്ഷണം നല്‍കലും ഏറ്റവും പ്രധാനമാണ്. ഫെഡറലിസത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാറുകളായി വികസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനിവാര്യമാണ്.

ഇതില്‍നിന്ന് വ്യത്യസ്തമായ ഘടനയുണ്ടാകുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ണമായി നിഷ്പക്ഷമാവേണ്ടതുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുറപ്പിക്കാനാവും വിധം നിഷ്പക്ഷമായ നിലപാടുകള്‍ തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News